Sub Lead

200 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര സിഖുകാര്‍ക്ക് തിരിച്ച് നല്‍കി; പാക് ഭരണകൂടം കൈമാറിയത് ലക്ഷങ്ങള്‍ ചെലവഴിച്ച് പുനരുദ്ധരിച്ച ശേഷം

കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ആയി പ്രവര്‍ത്തിച്ച കെട്ടിടമാണ് പുനരുദ്ധരിച്ച ശേഷം ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാര്‍ ഔദ്യോഗികമായി സിഖ് മതവിഭാഗത്തിന് തിരികെ നല്‍കിയത്.

200 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര സിഖുകാര്‍ക്ക് തിരിച്ച് നല്‍കി; പാക് ഭരണകൂടം കൈമാറിയത് ലക്ഷങ്ങള്‍ ചെലവഴിച്ച് പുനരുദ്ധരിച്ച ശേഷം
X

കറാച്ചി: ബലൂചിസ്താനിലെ 200 വര്‍ഷം പഴക്കമുള്ള ഗുരുദ്വാര സിഖ് വിഭാഗത്തിന് തിരികെ നല്‍കി പാകിസ്താന്‍ പ്രവിശ്യാ ഭരണകൂടം. കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളായി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ ആയി പ്രവര്‍ത്തിച്ച കെട്ടിടമാണ് പുനരുദ്ധരിച്ച ശേഷം ബലൂചിസ്താന്‍ പ്രവിശ്യാ സര്‍ക്കാര്‍ ഔദ്യോഗികമായി സിഖ് മതവിഭാഗത്തിന് തിരികെ നല്‍കിയത്. സിഖ് വിഭാഗത്തിലുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കാനും മതപരമായ ചടങ്ങുകള്‍ നടത്താനുമായി ബുധനാഴ്ചയാണ് ബലൂചിസ്താന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ മസ്ജിദ് റോഡിലുള്ള സിരി ഗുരു സിംഗ് ഗുരുദ്വാര തിരികെ നല്‍കിയത്.

കഴിഞ്ഞ 73 വര്‍ഷമായി വിദ്യാലയമായിരുന്ന ഇവിടം പ്രാര്‍ത്ഥനകള്‍ക്ക് അനുയോജ്യമാംവിധം പുനരുദ്ധരിച്ചതായി ബലൂചിസ്താന്‍ മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയും ഉപദേശകനുമായ ദിനേഷ് കുമാര്‍ വ്യക്തമാക്കി. 14000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്താണ് ക്വറ്റയിലെ സുപ്രധാന ഇടത്തുള്ള ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്.

നിലവിലെ വിപണി വില അനുസരിച്ച് വന്‍വില വരുന്ന സ്ഥലവും കെട്ടിടവും സിഖ് സമുദായത്തിന് തിരികെ നല്‍കാന്‍ അടുത്തിടെയാണ് പ്രവിശ്യാ ഭരണകൂടം തീരുമാനമെടുത്തത്.ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സമീപത്തെ മറ്റ് സ്‌കൂളുകളില്‍ പ്രവേശനം നല്‍കിയതായും ദിനേഷ് കുമാര്‍ വ്യക്തമാക്കുന്നു. ഗുരുദ്വാര പുനരുദ്ധരിച്ച് തിരികെ നല്‍കിയത് സര്‍ക്കാരിന്റെ സമ്മാനമായി കാണുന്നുവെന്ന്് ബലൂചിസ്ഥാനിലെ സിഖ് സമുദായ കമ്മിറ്റി ചെയര്‍മാന്‍ സര്‍ദാര്‍ ജസ്ബീര്‍ സിംഗ് പറഞ്ഞു. ബലൂചിസ്ഥാനിലെ വിവിധ ഇടങ്ങളിലായി താമസിക്കുന്ന 2000 സിഖ് കുടുംബങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ് ഈ ഗുരുദ്വാരയെന്നും സര്‍ദാര്‍ ജസ്ബീര്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹിന്ദു ക്ഷേത്രവും പാക് സര്‍ക്കാര്‍ ഇത്തരത്തില്‍ തിരിച്ചു നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it