ക്ഷേത്രത്തില്‍ കയറിയ ദലിത് ബാലനെ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് പൊള്ളിച്ചു

ക്ഷേത്രത്തില്‍ കയറിയ ദലിത് ബാലനെ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് പൊള്ളിച്ചു

വാര്‍ധ: ക്ഷേത്രത്തില്‍ കയറിയ എട്ടു വയസുകാരനായ ദലിതു ബാലനെ മോഷണക്കുറ്റമാരോപിച്ചു ക്രൂരമായി മര്‍ദിക്കുകയും പൊള്ളിക്കുകയും ചെയ്തു. ദാഹിച്ചു വലഞ്ഞപ്പോള്‍ വെള്ളം കുടിക്കാന്‍ കയറിയപ്പോഴാണ് തന്നെ ആക്രമിച്ചതെന്നു ബാലന്‍ പിന്നീട് പറഞ്ഞു.

മഹാരാഷ്ട്രയിലെ വാര്‍ധയിലെ ആര്‍വിയിലാണ് സംഭവം. പ്രദേശത്തെ ക്ഷേത്രത്തില്‍ ബാലനെ കണ്ട പരിസരവാസികള്‍ ഓടിക്കൂടുകയും പിടികൂടുകയുമായിരുന്നു. ക്ഷേത്രത്തില്‍ നാണയങ്ങള്‍ മോഷ്ടിക്കാന്‍ കയറിയതാണെന്നാരോപിച്ചു ആള്‍ക്കൂട്ടം ബാലനെ ക്രൂരമായി മര്‍ദിച്ചു. ശേഷം കൈകള്‍ കെട്ടുകയും ചുട്ടു പൊള്ളുന്ന കല്ലില്‍ ബലം പ്രയോഗിച്ചിരുത്തുകയുമായിരുന്നു. വസ്ത്രങ്ങള്‍ അഴിച്ച ശേഷമാണ് കല്ലിലിരുത്തിയത്. ദീര്‍ഘനേരം ബലം പ്രയോഗിച്ചു കല്ലിലിരുത്തിയതിനെ തുടര്‍ന്നു ബാലന്റെ പിന്‍ഭാഗം മുഴുവനായി പൊള്ളി.

അതേസമയം ദാഹിച്ചു വലഞ്ഞപ്പോള്‍ വെള്ളം കുടിക്കാനാണ് ക്ഷേത്രത്തില്‍ കയറിയതെന്നും ഉടനെ തന്നെ പിടികൂടി കൈകാലുകള്‍ ബന്ധിക്കുകയുമായിരുന്നെന്നു ബാലന്‍ വ്യക്തമാക്കി. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ബാലന്റെ പിതാവിനെ ഉപദ്രവിക്കാനും ആള്‍ക്കൂട്ടം ശ്രമിച്ചു. തുടര്‍ന്നു പോലിസെത്തിയാണ് ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബാലന്റെ പിന്‍ഭാഗം പൊള്ളി തൊലിപോയ നിലയിലാണെന്നും കേസ് രജിസ്്റ്റര്‍ ചെയ്‌തെന്നും പോലിസ് പറഞ്ഞു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top