Sub Lead

കര്‍ഷകന്റെ വീട് ജപ്തി ചെയ്ത ബാങ്ക് 'ജപ്തി' ചെയ്ത് കര്‍ഷകരുടെ വേറിട്ട പ്രതിഷേധം

കര്‍ഷകന്റെ വീട് ജപ്തി ചെയ്ത ബാങ്ക് ജപ്തി ചെയ്ത് കര്‍ഷകരുടെ വേറിട്ട പ്രതിഷേധം
X

കല്‍പറ്റ: വീട് ജപ്തി ചെയ്തതിനെതിരെ പ്രതീകാത്മകമായി ബാങ്ക് ജപ്തി ചെയ്ത് കര്‍ഷകരുടെ വേറിട്ട പ്രതിഷേധം. അഞ്ചുകുന്നില്‍ വായ്പ കുടിശ്ശികയുടെ പേരില്‍ പുത്തന്‍വീട്ടില്‍ പ്രമോദിന്റെ വീടും പുരയിടവും ജപ്തി ചെയ്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍പ്പറ്റ ബ്രാഞ്ച് പ്രതീകാത്മകമായി ജപ്തി ചെയ്തത്.

ഇന്ന് രാവിലെ ബാങ്ക് തുറന്നപ്പോള്‍ എത്തിയ പ്രവര്‍ത്തകര്‍ ജീവനക്കാരെ പുറത്താക്കിയ ശേഷം ബാങ്ക് താഴിട്ട് പൂട്ടി. ഇന്നലെ അഡ്വ.ജോഷി സിറിയക്കിന്റെ നേതൃത്വത്തില്‍ കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ ജപ്തിക്കിരയായ പ്രമോദിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

2015ല്‍ ചെറുകിട വ്യവസായം ആരംഭിക്കുന്നതിന് ബാങ്ക് ഓഫ് ഇന്ത്യ കല്‍പ്പറ്റ ബ്രാഞ്ചില്‍ നിന്ന് 14.4 ലക്ഷം രൂപ പ്രമോദ് വായ്പയെടുത്തിരുന്നു. പല തവണയായി അഞ്ച് ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. വായ്പ കുടിശ്ശികയായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് കോടതി നിയോഗിച്ച കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രമോദിന്റെ വീടും 60 സെന്റ് പുരയിടവും ജപ്തി ചെയ്തത്. കല്‍പ്പറ്റ ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തതായി അറിയിക്കുന്ന ബാനറും വീടിന് മുന്നില്‍ പതിച്ചിരുന്നു. കര്‍ഷകരുടെ കടം തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചതിനിടയിലായിരുന്നു ബാങ്കിന്റെ നടപടി.

വൈകുന്നേരം ഹരിത സേനാ പ്രവര്‍ത്തകര്‍ എത്തി വീട് തിരിച്ച് പിടിച്ച് പൂട്ട് തുറന്ന് പ്രമോദിനെയും കുടുംബത്തെയും ആ വീട്ടില്‍ തന്നെ താമസിപ്പിച്ചു. ഇന്ന് ഹരിത സേനയും ഫാര്‍മേഴ്‌സ് റിലീഫ് ഫോറവും ചേര്‍ന്ന് ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രാവിലെ കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബാങ്ക് പ്രതീകാത്മകമായി ജപ്തി ചെയ്തത്.

മാസം 32,000 രൂപ വീതം നാല് ഇന്‍സ്റ്റാള്‍മെന്റ് പ്രമോദ് കൃത്യമായി അടച്ചിരുന്നു. കൃഷിയില്‍ വലിയ നഷ്ടം നേരിട്ടതിനെ തുടര്‍ന്നാണ് ബാക്കി തുക തിരിച്ചടക്കാന്‍ സാധിക്കാതിരുന്നതെന്ന് പ്രമോദ് പറയുന്നു. തുടര്‍ന്ന് ബാങ്ക് പണംതിരിച്ചുപിടിക്കല്‍ നടപടികള്‍ക്ക് തുടക്കമിട്ടതോടെ 2016ല്‍ 3.40 ലക്ഷം രൂപ കൂടി അടച്ചിരുന്നു. പല തവണ ഒത്തുതീര്‍പ്പില്‍ എത്തുന്നതിന് ശ്രമം നടത്തിയെങ്കിലും ഒറ്റത്തവണ അടച്ചുതീര്‍ക്കമെന്ന് ബാങ്ക് നിര്‍ബന്ധം പിടിച്ചു. പിന്നീട് ബാങ്ക് ഹൈക്കോടതിയെ സമീപിച്ചു. പ്രമോദ് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് മൂന്ന് ഇന്‍സ്റ്റാള്‍മെന്റായി അടക്കാന്‍ ബാങ്ക് ഉത്തരവിട്ടു. എന്നാല്‍, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രമോദിന് അതിനും സാധിച്ചില്ല.

അതേ സമയം, കാര്‍ഷിക ലോണ്‍ അല്ലാത്തതിനാല്‍ മോറട്ടോറിയത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ബാങ്കിന്റെ നിലപാട്. പ്രമോദിന് പണം അടക്കാന്‍ പല തവണ അവസരം നല്‍കിയതാണെന്നും ബാങ്ക് അവകാശപ്പെടുന്നു.

Next Story

RELATED STORIES

Share it