Sub Lead

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വര്‍ഷം

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വര്‍ഷം
X

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ആര്‍എസ്എസ്സുകാരനായ നാഥുറാം വിനായക് ഗോഡ്‌സെ വെടിവച്ച് കൊന്നിട്ട് ഇന്ന് 75 വര്‍ഷം. 1948 ജനുവരി 30നായിരുന്നു ഡല്‍ഹിയിലെ ബിര്‍ലാ ഹൗസിന് അടുത്ത് പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ വെടിവച്ച് കൊല്ലുന്നത്. ആര്‍എസ്എസ്സിലും ഹിന്ദു മഹാസഭയിലും പ്രവര്‍ത്തിച്ച നാഥുറാം ഗോഡ്‌സെ ഇറ്റാലിയന്‍ ബാരിസ്റ്റ പിസ്റ്റള്‍ കൊണ്ടാണ് ഗാന്ധിക്ക് നേരേ വെടിയുതിര്‍ക്കുന്നത്. പൂനെയിലെ ആര്‍എസ്എസ് നേതാവില്‍നിന്നാണ് ഗോഡ്‌സെ ബാരിസ്റ്റ തോക്ക് സ്വന്തമാക്കിയത്.

ഇന്ത്യയിലെ വര്‍ഗീയകലാപങ്ങള്‍ ഇല്ലാതാക്കി സമാധാനം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന സമയത്തായിരുന്നു ഗാന്ധിയെ കൊലപ്പെടുത്തുന്നത്. 1948 ജനുവരിയിലെ രണ്ടാമത്തെ ശ്രമത്തിലാണ് ഹിന്ദുത്വ ഭീകരവാദികള്‍ മഹാത്മാ?ഗാന്ധിയുടെ ജീവനെടുക്കുന്നതില്‍ വിജയിച്ചത്. ജനുവരി 20ന് ഡല്‍ഹിയിലെ ബിര്‍ലാഹൗസിനടുത്ത് ഒരു പാര്‍ക്കില്‍ പൊതുപ്രസംഗത്തിനിടെ ഗാന്ധിയെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആര്‍എസ്എസിലും ഹിന്ദുമഹാസഭയിലും പ്രവര്‍ത്തിച്ച നാഥുറാംവിനായക് ഗോഡ്‌സേയുടെ നേതൃത്വത്തിലായിരുന്നു വധശ്രമം. ഗാന്ധി സംസാരിക്കുമ്പോള്‍ ഗോഡ്‌സെയുടെ സംഘത്തിലെ ഒരാള്‍ ഒരു ഗ്രനേഡ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ദൂരേക്ക് എറിയുന്നു.

സ്‌ഫോടന ശബ്ദം കേട്ട് ആളുകള്‍ ചിതറിയോടി. അപ്പോള്‍ ഗാന്ധിയ്ക്ക് നേരേ ഗ്രനേഡ് എറിയുക എന്നതായിരുന്നു പദ്ധതി. എന്നാല്‍, ആ ദൗത്യം ഏല്‍പ്പിക്കപ്പെട്ട മദന്‍ലാല്‍ പഹ്വയ്ക്ക് കൃത്യം ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടാം ഗ്രനേഡ് എറിയാതെ അയാള്‍ ഓടിപ്പോയി.ഈ സംഭവത്തിന് ശേഷം വെറും പത്തുദിവസത്തിന് ശേഷമാണ് ബിര്‍ല ഹൗസിനടുത്ത് തന്നെ പ്രാര്‍ത്ഥനാപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ വെടിവച്ചുകൊന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേലുമായുള്ള കൂടിക്കാഴ്ച അല്‍പം നീണ്ടുപോയ ഗാന്ധി പ്രാര്‍ത്ഥനയ്ക്ക് അല്‍പം വൈകിയാണ് ഇറങ്ങുന്നത്.

സന്തതസഹചാരികളായ മനു ഗാന്ധി, ആഭ ഗാന്ധി എന്നിവര്‍ക്കൊപ്പമാണ് ഗാന്ധി നടന്നു നീങ്ങിയത്. 200 അടിയായിരുന്നു ഗാന്ധിയുടെ അവസാന സഞ്ചാരത്തിന്റെ ദൈര്‍ഘ്യം. മനു ഗാന്ധിയെ ഇടതുകൈകൊണ്ട് തള്ളി മാറ്റി മുന്നിലെത്തിയ ഗോഡ്‌സെ കൈക്കുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന പിസ്റ്റള്‍ കൊണ്ടാണ് ഗാന്ധിയുടെ മാറിലും അടിവയറ്റിലും നിറയൊഴിക്കുന്നത്. മൂന്ന് വെടിയുണ്ടകളും ഏറ്റുവാങ്ങുമ്പോഴും തൊഴുകൈകളുമായി നില്‍ക്കുകയായിരുന്നു ഗാന്ധി.

രണ്ടുതവണ ദൈവനാമം ഉച്ഛരിച്ച ശേഷമാണ് ഗാന്ധി ചോരയില്‍ കുളിച്ച ശരീരവുമായി നിലത്തേക്ക് വീഴുന്നത്. ആര്‍എസ്എസുകാര്‍ രാജ്യവ്യാപകമായി മധുരവിതരണം നടത്തി മരണം ആഘോഷിച്ചു. കോടതി ഗോഡ്‌സെയ്ക്കും ആപ്‌തെയ്ക്കും വധശിക്ഷ വിധിച്ചു. മറ്റ് പ്രതികള്‍ക്ക് ജീവപര്യന്തം. സവര്‍ക്കര്‍ മാത്രം വിട്ടയക്കപ്പെട്ടു. അംബാല ജയിലില്‍ 1949 നവംബര്‍ 15ന് ഗോഡ്‌സെയെയും ആപ്‌തെയെയും തൂക്കിലേറ്റി.

Next Story

RELATED STORIES

Share it