Sub Lead

ട്രംപിന്റെ പ്രചരണ റാലികള്‍ കൊവിഡ് വ്യാപനം കുത്തനെ ഉയര്‍ത്തി

ട്രംപ് തന്നെ കൊവിഡിനെ നിസാരവത്കരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മാസ്‌ക് പോലും ധരിക്കാതെ അനുയായികളെ അഭിസംബോധന ചെയ്യാന്‍ ട്രംപ് ഇറങ്ങിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.

ട്രംപിന്റെ പ്രചരണ റാലികള്‍ കൊവിഡ് വ്യാപനം കുത്തനെ ഉയര്‍ത്തി
X

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികള്‍ അമേരിക്കയില്‍ കൊവിഡ് വ്യാപനം കുത്തനെ ഉയര്‍ത്തിയതായി പഠനം. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രംപ് പങ്കെടുത്ത 18 തിരഞ്ഞെടുപ്പ് റാലികളില്‍ നിന്ന് 30,000 ത്തിലധികം കൊറോണ വൈറസ് കേസുകള്‍ ഉണ്ടായതായും 700 ലധികം മരണങ്ങള്‍ക്ക് കാരണമായതായുമാണ് കണ്ടെത്തല്‍. ട്രംപ് റാലികളുടെ കേസ്' എന്ന തലക്കെട്ടില്‍ നടത്തിയ പഠനത്തില്‍, ജൂണ്‍ 20 നും സെപ്തംബര്‍ 22 നും ഇടയില്‍ ട്രംപ് നടത്തിയ 18 റാലികളില്‍ ഗവേഷണം നടത്തിയതിലാണ് റിപോര്‍ട്ട് പുറത്ത് വന്നത്. അതേസമയം റാലികളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമല്ല കൊവിഡ് ബാധിച്ചതെന്നും പഠനത്തില്‍ പറയുന്നു.

വലിയ ഗ്രൂപ്പ് ഒത്തുചേരലുകളില്‍ കൊവിഡ്-19 ന്റെ സംക്രമണത്തിന്റെ അപകടസാധ്യത സംബന്ധിച്ച പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകളെയും ശുപാര്‍ശകളെയും പിന്തുണയ്ക്കുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്ന് ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച് സാമൂഹിക അകലം ഉള്‍പ്പെടെയുള്ളവ പാലിക്കാതെ നടത്തുന്ന റാലികള്‍. മാസ്‌ക് ധരിക്കാതെയോ സാമൂഹിക അകലം പാലിക്കാതെയോ നടത്തുന്ന വലിയ പരിപാടികള്‍ കൊവിഡ് വ്യാപനം വേഗത്തിലാക്കുമെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം ഒത്തുചേരലുകള്‍ സൂപ്പര്‍ സ്പ്രഡിന് കാരണമായേക്കുമെന്നും പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ശക്തമായി ഇത് ദുര്‍ബലപ്പെടുത്തുമെന്നും സിഡിഎസ് ചൂണ്ടിക്കാട്ടുന്നു.

ആയിരത്തലിധികം പേരാണ് കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ട്രംപിന്റെ റാലികളില്‍ പങ്കെടുത്തതെന്ന് പഠനത്തില്‍ പറയുന്നു. ട്രംപ് റാലികളില്‍ പലപ്പോഴും അനുയായികള്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പങ്കെടുത്തതെന്ന വിമര്‍ശനം ശക്തമായിരുന്നു. ട്രംപ് തന്നെ കൊവിഡിനെ നിസാരവത്കരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ മാസ്‌ക് പോലും ധരിക്കാതെ അനുയായികളെ അഭിസംബോധന ചെയ്യാന്‍ ട്രംപ് ഇറങ്ങിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. ഇന്നലെ പുറത്തിറക്കിയ പഠനത്തില്‍ 8.7 ദശലക്ഷത്തിലധികം ജനങ്ങള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 225,000-ത്തിലധികം പേര്‍ മരിച്ചു. ഇത്തരത്തിലുള്ള നിസാരവത്കരണം പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ശക്തമായി ദുര്‍ബലപ്പെടുത്തുന്നതാണന്ന് ഗവേഷകര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it