Sub Lead

യുപിയില്‍ വ്യാജമദ്യം കഴിച്ച് 11 പേര്‍ മരിച്ചു; നിരവധി പേര്‍ ആശുപത്രിയില്‍, അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവത്തില്‍ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്താനും അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. മദ്യവില്‍പ്പന ഉടമ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തു.

യുപിയില്‍ വ്യാജമദ്യം കഴിച്ച് 11 പേര്‍ മരിച്ചു; നിരവധി പേര്‍ ആശുപത്രിയില്‍, അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അലിഗഢില്‍ വ്യാജമദ്യം കഴിച്ച് 11 പേര്‍ മരിച്ചു. നിരവധി പേരെ മദ്യം കഴിച്ച് അവശനിലയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലൈസന്‍സുള്ള കച്ചവടക്കാരന്‍ വില്‍പ്പന നടത്തിയ മദ്യമാണ് ഇവര്‍ കഴിച്ചത്. സംഭവത്തില്‍ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്താനും അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. മദ്യവില്‍പ്പന ഉടമ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. കര്‍സിയയിലെ കച്ചവടക്കാരനില്‍നിന്ന് വാങ്ങിയ തദ്ദേശനിര്‍മിത മദ്യം കഴിച്ച് രണ്ടുപേര്‍ മരിച്ചതായുള്ള വിവരം ലോധ പോലിസ് സ്‌റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ തന്നെ ലഭിച്ചിരുന്നതായി ഡിഐജി ദീപക് കുമാര്‍ പറഞ്ഞു.

പോലിസും മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയപ്പോള്‍ കാര്‍സിയയിലും സമീപഗ്രാമങ്ങളിലും ആറുപേര്‍ കൂടി സമാന രീതിയില്‍ മരിച്ചതായി കണ്ടെത്തുകയായിരുന്നു. അലിഗഢ് തപാല്‍ ഹൈവേയിലെ ഗ്യാസ് ഡിപ്പോയില്‍ ജോലിക്കായി തടിച്ചുകൂടിയ ട്രക്ക് ഡ്രൈവര്‍മാരാണ് മരിച്ചതെന്ന് ഡിഐജി ദീപക് കുമാര്‍ അറിയിച്ചു. ആരോഗ്യനില വഷളായതിനാല്‍ ആദ്യം ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവരെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഡി ശര്‍മ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് മദ്യവില്‍പ്പനശാല അടച്ചുപൂട്ടി. പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മദ്യം കുടിച്ച് അവശരായവരെ കണ്ടെത്തുന്നതിനും വൈദ്യസഹായം നല്‍കുന്നതിനും ആറ് പോലിസ് ടീമുകള്‍ ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് സീനിയര്‍ പോലിസ് സൂപ്രണ്ട് കലാനിധി നൈതാനി പറഞ്ഞു. ജില്ലാ എക്‌സൈസ് ഓഫിസര്‍ ധീരജ് ശര്‍മ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ രാജേഷ് കുമാര്‍ യാദവ്, ചന്ദ്രപ്രകാശ് യാദവ്, ഹെഡ് കോണ്‍സ്റ്റബിള്‍ അശോക് കുമാര്‍; കോണ്‍സ്റ്റബിള്‍ രാം രാജ് റാണ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തതെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി (എക്‌സൈസ്) സഞ്ജയ് ഭൂസ്രെഡി പറഞ്ഞു.

ഇവര്‍ക്കെതിരേ വകുപ്പുതല നടപടിയും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അഡീ. ജില്ലാ മജിസ്‌ട്രേറ്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണം നടത്തുകയെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷന്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കുറ്റവാളികളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) നടപ്പാക്കാനും സാധ്യതയുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി ഡിഐജി പറഞ്ഞു.

Next Story

RELATED STORIES

Share it