Sub Lead

ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണം

ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥനുമായി നടത്തിയ സംഭാഷണം
X

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ സാമൂഹിക പ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥനുമായി നാഷണല്‍ ഹെറാള്‍ഡ് പ്രതിനിധി നടത്തിയ സംഭാഷണം. എന്‍ഐഎ ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന പ്രകാരം രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു സംഭാഷണം നടന്നത്.

സംഭാഷണത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:

മാധ്യമപ്രവര്‍ത്തകന്‍: 84 കാരനായ ജെസ്യൂട്ട് പുരോഹിതന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റുചെയ്തത് എന്തിനാണെന്ന് വിശദീകരിക്കാമോ?

എന്‍ഐഎ ഉദ്യോഗസ്ഥന്‍: അതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും അദ്ദേഹത്തിനെതിരായ തെളിവുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

ചാര്‍ജ് ഷീറ്റ് പതിനായിരത്തിലധികം പേജുകള്‍ ഉണ്ടെന്നത് ശരിയാണോ?

-അത് ശരിയാണ്.

കുറ്റപത്രം ഇത്രയും വലുതായിരിക്കാന്‍ പുരോഹിതനെതിരെ നിങ്ങള്‍ക്ക് എന്ത് തെളിവാണുള്ളത്?.

-ഞങ്ങളുടെ പക്കലുള്ളത് ഡിജിറ്റല്‍ തെളിവുകളാണ്. അദ്ദേഹത്തിന്റെ ഇമെയിലുകള്‍, കോള്‍ റെക്കോര്‍ഡുകള്‍, അദ്ദേഹത്തിന്റെ രചനകള്‍, പ്രസംഗങ്ങള്‍, മുന്‍കാല പ്രവര്‍ത്തനങ്ങള്‍. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടതാണ് കുറ്റപത്രം.

-2017 ഡിസംബറില്‍ പൂനെക്കടുത്തുള്ള ഭീമ കൊറെഗാവില്‍ അക്രമത്തിന് പ്രേരിപ്പിച്ചത് 84 കാരനായ പുരോഹിതനാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി സമര്‍ത്ഥിക്കുന്നു?.

അത് ശരിയാണ്.

ഫാ. സ്റ്റാന്‍ ഭീമ കൊറേഗാവ് പോലും സന്ദര്‍ശിച്ചില്ല. അദ്ദേഹം ഒരിക്കലും അവിടെ ഉണ്ടായിട്ടില്ല. 1800 കിലോമീറ്റര്‍ അകലെയുള്ള റാഞ്ചിയില്‍ ഇരിക്കുന്ന അദ്ദേഹം അക്രമത്തിന് രൂപം നല്‍കിയതായി നിങ്ങള്‍ കരുതുന്നുണ്ടോ?.

-നിങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടും ഗൂഢാലോചന നടത്താം. നിങ്ങള്‍ ശാരീരികമായി കുറ്റകൃത്യം നടക്കുന്ന സ്ഥലത്ത് വരണമെന്നില്ല. നിങ്ങള്‍ക്ക് ഒരു ഇടനിലക്കാരായി പ്രവര്‍ത്തിക്കാനും പണം സ്വീകരിക്കാനും കൈമാറാനും മറ്റ് ഗൂഢാലോചനക്കാരെ നയിക്കാനും അവര്‍ക്ക് ആശയങ്ങള്‍ നല്‍കാനും കഴിയും. ഇതാണ് സാങ്കേതികവിദ്യയുടെ യുഗം. ദൂരം പ്രശ്‌നമല്ല. കേസില്‍ കുറ്റം ചുമത്തിയ മറ്റ് ഗൂഢാലോചനക്കാരും അവിടെ ഉണ്ടായിരുന്നില്ല.

-ഫാ സ്റ്റാന്‍ സ്വാമിയോ മറ്റ് ഗൂഢാലോചനക്കാരോ അപകടകാരികളാണെങ്കില്‍, അവരെ നേരത്തെ അറസ്റ്റ് ചെയ്യുമായിരുന്നില്ലേ? ഭീമ കൊറെഗാവിലെ അക്രമം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് എണ്‍പതുകളിലേക്ക് കടക്കാന്‍ ഫാ. സ്വാമി കാത്തിരിക്കുന്നത് എന്തുകൊണ്ടാണ്? ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റിലായവരെല്ലാം മുതിര്‍ന്ന പൗരന്മാരാണ്?.

എനിക്ക് കേസിനെക്കുറിച്ചോ മുന്‍കാലങ്ങളില്‍ സംഭവിച്ചതിനെക്കുറിച്ചോ സംഭവിക്കാത്തതിനെക്കുറിച്ചോ അഭിപ്രായം പറയാന്‍ കഴിയില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു. ഇനി തെളിവുകള്‍ പരിശോധിക്കുന്നതും ശിക്ഷ വിധിക്കുകയും ചെയ്യുന്നത് ജുഡീഷ്യറിയാണ്.

-വിചാരണ വേളയില്‍ അവരെ ജയിലില്‍ അടച്ചുകൊണ്ട്, നിങ്ങള്‍ ഇതിനകം അവരെ ശിക്ഷിക്കുകയാണ്. 10,000 പേജ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യുന്നതിലൂടെയും നൂറുകണക്കിന് പ്രോസിക്യൂഷന്‍ സാക്ഷികളെ ലിസ്റ്റുചെയ്യുന്നതിലൂടെയും, വിചാരണ നീണ്ടുനില്‍ക്കുമെന്ന് നിങ്ങള്‍ ഉറപ്പാക്കുന്നു. കുറ്റപത്രം ഒരു മജിസ്‌ട്രേറ്റിനും ഇത്രയും കാലം പഠിക്കാന്‍ കഴിയില്ല.

ഞങ്ങള്‍ സമഗ്രവും പ്രഫഷനല്‍ രീതിയിലും ജോലി ചെയ്തുവെന്ന് ഇത് കാണിക്കുന്നു. നിങ്ങള്‍ മറ്റെന്താണ് പ്രതീക്ഷിച്ചത്?

-ഞാന്‍ പ്രതീക്ഷിക്കുന്നത് കൃത്യമായ, 10 പേജ് ചാര്‍ജ് ഷീറ്റും നിങ്ങളുടെ തെളിവുകള്‍ പട്ടികപ്പെടുത്തുന്ന 10 പേജുകളും. അത് വേഗത്തിലുള്ള വിചാരണയും നീതിയും ഉറപ്പാക്കും. വിചാരണ വേളയില്‍ ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ ശിക്ഷയിലൂടെ കടന്നുപോകണമെന്ന് എന്‍ഐഎ ആഗ്രഹിക്കുന്നുവെന്നാണ് എന്റെ സംശയം, കുറ്റങ്ങള്‍ തെളിയിക്കാതെ തന്നെ അവര്‍ തടവില്‍ കഴിയേണ്ടി വരുന്നു.

Next Story

RELATED STORIES

Share it