Sub Lead

21 ഇനം ഭക്ഷ്യവസ്തുക്കള്‍, ആര്‍ക്കും ആവശ്യമുള്ളത് എടുക്കാം; നാടിന്റെ വിശപ്പ് മാറ്റാന്‍ സൗജന്യ സൂപ്പര്‍മാര്‍ക്കറ്റുമായി മഹല്ല് കമ്മിറ്റി

മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും കലവറയുടെ ഗുണഭോക്താക്കളാണ്. 130 മുസ്‌ലിം വീടുകളും മുപ്പത് ഇതരമതസ്തരുടെ വീടുകളുമാണ് മഹല്ല് പരിസരത്തുള്ളത്.

21 ഇനം ഭക്ഷ്യവസ്തുക്കള്‍, ആര്‍ക്കും ആവശ്യമുള്ളത് എടുക്കാം; നാടിന്റെ വിശപ്പ് മാറ്റാന്‍ സൗജന്യ സൂപ്പര്‍മാര്‍ക്കറ്റുമായി മഹല്ല് കമ്മിറ്റി
X

മലപ്പുറം: അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ച് ഉണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന പ്രവാചക വാക്യം അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തി പഥത്തില്‍ കൊണ്ടുവന്ന് മാതൃക തീര്‍ക്കുകയാണ് ഒരു മുസ്‌ലിം മഹല്ല് കമ്മിറ്റി. തങ്ങളുടെ മഹല്ലില്‍ ഒരാളും വിശന്നിരിക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെ മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദ് നൂര്‍ മഹല്ല് കമ്മിറ്റി കലവറ എന്ന പേരില്‍ സൗജന്യ സൂപ്പര്‍മാര്‍ക്കറ്റുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ഒരുദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഇവിടെനിന്ന് സൗജന്യമായി ലഭിക്കും. ഓരോ ദിവസവും വന്ന് നിങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എടുക്കാം. 21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പായ്ക്കറ്റുകളാണ് ഒരു ദിവത്തേക്കാവശ്യമായി ആദ്യഘട്ടത്തില്‍ ലഭിക്കുക. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ മസ്ജിദിനോടുചേര്‍ന്ന കലവറയിലെത്തി നിങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എടുക്കാം. മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും കലവറയുടെ ഗുണഭോക്താക്കളാണ്. 130 മുസ്‌ലിം വീടുകളും മുപ്പത് ഇതരമതസ്തരുടെ വീടുകളുമാണ് മഹല്ല് പരിസരത്തുള്ളത്.

കലവറയിലേക്കാവശ്യമായ സാധനങ്ങള്‍ സംഭാവനയായി നല്‍കാനും കമ്മിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. സാമ്പത്തികശേഷിയുള്ളവര്‍ക്കും സാധനങ്ങള്‍ എടുക്കാം. ഇതിന് ആനുപാതികമായി സംഭാവന നല്‍കിയാല്‍ മതി. പ്രദര്‍ശിപ്പിച്ച ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ട് സംഭാവന നല്‍കാം. കലവറയ്ക്ക് സുരക്ഷാസംവിധാനങ്ങളോ ജീവനക്കാരോ ഇല്ല. പൂര്‍ണ സ്വാതന്ത്ര്യത്തോടെ പരസ്പര വിശ്വാസവും സഹകരണവും സൗഹൃദവും നിലനിര്‍ത്തി പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ് കലവറയിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹല്ല് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it