Sub Lead

കേരളത്തിലെ ജയിലുകളില്‍ 59 ശതമാനവും വിചാരണത്തടവുകാര്‍; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

കേരളത്തിലെ ജയിലുകളില്‍ 59 ശതമാനവും വിചാരണത്തടവുകാര്‍; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
X

കൊച്ചി: കേരളത്തിലെ ജയിലുകളില്‍ 59 ശതമാനവും വിചാരണത്തടവുകാരെന്ന് കണക്കുകള്‍. നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ 2020 ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരമാണ് കേരളത്തിലെ ജയിലുകളിലെ മുഴുവന്‍ ജനസംഖ്യയും പരിശോധിച്ചാല്‍ അതില്‍ 59 ശതമാനം തടവുകാരും വിചാരണ പൂര്‍ത്തിയാക്കാത്തത് മൂലം നീതി നിഷേധിക്കപ്പെട്ട് കഴിയുകയാണെന്ന് വ്യക്തമാവുന്നത്. ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും വിചാരണ പൂര്‍ത്തിയാക്കുന്നതിലുള്ള കാലതാമസമൊഴിവാക്കാന്‍ ഇടപെടല്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

വിചാരണത്തടവുകാരുടെ ദീര്‍ഘകാല തടവ് ഒഴിവാക്കുന്നതിന് വേഗത്തിലുള്ള വിചാരണയുടെയും അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിന് തടവുകാര്‍ക്ക് ശരിയായ സഹായം ലഭിക്കേണ്ടതിന്റെയും ആവശ്യകത കേരള ഹൈക്കോടതി എടുത്തുപറഞ്ഞു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കുറ്റവാളികളെ തടവില്‍ പാര്‍പ്പിക്കുന്ന തിയ്യതിയെ അടിസ്ഥാനമാക്കി കാര്യങ്ങള്‍ പരിഗണിക്കാനും ഉചിതമായ കേസുകളില്‍ ജാമ്യം നല്‍കാനും വിചാരണ കോടതികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കാമെന്ന് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ജയില്‍ മോചിതരായ ശേഷം തടവുകാരുടെ പുനരധിവാസം, കുറ്റവാളികള്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം എന്നിവ ചൂണ്ടിക്കാണിച്ച ബെഞ്ച്, സംസ്ഥാന സര്‍ക്കാരിനോടും ലീഗല്‍ സര്‍വീസ് അതോറിറ്റികളോടും ജയില്‍ വകുപ്പിനോടും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു.

പുനരധിവാസം ഉറപ്പാക്കാന്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റികളോട് കോടതി ആവശ്യപ്പെട്ടു. വിചാരണത്തടവുകാരുടെ കാര്യത്തിലും നിലവിലുള്ളത് പോലെയുള്ള കേസുകളിലും വിചാരണ പൂര്‍ത്തിയാക്കിയ ശേഷം വിട്ടയച്ച ഏതെങ്കിലും കുറ്റവാളിയുടെ കാര്യത്തിലും കൂടുതല്‍ പങ്ക് വഹിക്കാന്‍ തങ്ങള്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളോട് (ഡിഎല്‍എസ്എ) ആവശ്യപ്പെട്ടിട്ടുണ്ട്. പുനരധിവാസത്തിനായി സംസ്ഥാനം ഒരു പദ്ധതി ആവിഷ്‌കരിക്കേണ്ടതാണ്. കൃത്യസമയത്ത് അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതില്‍ കുറ്റവാളികളെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജയില്‍ അധികാരികളെ ബോധവല്‍ക്കരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ജയിലുകളില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പാരാ ലീഗല്‍ വോളന്റിയര്‍മാര്‍ നിയന്ത്രിക്കുന്ന നിയമസഹായ ക്ലിനിക്കുകള്‍ നിലവിലുണ്ടെങ്കിലും നിര്‍ധനരായ കുറ്റവാളികള്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിലെ കാലതാമസമുണ്ടാവുന്നത് തങ്ങള്‍ മനസ്സിലാക്കുന്നു- കോടതി ചൂണ്ടിക്കാട്ടി. 2005ല്‍ അറസ്റ്റ് ചെയ്ത് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയെങ്കിലും ഒളിവില്‍ പോയ ഒരു കുറ്റകൃത്യത്തിലെ ഒന്നാം പ്രതി നല്‍കിയ അപ്പീലിലാണ് വിധി. 2009ല്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി 2017 വരെ 8 വര്‍ഷം വിചാരണത്തടവുകാരനായിരുന്നു.

ഒറിജിനല്‍ രേഖകള്‍ ലഭ്യമല്ലെന്നും രേഖകള്‍ പുനര്‍നിര്‍മിക്കുന്നതിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പ്രോസീഡിങ് ഷീറ്റില്‍ നിന്ന് കോടതി കണ്ടെത്തി. വിഷയം തീര്‍പ്പുകല്‍പ്പിക്കാതെ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തമ്മില്‍ ആശയവിനിമയം നടത്തുകയും ഒടുവില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 2013 ജൂണില്‍ അസ്സല്‍ രേഖകളുടെ പകര്‍പ്പുകള്‍ ഹാജരാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. പ്രതിയെ ഹാജരാക്കി ഇടയ്ക്കിടെ റിമാന്‍ഡ് നീട്ടി. 2014 മാര്‍ച്ചില്‍, ഹാജരാക്കിയ ശേഷം കുറ്റങ്ങള്‍ പ്രതിക്ക് വായിച്ചുകൊടുത്തു.

എന്നാല്‍, വീണ്ടും കേസ് നീണ്ടുപോയി. 2017 ഫെബ്രുവരിയില്‍ വിചാരണ ആരംഭിച്ചു. നാല് മാസത്തിന് ശേഷം വിചാരണക്കോടതി വിധി പുറപ്പെടുവിച്ചു. 2009 മുതല്‍ 2017 വരെ പ്രതി വിചാരണത്തടവുകാരനായിരുന്നു എന്നതാണ് വേദനാജനകമായ വശം. കൂടാതെ 2017 ല്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷവും അപ്പീല്‍ ഫയല്‍ ചെയ്തില്ല. മൂന്നുവര്‍ഷം വൈകി ജയില്‍ അപ്പീല്‍ 2020 ലാണ് ഫയല്‍ ചെയ്തത്. അതിനാല്‍, വിധിയുടെ പകര്‍പ്പ് ചീഫ് ജസ്റ്റിസിന് മുന്നില്‍ സമര്‍പ്പിക്കാന്‍ രജിസ്ട്രിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it