Sub Lead

ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍

അതിനിടെ, താരങ്ങളുടെ പരാതിയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

ഗുസ്തി താരങ്ങളെ പിന്തുണച്ച് 1983 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍
X

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമയ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ വനിതകള്‍ ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ തുടരുന്ന സമരത്തിന് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്. കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്ന് കപില്‍ ദേവ് ഉള്‍പ്പെടെയുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടു. നമ്മുടെ നാടിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ക്കെതിരായ കൈയേറ്റ ദൃശ്യങ്ങള്‍ കണ്ടപ്പോഴും പ്രതിഷേധത്തിന്റെ ഭാഗമായി അവര്‍ നദിയില്‍ മെഡലുകള്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും ഞങ്ങള്‍ അസ്വസ്ഥരായി. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയുമെല്ലാം ഫലമാണ് അവര്‍ നേടിയ മെഡലുകള്‍. താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണ്. ഇനി കടുത്ത തീരുമാനമെടുക്കരുതെന്ന് ഞങ്ങള്‍ ഗുസ്തി താരങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. നിലവിലുള്ള പ്രശ്‌നങ്ങളെല്ലാം ഉടനെ പരിഹരിക്കപ്പടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ക്രിക്കറ്റ് താരങ്ങള്‍ വ്യക്തമാക്കി.

1983ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമാണ് ഫൈനലില്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് കിരീടം ചൂടിയത്. ലോകകപ്പ് കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച താരങ്ങളാണ് ഇപ്പോള്‍ ഗുസ്തി താരങ്ങള്‍ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്. അതിനിടെ, താരങ്ങളുടെ പരാതിയില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പരിശീലന കേന്ദ്രങ്ങള്‍, വിവിധ അന്താരാഷ്ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്റെ ഓഫിസ്, റെസ്‌റ്റോറന്റ് ഉള്‍പ്പടെ എട്ടു സ്ഥലങ്ങളില്‍ വച്ച് ലൈംഗികമായി അതിക്രമം കാട്ടിയെന്നും ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേന സ്വകാര്യഭാഗങ്ങളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചെന്നുമാണ് എഫ് ഐആറിലും പറയുന്നത്. നേരത്തേ, വനിതാ താരങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നെങ്കിലും ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല.

Next Story

RELATED STORIES

Share it