Sub Lead

എ പി അബ്ദുല്‍ വഹാബിനെ ഐഎന്‍എല്ലില്‍ നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കി

എ പി അബ്ദുല്‍ വഹാബിനെ ഐഎന്‍എല്ലില്‍ നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കി
X

കോഴിക്കോട്:ഐഎന്‍എല്‍ മുന്‍ സംസ്ഥാന പ്രസിഡന്റും അഡ്‌ഹോക് കമ്മിറ്റി അംഗം പ്രഫ.എ പി അബ്ദുല്‍ വഹാബിനെയും സി പി നാസര്‍ കോയാ തങ്ങളെയും ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇന്ന് ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ സമിതി യോഗത്തിലാണ് നടപടി. വൈകീട്ട് 4ന് ഓണ്‍ലൈനിലാണ് ഐഎന്‍എല്‍ ദേശീയ സമിതിയുടെ അടിയന്തരയോഗം ചേര്‍ന്നത്. ഗുരുതരമായ അച്ചടക്കലംഘനം നടത്തുകയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അഡ്‌ഹോക് കമ്മിറ്റി അംഗം പ്രഫ. എ പി അബ്ദുല്‍ വഹാബിനെയും സി പി നാസര്‍ കോയ തങ്ങളെയും ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതെന്ന് ഐഎന്‍എല്‍ സംസ്ഥാന അഡ്‌ഹോക് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഫെബ്രുവരി 13ന് ചേര്‍ന്ന ദേശീയ സമിതി യോഗം 10 മാസം മുമ്പ് കാലാവധി തീര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയും കൗണ്‍സിലും പിരിച്ചുവിട്ട് വഹാബടക്കം ഏഴുപേര്‍ അടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ആ തീരുമാനം തള്ളിക്കളയുകയും സമാന്തരപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്ത പശ്ചാത്തലത്തില്‍ ദേശീയ നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഇരുവരും മറുപടി നല്‍കിയിരുന്നില്ല.

ദേശീയ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ പേരോ, പതാകയോ മറ്റു ചിഹ്‌നങ്ങളോ ഉപയോഗിക്കുന്നതില്‍നിന്നും ഇവരെ ദേശീയ നേതൃത്വം വിലക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ പേരില്‍ പൊതു ഇടങ്ങളില്‍നിന്ന് സംഭാവനയോ മറ്റോ പിരിക്കരുതെന്നും കോഴിക്കോട്ടെ പാര്‍ട്ടി ആസ്ഥാനത്തോ മറ്റു പാര്‍ട്ടി ഓഫിസുകളിലോ പ്രവേശിക്കരുതെന്നും യോഗം താക്കീത് നല്‍കി.

രാഷ്ട്രീയമായി ഇവരുമായി സഹകരിക്കരുതെന്നും നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിക്കുന്നത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കി 6 വര്‍ഷത്തേക്ക് അവര്‍ക്ക് മെംബര്‍ഷിപ്പ് നല്‍കില്ലെന്നും അച്ചടക്ക നടപടിക്ക് വിധേയമാവുമെന്നും പാര്‍ട്ടി അണികളെ ഓര്‍മപ്പെടുത്തുന്നതായി യോഗാനന്തരം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ അധ്യക്ഷത വഹിച്ച യോഗം പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി മുസമ്മില്‍ ഹുസൈന്‍ സ്വാഗതം പറഞ്ഞു. കേരളത്തില്‍നിന്ന് അഹമ്മദ് ദേവര്‍കോവിലിന് പുറമെ, ഡോ. എ എ അമീന്‍, കെ എസ് ഫക്രുദ്ദീന്‍, കാസിം ഇരിക്കൂര്‍, ബി ഹംസ ഹാജി, എം എം മാഹീന്‍, എം എ ലത്തീഫ്, സി പി അന്‍വര്‍ സാദത്ത്, യുഎഇയില്‍ നിന്ന് കുഞാവൂട്ടി കാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it