Sub Lead

ഒഡീഷയില്‍ ബസ്സിനു തീപ്പിടിച്ച് 9 യാത്രക്കാര്‍ വെന്തുമരിച്ചു

ഒഡീഷയില്‍ ബസ്സിനു തീപ്പിടിച്ച് 9 യാത്രക്കാര്‍ വെന്തുമരിച്ചു
X

ബെര്‍ഹാംപൂര്‍: ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഗോലന്തരയില്‍ ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപ്പിടിച്ച് 9 യാത്രക്കാര്‍ വെന്തുമരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. മന്ദരാജ്പൂരിനടുത്താണ് സംഭവം. 40 ഓളം യാത്രക്കാരുമായി ജംഗല്‍പാടുവില്‍ നിന്ന് ചിക്കരടയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വിവാഹ സംബന്ധമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നതെന്ന് ബെര്‍ഹാംപൂര്‍ സര്‍ദാര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) ജയന്ത് കുമാര്‍ മോഹന്‍പത്ര പറഞ്ഞു. 11 കെവി പവര്‍ ട്രാന്‍സ്മിഷന്‍ ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് ബസിന് തീപിടിച്ചത്.

സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവരെ ബെര്‍ഹാംപൂരിലെ എംകെസിജി മെഡിക്കല്‍ കോളജിലും ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ചുപേരെ കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നു സംസ്ഥാന ഗതാഗത മന്ത്രി പദ്മനാഭ ബെഹേര പറഞ്ഞു. അപകടത്തില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഭവത്തെക്കുറിച്ച് സമഗ്രറിപോര്‍ട്ട് തേടിയതായും അദ്ദേഹം പറഞ്ഞു. അപകടം നടന്നയുടനെ പ്രദേശവാസികളും അഗ്‌നിശമന സേനാംഗങ്ങളും പോലിസ് ഉദ്യോഗസ്ഥരുമെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. തീയണച്ചതായും ട്രാന്‍സ്മിഷന്‍ ലൈനിലെ വൈദ്യുതി വിതരണം വിച്ഛേദിച്ച ശേഷം വാഹനത്തിനുള്ളിലുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും ചീഫ് ഫയര്‍ ഓഫിസര്‍ (സിഎഫ്ഒ) സുകാന്ത് സേതി പറഞ്ഞു. ഇടുങ്ങിയ പാതയില്‍ ഇരുചക്രവാഹനത്തിന് ഡ്രൈവര്‍ വഴിയൊരുക്കാന്‍ ശ്രമിച്ചപ്പോള്‍ ബസിന്റെ ലഗേജ് കാരിയര്‍ റോഡരികിലെ ട്രാന്‍സ്മിഷന്‍ ലൈനില്‍ മുട്ടിയതാണു തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന സാഹചര്യം എന്താണെന്ന് അറിയാന്‍ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും സേത്തി പറഞ്ഞു.




Next Story

RELATED STORIES

Share it