Sub Lead

ഭോപ്പാല്‍ ജയിലില്‍ നിരാഹാരം; മലയാളികള്‍ ഉള്‍പ്പടെ മുന്‍ സിമി പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി

കഴിഞ്ഞ മൂന്ന് വര്‍ഷമായി മുന്‍ സിമി പ്രവര്‍ത്തകരെ ജയില്‍ അധികൃതര്‍ ഉപദ്രവിക്കുന്നു. ശാരീരികവും മാനസികവുമായ പീഡനത്തിനെതിരെ കമറുദ്ദീന്‍ അഹമ്മദാബാദ് കോടതിയില്‍ പരാതി നല്‍കിയിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാധുരി പറഞ്ഞു.

ഭോപ്പാല്‍ ജയിലില്‍ നിരാഹാരം; മലയാളികള്‍ ഉള്‍പ്പടെ മുന്‍ സിമി പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി
X
ഭോപ്പാല്‍: ജയില്‍ പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന മലയാളികള്‍ ഉള്‍പ്പടെ മുന്‍ സിമി പ്രവര്‍ത്തകരെ ജയില്‍ ആശുപത്രിയിലേക്ക് മാറ്റി. മലയാളികളായ ശിബിലി, ഷാദുലി, അന്‍സാര്‍ നദ്‌വി, മധ്യപ്രദേശില്‍ നിന്നുള്ള കമറുദ്ദീന്‍ നാഗോരി, ഹാഫിജ് ഹുസൈന്‍, സഫ്ദാര്‍ എന്നിവരേയാണ് ജയില്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

ജയില്‍ പീഡനം അവസാനിപ്പിക്കുക, അതീവ സുരക്ഷ ജയിലിലെ ഏകാന്ത തടവില്‍ നിന്ന് മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തടവുകാര്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. ഒരാഴ്ച്ച മുമ്പാണ് തടവുകാര്‍ നിരഹാരം ആരംഭിച്ചത്.

2017ലാണ് അഹമ്മദാബാദ് ജയിലില്‍ നിന്നും മുന്‍ സിമി പ്രവര്‍ത്തകരെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. അതിന് ശേഷം ജയില്‍ പീഡനം ആരംഭിച്ചതായി ഒരു തടവുകാരന്റെ ബന്ധു പറഞ്ഞു.

'അവരെ ജയില്‍ അധികൃതര്‍ ഉപദ്രവിക്കുകയാണ്. 2016 ഒക്ടോബറിലെ 'ജയില്‍ചാട്ട' സംഭവത്തിന് ശേഷം മനുഷ്യത്വരഹിതമായാണ് തടവുകാരെ പീഡിപ്പിക്കുന്നത്'. ബന്ധു വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി മുന്‍ സിമി പ്രവര്‍ത്തകരെ ജയില്‍ അധികൃതര്‍ ഉപദ്രവിക്കുന്നു. ശാരീരികവും മാനസികവുമായ പീഡനത്തിനെതിരെ കമറുദ്ദീന്‍ അഹമ്മദാബാദ് കോടതിയില്‍ പരാതി നല്‍കിയിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മാധുരി പറഞ്ഞു.

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ സിമി പ്രവര്‍ത്തകര്‍ ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാകുന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) 2018 മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മനുഷ്യവകാശ കമ്മീഷന്‍ ഇടപെട്ടിട്ടും സംസ്ഥാന സര്‍ക്കാരും ജയില്‍ അധികൃതരും യാതൊരു നടപടിയും എടുത്തില്ല. ജയില്‍ അധികൃതര്‍ക്ക് കസ്റ്റഡി അവകാശങ്ങള്‍ മാത്രമേയുള്ളൂ, തടവുകാരെ പീഡിപ്പിക്കാന്‍ അവര്‍ക്ക് അവകാശമില്ല. മാധുരി കൂട്ടിച്ചേര്‍ത്തു.

രാജ്യദ്രോഹം, ആയുധങ്ങള്‍ ശേഖരിക്കുക, സര്‍ക്കാരിനെതിരെ യുദ്ധം, ബോംബ് സ്‌ഫോടനം തുടങ്ങിയ കുറ്റം ചുമത്തിയാണ് 28 സിമി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ എന്‍ഐഎ പ്രത്യേക കോടതിയും സിബിഐ പ്രത്യേക കോടതിയും ഉള്‍പ്പെടെ വിവിധ കോടതികള്‍ 2017, 2018 വര്‍ഷങ്ങളില്‍ ജീവപര്യന്തം തടവ് വിധിച്ചു.

2016ല്‍ തടവുകാര്‍ ജയില്‍ ചാടിയെന്ന് ആരോപിക്കപ്പെടുന്ന സംഭവം ഉണ്ടായതിനെ തുടര്‍ന്നാണ് ഇവരില്‍ 18 പേരെ അതീവ സുരക്ഷ ജയിയില്‍ ഏകാന്ത തടവിലാക്കിയതെന്ന് ജയില്‍ സൂപ്രണ്ട് ദിനേശ് നര്‍ഗാവെ പറഞ്ഞു.

2016 ഒക്ടോബര്‍ 30ന് രാത്രിയിലാണ് എട്ട് സിമി പ്രവര്‍ത്തകര്‍ ഒരു ഗാര്‍ഡിനെ കൊന്ന് ജയിലില്‍ നിന്ന് രക്ഷപ്പെട്ടുവെന്നാണ് പോലിസ് ഭാഷ്യം. അടുത്ത ദിവസം തന്നെ ഒക്ടോബര്‍ 31 ന് ഭോപ്പാലിന് സമീപം ഒരു ഗ്രാമത്തില്‍ ഇവരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് പോലിസ് അവകാശപ്പെട്ടിരുന്നു. അത് ശരിയല്ലെന്നും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്ന് തന്നെ ആരോപിച്ചിരുന്നു.

ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനാലും തടവുകാര്‍ക്കിടയില്‍ സംഘര്‍ഷം പതിവായതിനാലും ഇവരെ അതീവ സുരക്ഷ ജയിലില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്നാണ് ജയില്‍ സൂപ്രണ്ട് പറയുന്നത്. ഒരാഴ്ച്ചയായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ തടവുകാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ കൂട്ടാക്കിയില്ലെന്നും സൂപ്രണ്ട് പറഞ്ഞു. തടവുകാര്‍ അവശനിലയിലായതിനെ തുടര്‍ന്ന് ശനിയാഴ്ച ജയില്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it