Sub Lead

മ്യാന്‍മറില്‍ അന്യായമായി തടഞ്ഞുവച്ച അഞ്ച് ഇന്ത്യക്കാരെ മോചിപ്പിച്ചു

മ്യാന്‍മറില്‍ അന്യായമായി തടഞ്ഞുവച്ച അഞ്ച് ഇന്ത്യക്കാരെ മോചിപ്പിച്ചു
X

അഹമ്മദാബാദ്: മ്യാന്‍മറില്‍ സ്വകാര്യ കമ്പനി ഉടമ അന്യായമായി തടവിലാക്കിയിരുന്ന അഞ്ച് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നാലുപേരും ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ നിന്നുള്ള ഒരാളുമാണ് രക്ഷപ്പെട്ടത്. ഇന്ത്യയില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള ഇമിഗ്രേഷന്‍ അധികൃതരുടെ സഹായത്തോടെയാണ് ഇവരെ മ്യാന്‍മറിലെ യാങ്കൂണ്‍ നഗരത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഗിര്‍ സോമനാഥ് ജില്ലയിലെ തലാല താലൂക്കിലെ പിപാല്‍വ ഗ്രാമവാസിയായ 20കാരനായ നീരവ് ബമ്രോതിയ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കായി കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ഏജന്റ് മുഖേന ദുബയിലെത്തിയിരുന്നു.

മൂന്ന് മാസത്തിന് ശേഷം, മറ്റൊരു ഏജന്റ് ഇദ്ദേഹത്തെ സമീപിക്കുകയും തായ്‌ലന്‍ഡില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍, ഏജന്റ് ഇയാളെ തായ്‌ലന്‍ഡിന് പകരം യാങ്കൂണ്‍ നഗരത്തിലേക്ക് കൊണ്ടുപോയി നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഒരു കമ്പനിയില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ജോലിചെയ്യാന്‍ വിസമ്മതിച്ച നീരവിനെയും മറ്റ് ഏഴ് പേരെയും (നാലുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും മൂന്നുപേര്‍ ഇന്തോനേസ്യയില്‍ നിന്നും) കമ്പനി ഉടമകള്‍ ഒരു ചെറിയ മുറിയില്‍ പൂട്ടിയിട്ടു.

ഒരുവിധം വീട്ടിലേക്ക് വിളിച്ച നീരവ് വിവരങ്ങള്‍ പിതാവ് ജഗ്മല്‍ ബമ്രോതിയയെ അറിയിച്ചു. അദ്ദേഹം ഉടന്‍തന്നെ ഗിര്‍ സോമനാഥ് പോലിസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഇടപെട്ട ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘവിയുടെ നിര്‍ദേശപ്രകാരം, പോലിസ് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ഇന്ത്യന്‍ ഇമിഗ്രേഷന്‍ അധികാരികളെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മ്യാന്‍മര്‍ പോലിസിന്റെ സഹായത്തോടെ ഇവരെ മോചിപ്പിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് ഇവര്‍ രാജ്യത്ത് തിരികയെത്തിയത്. നീരവ് ബമ്രോതിയ എന്നയാളെ മ്യാന്‍മറിലെ യാങ്കൂണ്‍ നഗരത്തില്‍ നിന്ന് രക്ഷപ്പെടുത്തി ഗിര്‍ സോമനാഥ് പോലിസ് സുരക്ഷിതമായി ജന്‍മനാട്ടിലെത്തിച്ചതായി ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗുജറാത്ത് സ്വദേശി ആദ്യം യാങ്കൂണില്‍ നിന്ന് കൊല്‍ക്കത്തയിലെത്തി. തുടര്‍ന്ന് ഞായറാഴ്ച അഹമ്മദാബാദ് വഴി ഗ്രാമത്തിലെത്തിയതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്തോനേസ്യയില്‍ നിന്നുള്ള മൂന്നുപേരെയും മോചിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it