Sub Lead

ഹിന്ദുത്വര്‍ ചുട്ടുകൊന്ന ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും ഓര്‍മകള്‍ക്ക് 22 വയസ്സ്

ഹിന്ദുത്വര്‍ ചുട്ടുകൊന്ന ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും ഓര്‍മകള്‍ക്ക് 22 വയസ്സ്
X

ഭുവനേശ്വര്‍: മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിന്റെയും മക്കളുടെയും ഓര്‍മകള്‍ക്ക് ഇന്ന് 22 വയസ്സ്. ലോകം നടുങ്ങിയ കൊടുംക്രൂരതയ്ക്കു രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോഴും മതവൈരത്തിന്റെ പേരില്‍ കൊലയും കൊള്ളയും രാജ്യത്ത് ഇന്നും തുടര്‍ക്കഥയാവുകയാണ്. 1999 ജനുവരി 22 നാണ് ആസ്‌ത്രേലിയന്‍ ക്രിസ്ത്യന്‍ മതപ്രചാരകനായ ഗ്രഹാം സ്‌റ്റെയിന്‍സും മക്കളും ഒഡീഷയിലെ ബാരിപാഡയില്‍ വാഹനത്തില്‍ ചുട്ടുകൊല്ലപ്പെട്ടത്. ബാല്യകാല സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് ഹിന്ദുത്വര്‍ കൊടുംക്രൂരത നടത്തിയത്.

ഗ്രഹാം സ്‌റ്റെയിന്‍സും കുടുംബവും


ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊല്ലപ്പെട്ട വാഹനം

ഗ്രഹാം സ്‌റ്റെയിന്‍സ് ഒഡീഷയിലെ ദരിദ്ര ആദിവാസി സമുദായങ്ങളില്‍ 35 വര്‍ഷത്തോളം താമസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് 1999 ജനുവരി 22നു ഗ്രഹാം സ്റ്റെയിന്‍സ്, മക്കളായ ഫിലിപ്പ്(10), തിമോത്തി(9) എന്നിവരെ വാഹനത്തില്‍ കിടന്നുറങ്ങുന്നതിനിടെ ജീവനോടെ ചുട്ടുകൊന്നത്. ബാരിപാഡയിലെ കുഷ്ഠരോഗികളെ സേവിക്കുന്നതില്‍ വ്യാപൃതനായ ഗ്രഹാം സ്റ്റെയിന്‍സിന് കൊല്ലപ്പെടുമ്പോള്‍ 58 വയസ്സായിരുന്നു. മികച്ച പ്രാസംഗികനായ ഇദ്ദേഹത്തിനു ഒഡിയ ഭാഷയിലും പ്രാദേശിക ഭാഷയായ സാന്താലിയിലും മികച്ച അറിവുണ്ടായിരുന്നു. പ്രസംഗത്തിലൂടെയും മറ്റും ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വവാദികള്‍ ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്നത്. എന്നാല്‍ ആരോപണം ഗ്രഹാം സ്റ്റെയിന്‍സിന്റെ വിധവയായ ഗ്ലാഡിസ് സ്‌റ്റെയിന്‍സ് നിരസിച്ചു.

കേസിലെ പ്രതി ദാരാ സിങ് ഭുവനേശ്വറില്‍ പോലിസ് വാനില്‍ ഇരിക്കുന്നു

രാജ്യം നടുങ്ങിയ കൊടുംക്രൂരതയ്ക്കു നേതൃത്വം നല്‍കിയത് അന്ന് ബജറംഗ്ദള്‍ പ്രവര്‍ത്തകനായ ദാരാ സിങാണ്. ഹിന്ദുത്വ ആള്‍ക്കൂട്ടത്തിനു നേതൃത്വം നല്‍കിയ ഇദ്ദേഹം പശു സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ആര്‍എസ്എസ്, ബിജെപി എന്നിവയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മൂന്നുപേരെ കൂട്ടക്കൊല നടത്തിയതിനു വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട ദാര സിങിന്റെ ശിക്ഷ പിന്നീട് ജീവപര്യന്തമാക്കി മാറ്റി. ഒറീസയിലെ ഗോത്ര ജില്ലയായ മയൂര്‍ഭഞ്ചിന്റെ ആസ്ഥാനമായ ബാരിപാഡയിലായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിന്റെ പ്രവര്‍ത്തനം. അദ്ദേഹത്തിനുണ്ടായ ദുരന്തം നമുക്കെല്ലാവര്‍ക്കും വ്യക്തിപരമായി വന്‍ നഷ്ടമാണെന്നു അന്നത്തെ ജില്ലാ കലക്ടര്‍ ആര്‍ ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഉറ്റവര്‍ കൊല്ലപ്പെട്ട ശേഷവും ഗ്ലാഡിസ് സ്‌റ്റെയിന്‍സ് മകള്‍ എസ്തറിനൊപ്പം ഒഡീഷയില്‍ തുടര്‍ന്നു. കുഷ്ഠരോഗം ബാധിച്ചവരുമൊത്തുള്ള പ്രവര്‍ത്തനത്തിന് 2005 ല്‍ ഇവരെ രാഷ്ട്രപതി പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചിരുന്നു.

22 years to the memory of Graham Steins and his childrens who were burned by the Hindutva activists







Next Story

RELATED STORIES

Share it