Sub Lead

കണ്ണൂര്‍ ജില്ല എപ്പോള്‍ വേണമെങ്കിലും എ കാറ്റഗറിയിലേക്ക് മാറാം; അടിയന്തിരപ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനം

കണ്ണൂര്‍ ജില്ല എപ്പോള്‍ വേണമെങ്കിലും എ കാറ്റഗറിയിലേക്ക് മാറാം;  അടിയന്തിരപ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കാന്‍ തീരുമാനം
X

കണ്ണൂര്‍: കൊവിഡ് പോസിറ്റീവായ രോഗികളുടെ ചികിത്സാര്‍ത്ഥം തലശ്ശേരി ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ അടിയന്തിരപ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകള്‍ രണ്ടാഴ്ചക്കാലത്തേക്ക് ഡിഎംഒയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിവെക്കാന്‍ വെള്ളിയാഴ്ച ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കൊവിഡ് ഗുരുതരാവസ്ഥയിലുള്ള സി കാറ്റഗറിയില്‍പ്പെട്ട രോഗികളെ മാത്രം പ്രവേശിപ്പിക്കേണ്ടതിനാല്‍ ജില്ലാ കണ്‍ട്രോള്‍ സെല്‍ മുഖാന്തരം റഫര്‍ ചെയ്യുന്ന രോഗികളെ മാത്രം പ്രവേശിപ്പിക്കും.

ജില്ലയില്‍ കൊവിഡ് ക്ലസ്റ്ററുകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കാന്‍ തീരുമാനിച്ചു. കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്ന പക്ഷം ഡി.എം.ഒ (ആരോഗ്യം) അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യും. ക്ലസ്റ്ററുകള്‍ രൂപപ്പെട്ട പ്രദേശത്ത് മാത്രം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി/അസി. സെക്രട്ടറിമാരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് ആയി നിയമിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ നടപടികള്‍ സ്വീകരിക്കണം.

നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയ്യതികളില്‍ ജില്ലയില്‍ അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. വ്യവസായ വകുപ്പ് മുഖാന്തിരം ഏറ്റെടുത്തിട്ടുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ നിലവില്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ തിരിച്ച് നല്‍കാവുന്നതാണ്.

നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നതിനായി ആശുപത്രിയില്‍ അഡ്മിറ്റാകുന്നവരുടെ എണ്ണം കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലയുടെ കാറ്റഗറി എല്ലാ ദിവസവും ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കളക്ടര്‍ക്ക് നല്‍കും. ജില്ലയുടെ കാറ്റഗറി പ്രകാരം സര്‍ക്കാര്‍ ഉത്തരവിലെ ഓരോ കാറ്റഗറിയിലെയും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനുള്ള നടപടി പോലീസും മറ്റു വകുപ്പുകളും സ്വീകരിക്കേണ്ടതാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള കാറ്റഗറികള്‍ ഇവയാണ്.

എ വിഭാഗം:

1. എല്ലാ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മതപരമായ സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ബി വിഭാഗം:

1. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മതപരമായ സാമുദായിക പൊതു പരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍മാരായി മാത്രം നടത്തേണ്ടതാണ്.

2. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ

സി വിഭാഗം

1. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മതപരമായ സാമുദായിക പൊതു പരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍മാരായി മാത്രം നടത്തേണ്ടതാണ്.

2. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുള്ളൂ

3. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍ ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല

4. ബിരുദ ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ മാതൃകയില്‍ ബയോബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബാധകമല്ല.

എപ്പോള്‍ വേണമെങ്കിലും എ കാറ്റഗറിയിലേക്ക് ജില്ല മാറാം

ജില്ലയില്‍ കോവിഡ് രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണെന്നും നിലവില്‍ ദിവസം ശരാശരി ടി പി ആര്‍ 32.7% ആണെന്നും എപ്പോള്‍ വേണമെങ്കിലും എ കാറ്റഗറിയിലേക്ക് ജില്ല മാറുമെന്നും അതിനനുസരിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തില്‍ ഡി എം ഒ അറിയിച്ചു

കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ വിവരങ്ങള്‍ യഥാസമയം അപ്‌ലോഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ച് ജനുവരി 22ന് രാവിലെ 10 മണിക്ക് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണം. ഗ്രാമപഞ്ചായത്തുകള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖാന്തിരവും മുനിസിപ്പാലിറ്റികള്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഖേനയും കോര്‍പറേഷന്‍ നേരിട്ടും റിപ്പോര്‍ട്ട് നല്‍കും.

വാര്‍ഡ് തല സമിതിയിലേക്ക് മതിയായ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവികള്‍ അടിയന്തിരമായി നിയമിക്കും. കോവിഡ് പോസിറ്റീവ് ആയ രോഗികള്‍ കൃത്യമായി മാനദണ്ഡ പ്രകാരം ഐസൊലേഷനില്‍ കഴിയുന്നുണ്ടോ എന്ന് വാര്‍ഡ് തല സമിതി ഉറപ്പു വരുത്തും.

കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചതിനാല്‍, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജില്ലാ പ്ലാനിങ് ഓഫീസിലെ നാലാം നിലയിലെ കോണ്‍ഫറന്‍സ് ഹാള്‍ കോവിഡ് കണ്‍ട്രോള്‍ റൂമായി തുടരും. കണ്‍ട്രോള്‍ സെല്ലിലേക്കും മറ്റും നിയമിച്ചിട്ടുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടെയും മറ്റും സേവനം ഫെബ്രുവരി 28 വരെ തുടരാം.

യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരാണ നായ്ക്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it