Sub Lead

യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം

യുഎഇക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം
X

അബുദാബി: യുഎഇക്ക് നേരെ വീണ്ടും ഹൂതി വിമതരുടെ ആക്രമണ ശ്രമം. പുലര്‍ച്ചെ യുഎഇയുടെ വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയ ഹൂതി വിമതരുടെ മൂന്ന് ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതിനാല്‍ ആളപായമില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് അവസ്ഥയെയും നേരിടാന്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

അതേസമയം യുഎഇക്ക് സുരക്ഷയൊരുക്കാന്‍ സൈന്യത്തെ അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഹൂതികളുടെ മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഗൈഡഡ് മിസൈല്‍ പ്രതിരോധ സംവിധാനവും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അയക്കുമെന്ന് വാഷിങ്ടണിലെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.

ഇതോടൊപ്പം യുദ്ധവിമാനങ്ങളും യുദ്ധ കപ്പലുകളും എത്തും. അമേരിക്കന്‍ യുദ്ധ കപ്പലായ യുഎസ്എസ് കോള്‍ ഇനി യുഎഇ നാവിക സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കും. ഏത് സമയവും ആക്രമണത്തിന് തയ്യാറായി നില്‍ക്കാനാണ് യുഎസ് നാവിക സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. യമന് നേരെയുള്ള ആക്രണത്തില്‍ സൗദി സഖ്യസേനയെ സഹായിക്കുന്നുവെന്നാരോപിച്ച് ഒരു മാസത്തിനിടെ നാല് ആക്രമണങ്ങളാണ് യുഎഇക്ക് നേരെ ഹൂതി വിമതര്‍ നടത്തിയത്.

Next Story

RELATED STORIES

Share it