Sub Lead

ലിന്‍വുഡിലെ മസ്ജിദില്‍ നിന്ന് കൊലയാളിയെ തുരത്തിയത് അബ്ദുല്‍ അസീസിന്റെ ധീരത

തുരുതുരാ വെടിയുതിര്‍ത്ത് പള്ളിയിലേക്ക് കയറിയ ഭീകരനെ സ്വജീവന്‍ പണയംവച്ച് നേരിടുകയായിരുന്നു അബ്ദുല്‍ അസീസ്. അല്‍നൂര്‍ മസ്ജിദില്‍ 40 പേരെ നിഷ്‌കരുണം കൊന്നുതള്ളിയ ശേഷമാണ് ബ്രന്റണ്‍ ടാറന്റ് എന്ന വെളുത്ത വംശീയവാദി ലിന്‍വുഡിലെ മസ്ജിദിലെത്തിയത്.

ലിന്‍വുഡിലെ മസ്ജിദില്‍ നിന്ന് കൊലയാളിയെ തുരത്തിയത് അബ്ദുല്‍ അസീസിന്റെ ധീരത
X

ക്രൈസ്റ്റ് ചര്‍ച്ച്: അഫ്ഗാന്‍ സ്വദേശി അബ്ദുല്‍ അസീസാണ് ഇപ്പോള്‍ ന്യൂസിലന്റിലെ ഹീറോ. ലോകത്തെ നടുക്കിയ കൂട്ടക്കൊലയ്ക്കിടെ ലിന്‍വുഡ് മസ്ജിദിലെ നിരവധി വിശ്വാസികളെ രക്ഷിച്ചത് 48 വയസുള്ള ഈ കാബൂളുകാരന്റെ ധീരത.

തുരുതുരാ വെടിയുതിര്‍ത്ത് പള്ളിയിലേക്ക് കയറിയ ഭീകരനെ സ്വജീവന്‍ പണയംവച്ച് നേരിടുകയായിരുന്നു അബ്ദുല്‍ അസീസ്. അല്‍നൂര്‍ മസ്ജിദില്‍ 40 പേരെ നിഷ്‌കരുണം കൊന്നുതള്ളിയ ശേഷമാണ് ബ്രന്റണ്‍ ടാറന്റ് എന്ന വെളുത്ത വംശീയവാദി ലിന്‍വുഡിലെ മസ്ജിദിലെത്തിയത്. ഏതാനും പേരെ കൊലപ്പെടുത്തിപ്പോഴേക്കും കൊലയാളിയെ വെല്ലുവിളിച്ച് ഉച്ചത്തില്‍ അലറി അബ്ദുല്‍ അസീസ് പുറത്തേക്കു ചാടുകയായിരുന്നു. ഇതോടെ ശ്രദ്ധ തിരിഞ്ഞ ടാറന്റ് അബ്ദുല്‍ അസീസിന് നേരെ തിരിഞ്ഞു. അസീസിന്റെ ചെറുത്തുനില്‍പ് മൂലം പ്രധാന ഹാളിലേക്ക് കടക്കാനാവാതെ പിന്തിരിഞ്ഞ ആക്രമി ഒടുവില്‍ കാറില്‍കയറി രക്ഷപ്പെടുകയായിരുന്നു.

അസീസിന്റെ ഇടപെടലില്ലായിരുന്നുവെങ്കില്‍ ലിന്‍വുഡ് മസ്ജിദിലെ മരണസംഖ്യ ഏറെ ഉയരുമായിരുന്നുവെന്ന് ജുമുഅക്ക് നേതൃത്വം നല്‍കിയ ആക്ടിങ് ഇമാം ലത്തീഫ് അലാബി പറയുന്നു. താന്‍ പ്രഭാഷണം നിര്‍വഹിച്ചുകൊണ്ടിരിക്കെ 1.55 ഓടെയാണ് പുറത്തുനിന്ന് വെടിയൊച്ച കേട്ടതെന്ന് ഇമാം പറഞ്ഞു.

'ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ സൈനികവേഷത്തില്‍ ഒരാള്‍ വെടിയുതിര്‍ക്കുന്നതാണ് കണ്ടത്. പൊലിസ് ഓഫിസറാണെന്നാണ് ആദ്യം കരുതിയതെങ്കിലും അസഭ്യംപറഞ്ഞുകൊണ്ട് വീണ്ടും വെടിവച്ചപ്പോഴാണ് അപകടം മനസ്സിലായത്. ഇതോടെ പള്ളിയിലുണ്ടായിരുന്ന 80ഓളം പേരോട് നിലത്തുകിടക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ഒരു മൃതദേഹം പ്രധാനഹാളിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്ത് അകത്തേക്ക് പതിച്ചു. ഇതോടെ എല്ലാവരും ചകിതരായി. ഈ ഘട്ടത്തിലാണ് അബ്ദുല്‍ അസീസ് പുറത്തേക്ക് കുതിച്ചത്. അയാളുടെ ഇടപെടലാണ് അക്രമിയെ പിന്തിരിപ്പിച്ചത്. അക്രമിക്ക് പള്ളിയിലേക്ക് കയറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഞങ്ങളെല്ലാം മരിച്ചേനെ'

പുറത്തേക്ക് കുതിച്ച അസീസ് ആദ്യം കൈയില്‍കിട്ടിയ ക്രെഡിറ്റ് കാര്‍ഡ് മെഷീന്‍ പൊക്കി ആക്രമിയുടെ നേരെ എറിഞ്ഞു. ഇതോടെ തോക്ക് താഴെപ്പോയ ആക്രമി കാറില്‍നിന്ന് മറ്റൊരു തോക്കുമായി തിരിച്ചെത്തി അസീസിനുനേരെ തുരുതുരാ വെടിയുതിര്‍ത്തു. മറ്റു കാറുകള്‍ക്ക് പിന്നില്‍ മറഞ്ഞുനിന്ന് ഇതില്‍നിന്ന് രക്ഷപ്പെട്ട അസീസ് അതിനിടെ നേരത്തേ അക്രമിയുടെ കൈയില്‍നിന്ന് വീണ തോക്ക് കൈക്കലാക്കി വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ ഉണ്ടയില്ലായിരുന്നു. ഇതിനിടെ വീണ്ടും കാറിനടുത്തേക്ക് പോയ ആക്രമിയുടെ പിന്നാലെ ചെന്ന അസീസ് തോക്കുകൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു. ഇതോടെ ആക്രമി കാറില്‍ കയറി ഓടിച്ചുപോവുകയായിരുന്നു. കൊലയാളി എത്തുമ്പോള്‍ അസീസിനൊപ്പം നാലു മക്കളും പള്ളിയിലുണ്ടായിരുന്നു. അസീസ് ആക്രമിയെ നേരിടാന്‍ കുതിക്കുമ്പോള്‍ 11ഉം അഞ്ചും വയസ്സുള്ള മക്കള്‍ തിരിച്ചുവരാന്‍ അലറിവിളിക്കുന്നുണ്ടായിരുന്നു. അതൊന്നും കണക്കിലെടുക്കാതെയായിരുന്നു അസീസിന്റെ സാഹസികത.

പുറത്തേക്ക് വാഹനമോടിച്ചു പോയ കൊലയാളിയെ തടഞ്ഞ് കീഴടിക്കിയത് പോലിസായിരുന്നു. രണ്ട് പോലിസുകാരാണ് ഉണ്ടായിരുന്നത്. അവരുടെ ധീരതയും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കുന്നതില്‍ സഹായിച്ചു. കൂടുതല്‍ പള്ളികളില്‍ അക്രമം നടത്താന്‍ ബ്രന്റന്‍ ടാറന്റിന് പദ്ധതിയുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

25 വര്‍ഷം മുമ്പ് ബാലനായിരിക്കെ അഫ്ഗാന്‍ വിട്ട അസീസ് ആസ്‌ത്രേലിയയിലായിരുന്നു. രണ്ടു വര്‍ഷമായി ന്യൂസിലന്റിനെത്തിയിട്ട്.

Next Story

RELATED STORIES

Share it