Sub Lead

രാജസ്ഥാനില്‍ ജയില്‍ കാവല്‍ക്കാര്‍ക്കുനേരേ മുളകുപൊടിയെറിഞ്ഞ് 16 തടവുകാര്‍ രക്ഷപ്പെട്ടു

സുരക്ഷാസംവിധാനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന്റെ പേരില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് ജയില്‍ ഭരണകൂടം സസ്‌പെന്റ് ചെയ്തത്.

രാജസ്ഥാനില്‍ ജയില്‍ കാവല്‍ക്കാര്‍ക്കുനേരേ മുളകുപൊടിയെറിഞ്ഞ് 16 തടവുകാര്‍ രക്ഷപ്പെട്ടു
X

ജയ്പൂര്‍: രാജസ്ഥാനിലെ ജയിലില്‍ കാവല്‍ നിന്നിരുന്ന ജീവനക്കാര്‍ക്കുനേരേ മുളകുപൊടിയെറിഞ്ഞശേഷം 16 തടവുകാര്‍ രക്ഷപ്പെട്ടു. രാജസ്ഥാന്‍ ജോധ്പൂരിലെ ഫലോഡി ജയിലിലാണ് സംഭവം. സുരക്ഷാസംവിധാനത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന്റെ പേരില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഹെഡ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് ജയില്‍ ഭരണകൂടം സസ്‌പെന്റ് ചെയ്തത്. ജയില്‍ വകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ അശ്രദ്ധയുണ്ടായെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തത്.

സുഖ്‌ദേവ്, ജഗദീഷ്, ഷൗക്കത്ത് അലി, അശോക്, പ്രേം, അനില്‍, പ്രദീപ്, രാജ്കുമാര്‍, മോഹന്‍, ശ്രാവണ്‍, മുകേഷ്, ശിവ പ്രതാപ്, ശങ്കര്‍, ഹനുമാന്‍, മഹേന്ദ്ര എന്നിവരാണ് രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാവല്‍ക്കാര്‍ക്കുനേരേ കുരുമുളകുപൊടി എറിഞ്ഞ് അവരെ അന്ധരാക്കുകയും തടവുകാര്‍ രക്ഷപ്പെടുകയുമായിരുന്നുവെന്ന് ജയില്‍ വകുപ്പിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം റിപോര്‍ട്ട് ചെയ്തത്.

ഫലോഡി പോലിസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് ഗുരുതരമായ സംഭവമാണ്. അതിന് ഉത്തരവാദികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവും. രക്ഷപ്പെട്ട തടവുകാരെക്കുറിച്ച് അന്വേഷിക്കുന്നതിനും ഇവരെ തിരികെയെത്തിക്കുന്നതും സഹായിക്കുന്നതിന് പോലിസ് സൂപ്രണ്ട് ജോധ്പൂര്‍ റൂറലിന്റെ ഓഫിസുമായി വകുപ്പ് ബന്ധപ്പെടുന്നുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ (ജയില്‍) രാജീവ് ദസോട്ട് പ്രസ്താവനയില്‍ പറഞ്ഞു.

ജോധ്പൂരിന്റെയും ബിക്കാനെയറിന്റെയും അതിര്‍ത്തികള്‍ അടച്ചിട്ട് ലോക്കല്‍ പോലിസിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് ജോധ്പൂരില്‍നിന്നുള്ള പ്രത്യേകസംഘം നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും സബ് ജയിലില്‍നിന്ന് കണ്ടെടുത്തെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ഡെപ്യൂട്ടി ജയിലര്‍ സത്യേന്ദ്രയെ സസ്‌പെന്റ് ചെയ്യുകയും പുതുതായി നിയമിതനായ ഡെപ്യൂട്ടി ജയിലര്‍ തിങ്കളാഴ്ച വൈകീട്ട് ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it