Sub Lead

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരേ പോലിസ് വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരേ പോലിസ് വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
X

കൊളംബോ: ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരേ പോലിസ് വെടിവയ്പ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കന്‍ സര്‍ക്കാരിനെതിരേ ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭത്തിന് നേരേ ഇതാദ്യമായാണ് പോലിസ് വെടിവയ്പ്പുണ്ടാവുന്നത്. ആള്‍ക്കൂട്ടം അക്രമാസക്തരാവുകയും തങ്ങളുടെ നേരേ കല്ലെറിയുകയും ചെയ്തതിനെത്തുടര്‍ന്നാണ് വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായതെന്ന് ശ്രീലങ്കന്‍ പോലിസ് വക്താവ് വിശദീകരിച്ചു. തലസ്ഥാനമായ കൊളംബോയില്‍നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള റംബുക്കാനയിലാണ് വെടിവയ്പ്പുണ്ടായത്.

അതിരൂക്ഷമായ ഇന്ധനക്ഷാമത്തിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് ജനങ്ങള്‍ ഹൈവേ ഉപരോധിക്കുകയായിരുന്നു. പ്രതിഷേധം നടന്ന ഹൈവേ മധ്യനഗരമായ കാന്‍ഡിയെ തലസ്ഥാനമായ കൊളംബോയുമായി ബന്ധിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രകോപിതരായ പതിനായിരക്കണക്കിന് വാഹന ഉടമകളാണ് ടയറുകള്‍ കത്തിച്ചും കൊളംബോയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയും പ്രതിഷേധം പ്രകടിപ്പിച്ചത്.

രാജ്യത്തെ പ്രധാന പെട്രോള്‍ ചില്ലറ വിതരണസ്ഥാപനം ഇന്ന് വില 65 ശതാമനത്തിലധികം വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ലങ്കന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ ഒരു ലിറ്റര്‍ 92 ഒക്ടെയ്ന്‍ പെട്രോളിന്റെ വില 84 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ പെട്രോള്‍ ലിറ്ററിന് വില 338 രൂപയായി ഉയരുകയും ചെയ്തു. രാജ്യത്തെ പ്രധാന ശിശു ആശുപത്രിയിലെ ഡോക്ടര്‍മാരും ഇന്ന് പ്രതിഷേധം നടത്തിയിരുന്നു. മരുന്നുകളുടെയും ഉപകരണങ്ങളുടെയും ദൗര്‍ലഭ്യം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം.

അവശ്യവസ്തുക്കളായ ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയവ ഇറക്കുമതി ചെയ്യാന്‍ വിദേശനാണ്യമില്ലാതെ വലയുകയാണ് ശ്രീലങ്ക. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആരംഭിച്ച് ആഴ്ചകള്‍ പിന്നിടുകയുമാണ്. 1948ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോവുന്നത്. പേയ്‌മെന്റ് ബാലന്‍സ് പ്രതിസന്ധിയെ തരണം ചെയ്യുന്നതിനും കരുതല്‍ ധനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ശ്രീലങ്ക അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് നാല് ബില്യന്‍ ഡോളര്‍ വരെയാണ് സഹായം ആവശ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it