Big stories

തുരങ്കം നിര്‍മിച്ചത് സ്പൂണ്‍ ഉപയോഗിച്ച്; സിസിടിവിയില്‍ പതിഞ്ഞിട്ടും പാറാവുകാര്‍ അറിഞ്ഞില്ല; ലോകത്തെ അമ്പരപ്പിച്ച് ഫലസ്തീനികളുടെ ജയില്‍ചാട്ടം

കള്ളക്കേസുകളില്‍പെടുത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആറു പോരാളികളാണ് അത്യാധുനിക നിരീക്ഷണ സംവിധാനമുള്ള തടവറയില്‍നിന്നു പാറാവുകാരുടേയും ഇസ്രായേല്‍ ചാരന്‍മാരുടെയും കണ്ണുവെട്ടിച്ച് പുറത്ത് കടന്നത്.

തുരങ്കം നിര്‍മിച്ചത് സ്പൂണ്‍ ഉപയോഗിച്ച്; സിസിടിവിയില്‍ പതിഞ്ഞിട്ടും പാറാവുകാര്‍ അറിഞ്ഞില്ല; ലോകത്തെ അമ്പരപ്പിച്ച് ഫലസ്തീനികളുടെ ജയില്‍ചാട്ടം
X

വെസ്റ്റ്ബാങ്ക്: ഇസ്രായേലിന്റെ അതീവ സുരക്ഷയുള്ള തടവറയില്‍നിന്ന് ഫലസ്തീന്‍ പോരാളികള്‍ ഹോളിവുഡ് സിനിമകളെ വെല്ലുംവിധം രക്ഷപ്പെട്ട സംഭവത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് അധിനിവേശ സൈന്യവും ലോകവും. കള്ളക്കേസുകളില്‍പെടുത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആറു പോരാളികളാണ് അത്യാധുനിക നിരീക്ഷണ സംവിധാനമുള്ള തടവറയില്‍നിന്നു പാറാവുകാരുടേയും ഇസ്രായേല്‍ ചാരന്‍മാരുടെയും കണ്ണുവെട്ടിച്ച് പുറത്ത് കടന്നത്. തങ്ങളുടെ സെല്ലിലെ ശുചിമുറിയില്‍ തുരങ്കംതീര്‍ത്താണ് 'ദ സേഫ്' എന്ന പേരില്‍ അറിയപ്പെടുന്ന വടക്കന്‍ ഇസ്രായേലിലെ ഗില്‍ബോവ ജയിലില്‍നിന്ന് സംഘം രക്ഷപ്പെട്ടത്.

ശുചിമുറിയില്‍നിന്നു ജയില്‍ മതിലിനു പുറത്തുവരെ നീളുന്ന, ഒരാള്‍ക്ക് കഷ്ടിച്ച് ഇഴഞ്ഞു പോവാന്‍ കഴിയുന്ന തുരങ്കത്തിലൂടെയാണ് സംഘം പുറത്തെത്തിയത്. ടേബിള്‍ സ്പൂണ്‍ ഉപയോഗിച്ചാണ് സംഘം തുരങ്കം തീര്‍ത്തതെന്നാണ് പ്രാഥമികനിഗമനം. ഒരു പോസ്റ്ററിന് പിന്നില്‍ ഒളിപ്പിച്ച നിലയിലുള്ള തുരുമ്പിച്ച സ്പൂണ്‍ ജയില്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശുചിമുറിയില്‍നിന്നുള്ള ദ്വാരം കെട്ടിടത്തിന്റെ നിര്‍മ്മാണ വേളയില്‍ സൃഷ്ടിക്കപ്പെട്ട ഒരു തുറന്ന സ്ഥലത്താണ് എത്തുന്നത്. എന്നാല്‍, പാഴ് വസ്തുക്കള്‍ കൂട്ടിയിട്ടതുമൂലം ഈ ഭാഗം പുറത്തുനിന്നു കാണാത്ത നിലയിലായിരുന്നു. ഇതിലൂടെ ജയില്‍ മതിലിനു സമീപത്തേക്കും ഇവിടെനിന്ന് മതിലിനു പുറത്തുള്ള അഴുക്കുചാലിലേക്കും തുരങ്കംതീര്‍ത്താണ് സംഘം രക്ഷപ്പെട്ടത്.

അതേസമയം, ഫലസ്തീന്‍ തടവുകാര്‍ തുരങ്കം വഴി രക്ഷപ്പെട്ടത് നിരീക്ഷണ കാമറകള്‍ പകര്‍ത്തിയെങ്കിലും കണ്‍ഡ്രോള്‍ റൂമിലെ പാറാവുകാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നാണ് അതീവ സുരക്ഷയുള്ള ഇസ്രായേല്‍ ജയില്‍ ഭേദനം സംബന്ധിച്ച പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നത്. തടവുകാര്‍ രക്ഷപ്പെടുമ്പോള്‍ തുരങ്കത്തിന്റെ പുറത്തേക്ക് തുറക്കുന്ന ഭാഗത്തെ അഭിമുഖീകരിക്കുന്ന നിരീക്ഷണ ടവറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗില്‍ബോവ ജയിലിലെ പാറാവുകാരന്‍ നല്ല ഉറക്കത്തിലായിരുന്നുവെന്നും ഇസ്രായേല്‍ ജയില്‍ അതോറിറ്റി ആരംഭിച്ച അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

പുലര്‍ച്ചെ 3.30 ഓടെയാണ് അവര്‍ രക്ഷപ്പെട്ടതായി ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞത്. കണ്ടെത്തലുകള്‍ അനുസരിച്ച്, ആറ് പേരും പുലര്‍ച്ചെ 1.30 ന് അവരുടെ സെല്ലിലെ ശുചിമുറിയില്‍ പ്രവേശിക്കുകയും മറച്ചുവച്ച തുരങ്കത്തിന്റെ മൂടി നീക്കി ഒന്നിനുപുറകെ ഒന്നായി തുരങ്കത്തിലിറങ്ങി.

തുടര്‍ന്നു ജയിലിന്റെ മതിലില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ, വാച്ച് ടവറിന് കീഴിലുള്ള തുരങ്കത്തിന്റെ മറ്റേ അറ്റത്തേക്ക് ഇഴഞ്ഞു നീങ്ങിയാണ് സംഘം പുറത്തുകടന്നത്. സംഘം തുരങ്കത്തില്‍ നിന്ന് പുറത്തുപോയ നിമിഷം നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയെങ്കിലും കണ്‍ട്രോള്‍ റൂമിലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നും പ്രാഥമിക അന്വേഷണ റിപോര്‍ട്ട് വ്യക്തമാക്കുന്നു. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് സംഘം തുരങ്കം തീര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം.



Next Story

RELATED STORIES

Share it