Latest News

സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്

സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്
X

തിരുവനന്തപുരം: മന്ത്രിസഭയിലെ മുഴുവന്‍ സിപിഎം മന്ത്രിമാരെയും ഒമ്പത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം. വീണ ജോര്‍ജിനെ മത്സരിപ്പിക്കരുതെന്ന ഭര്‍ത്താവിന്റെ ആവശ്യം സിപിഎം തള്ളി. ആറന്മുളയില്‍ വീണാ ജോര്‍ജും, തവനൂരില്‍ കെ ടി ജലീലും മത്സരിക്കും.

അതേസമയം, സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ സംസ്ഥാന കമ്മിറ്റി ഇന്ന് ചേരും. രാവിലെ എകെജി സെന്ററിലാണ് യോഗം. തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിക്കുന്നതില്‍ വലിയ എതിര്‍പ്പ് ജില്ലയില്‍ നിന്ന് ഉയര്‍ന്നിരുന്നു. മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേക്കുള്ള കെ കെ ശൈലജയുടെ മാറ്റവും ചര്‍ച്ചയ്ക്ക് വന്നേക്കും. ഇന്ന് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന പട്ടിക നാളെ എല്ലാ ജില്ലാ കമ്മിറ്റികളും ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാകും. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാത്രം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി രംഗത്തിറക്കിയാല്‍ മതിയെന്നാണ് സിപിഎം തീരുമാനം.

17 അംഗ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് 9 പേരും മത്സരിക്കണമെന്നാണ് സിപിഎം തീരുമാനം. ഉടുമ്പിന്‍ ചോലയില്‍ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ മത്സരിക്കും. ഇടതുമുന്നണി കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ മത്സരിക്കുന്ന കാര്യം ഇന്നലെ മാത്രമാണ് തീരുമാനിച്ചത്. സെക്രട്ടറിയേറ്റ് അംഗങ്ങളായ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും സിറ്റിംങ് സീറ്റുകളില്‍ തന്നെ ജനവിധി തേടും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ഇരിങ്ങാലക്കുടയില്‍ മത്സരിക്കും. തൃത്താലയില്‍ തന്നെയാകും എം.ബി രാജേഷ് കളത്തിലിറങ്ങുന്നത്.

തവനൂരില്‍ ജില്ലാ നേതൃത്വം കെ.ടി ജലീലിന്റെ പേരിനൊപ്പം വി പി സാനുവിനേയും നിര്‍ദേശിച്ചിരുന്നു. മത്സരിക്കാന്‍ താല്പര്യമില്ലെന്ന് കെ ടി ജലീല്‍ നേരത്തെ പറഞ്ഞെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത് കെ ടി ജലീലിനെ തന്നെയാണ്. പൊന്നാനിയില്‍ എം.സ്വരാജിനെ വേണമെന്ന് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും പിഎസ്സി മുന്‍ ചെയര്‍മാന്‍ സക്കീറിന്റെ പേരിനാണ് സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കിയത്. കൊല്ലം മണ്ഡലത്തില്‍ എസ്.ജയമോഹന്‍ മത്സരിക്കുമ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് പുതിയ ആളെ സിപിഎം കണ്ടെത്തും. ജില്ലാ സെക്രട്ടറിയേറ്റുകള്‍ നല്‍കിയ ശുപാര്‍ശയില്‍ കാര്യമായ മറ്റു മാറ്റങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വരുത്തിയിട്ടില്ല എന്നാണ് വിവരം.

Next Story

RELATED STORIES

Share it