Sub Lead

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

വീട് കത്തിക്കാന്‍ ഉപയോഗിച്ചത് സാനിറ്റൈസറെന്ന് യുപി പോലിസ്

മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
X

ബല്‍റാംപൂര്‍: മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് സിങിനെയും സുഹൃത്ത് പിന്റു സാഹുവിനെയും ബഹാദൂര്‍പൂര്‍ ക്രോസിങിനു സമീപം ഒരു കാട്ടില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ കേസിലാണ് ലളിത് മിശ്ര, കേശ്വാനന്ദ് മിശ്ര, റിങ്കു, അക്രം അലി എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് ബല്‍റാംപൂര്‍ പോലിസ് സൂപ്രണ്ട് ദേവരഞ്ജന്‍ വര്‍മ പറഞ്ഞു. മൂവരും കുറ്റം സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഗ്രാമമുഖ്യയായ കേശ്വാനന്ദിന്റെ മാതാവ് ഫണ്ട് തട്ടിയെടുത്തതായി രാകേഷ് സിങ് പുറത്തുകൊണ്ടുവന്നതാണ് കൊലപാതക കാരണം. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് പോയി രാകേഷ് സിങിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മദ്യം കഴിക്കുകയും പിന്നീട് കുറ്റകൃത്യം നടപ്പാക്കുകയുമായിരുന്നു. കൊലപാതകം അപകടമരണമാണെന്നു വരുത്തിത്തീര്‍ക്കാന്‍ വീട് കത്തിക്കാന്‍ മദ്യം കലര്‍ന്ന സാനിറ്റൈസര്‍ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

രാസവസ്തു ഉപയോഗിച്ച് വീട് കത്തിക്കാന്‍ ലളിത് മിശ്രയും കേശ്വാനന്ദ് മിശ്രയും അക്രം അലി എന്ന അബ്ദുല്‍ ഖാദിറിന്റെ സഹായം തേടുകയായിരുന്നു. കല്‍വാരി ഗ്രാമത്തിലെ വീട്ടില്‍ തീപിടിച്ചാണ് രാകേഷ് സിങ്(35), സുഹൃത്ത് പിന്റു സാഹു(32) എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റത്. സാഹു സംഭവസ്ഥലത്തുതന്നെ മരിച്ചു. രാകേഷ് സിങിന് 90 ശതമാനം പൊള്ളലേറ്റു. ലഖ്നോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മകനെ കൊലപ്പെടുത്തിയെന്ന് സംശയിച്ച് അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്റെ പിതാവ് മുന്നാ സിങ് രംഗത്തെത്തുകയായിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുമ്പ് രാകേഷ് സിങിന്റെ ഭാര്യയും മക്കളും ബന്ധുവീട്ടില്‍ പോയിരുന്നതായി പോലിസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ബല്‍റാംപൂര്‍ ജില്ലാ ഭരണകൂടം മാധ്യമപ്രവര്‍ത്തകന്റെ ഭാര്യക്ക് 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയിരുന്നു. ഇരയുടെ ഭാര്യ വിഭാഗ സിങിന് ജോലി നല്‍കുമെന്ന് ബല്‍റാംപൂര്‍ ചിനി മില്‍സ് മാനേജ്മെന്റ് ജില്ലാ ഭരണകൂടത്തിന് ഉറപ്പ് നല്‍കി. പെണ്‍മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് ഭരണകൂടം വ്യക്തമാക്കിയിരുന്നു. കുടുംബത്തിന് പോലിസ് സുരക്ഷ ഏര്‍പ്പെടുത്തും. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതക കേസ് അന്വേഷിക്കാന്‍ നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലിസ് പരാജയപ്പെട്ടാല്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. അറസ്റ്റിലായ പ്രതികളെ ജയിലിലേക്ക് അയച്ചതായി പോലിസ് പറഞ്ഞു.

3 Arrested For Killing Journalist in UP

Next Story

RELATED STORIES

Share it