Sub Lead

ഗാര്‍ഗി കോളജിലെ കൂട്ട ലൈംഗികാതിക്രമം: 10 പേര്‍ അറസ്റ്റില്‍

പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള റാലിയില്‍ പങ്കെടുത്തവരാണ് പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു

ഗാര്‍ഗി കോളജിലെ കൂട്ട ലൈംഗികാതിക്രമം: 10 പേര്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാര്‍ഗി കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ കൂട്ട ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ 10 പേരെ പോലിസ് അറസ്റ്റ് ചെയ്തു. കോളജിലെ വാര്‍ഷികാഘോഷത്തിനിടെയാണ് 30 ഓളം പേര്‍ ലൈംഗിക പീഡനത്തിനിരയായത്. സംഭവം 11ലേറെ പോലിസ് സംഘങ്ങളാണ് കേസന്വേഷിക്കുന്നത്. പോലിസ് സംഘം നിരവധി പേരെ ചോദ്യംചെയ്തു. കോളജ് അധികൃതരെയും പോലിസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജ് ഫെസ്റ്റായ 'റെവറി'യില്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ പുറത്തുനിന്നെത്തിയവര്‍ അതിക്രമം കാണിച്ചത്. സംഭവസമയം പോലിസോ സുരക്ഷാ ഗാര്‍ഡുകളോ അക്രമികളെ തടഞ്ഞില്ലെന്നു വിദ്യാര്‍ത്ഥികളും അധ്യാപകരും ആരോപിച്ചിരുന്നു. പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള റാലിയില്‍ പങ്കെടുത്തവരാണ് പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതെന്നും വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു.

സംഭവം നടന്ന് നാലുദിവസത്തിന് ശേഷമാണ് പോലിസ് കേസെടുത്തത്. പരാതി നല്‍കാനെത്തിയപ്പോള്‍ കോളജ് ഭരണകൂടം തങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. തലസ്ഥാന നഗരത്തില്‍ അറിയപ്പെടുന്ന സ്ഥാപനത്തില്‍പോലും സുരക്ഷയില്ലെന്ന് ആരോപിച്ച് നൂറോളം വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച കോളജ് കാംപസിനുള്ളില്‍ പ്രതിഷേധ പ്രകടനം നടത്തിയതിനു ശേഷമാണ് അറസ്റ്റ് നടന്നതെന്നും ശ്രദ്ധേയമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മീഷനും ഒരു സംഘത്തെ കോളജിലേക്ക് അയച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് രൂപീകരിച്ച വസ്തുതാന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it