Big stories

'സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയി'; ഗുജറാത്തില്‍ ബിജെപിക്കെതിരേ ആരോപണവുമായി എഎപി

സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയി; ഗുജറാത്തില്‍ ബിജെപിക്കെതിരേ ആരോപണവുമായി എഎപി
X

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ സ്ഥാനാര്‍ഥിയെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. സൂറത്ത് ഈസ്റ്റ് മണ്ഡലത്തിലെ കാഞ്ചന്‍ ജരിവാലയെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എഎപി രംഗത്തുവന്നിരിക്കുന്നത്. ജരിവാലയുടെ നാമനിര്‍ദേശ പത്രിക തള്ളാന്‍ ശ്രമിച്ചെന്നും ഈ നീക്കം പരാജയപ്പെട്ടപ്പോള്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബിജെപി ഗുണ്ടകള്‍ ഭീഷണി മുഴക്കിയെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് രാജീവ് ഛദ്ദ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബിജെപി ജരിവാലയെ തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയോടെയാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെ കാണാതായത്. ബിജെപിയുടെ പ്രാദേശിക ഗുണ്ടകളാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ആദ്യം സമ്മര്‍ദം ചെലുത്തിയത്.

അത് നിഷേധിച്ചപ്പോള്‍ ബലം പ്രയോഗിച്ച് റിട്ടേണിങ് ഓഫിസറുടെ ഓഫിസിലേക്ക് കൊണ്ടുപോയി. ജരിവാലയുടെ എല്ലാ രേഖകളും ശരിയാണെന്ന് കണ്ടെത്തിയപ്പോള്‍ ബിജെപി ഗുണ്ടകള്‍ അദ്ദേഹത്തെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതല്‍ കാഞ്ചന്‍ ജരിവാലയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ മാനസികമായും ശാരീരികമായും വൈകാരികമായും അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തുകയാണ്.

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഏറ്റവും വലിയ ഉല്‍സവമായ തിരഞ്ഞെടുപ്പ് ആഘോഷിക്കാനൊരുങ്ങുമ്പോള്‍, ബിജെപി ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്‌രിവാളിനെയും ഭയന്ന് നമ്മുടെ സൂറത്ത് ഈസ്റ്റ് സ്ഥാനാര്‍ഥിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. ഇത് ജംഗിള്‍ രാജ് അല്ലെങ്കില്‍ പിന്നെ എന്താണ് ? സംഭവത്തില്‍ നടപടിയെടുക്കാന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനുമായും പോലിസുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഛദ്ദ കൂട്ടിച്ചേര്‍ത്തു. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുധന്‍ ഗാധ്‌വിയും സമാനമായ ആരോപണമുന്നയിച്ചു. ജരിവാലയെ ആരോ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി ട്വീറ്റ് ചെയ്ത പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍, അദ്ദേഹത്തിന്റെ കുടുംബത്തെയും കാണാനില്ലെന്ന് അറിയിച്ചു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കാഞ്ചന്‍ ജരിവാലയെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്തുവന്നു. ചൊവ്വാഴ്ചയാണ് റിട്ടേണിങ് ഓഫിസറുടെ ഓഫിസില്‍ അദ്ദേഹത്തെ അവസാനമായി കണ്ടത്.

ഗുജറാത്തില്‍ നിന്നുള്ള തങ്ങളുടെ സ്ഥാനാര്‍ഥി കാഞ്ചന്‍ ജരിവാലയെ ബിജെപി തട്ടിക്കൊണ്ടുപോയി. ഇന്നലെ ആര്‍ഒ ഓഫിസില്‍ വച്ചാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക തള്ളാന്‍ അവര്‍ ശ്രമിച്ചു. പിന്നീട് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി- എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ അസത്യമാണെന്നും തിരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കാണുന്ന ആപ്പ് ബാലിശമായ പരാതികള്‍ ഉന്നയിക്കുകയാണെന്നും ബിജെപി പ്രതികരിച്ചു. ഗുജറാത്തില്‍ ഡിസംബര്‍ 1, 5 തിയ്യതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 8 ന് വോട്ടെണ്ണല്‍ നടക്കും.

Next Story

RELATED STORIES

Share it