Sub Lead

അറബ് വസന്തത്തിന് എന്താണ് സംഭവിച്ചത്?

തുണീസ്യയില്‍ നിന്നാരംഭിച്ച് ലിബിയ, ഈജിപ്ത്, യെമന്‍, സിറിയ, ബഹ്‌റെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്വോച്ഛാധിപത്യ ഭരണകൂടങ്ങളെ ഭയവിഹ്വലരാക്കി കടന്നുപോയ ജനകീയ വിമോചന വിപ്ലവം ഇന്ന് പലയിടത്തും ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാനാവാതെ, ജനതയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും തകര്‍ന്നടിഞ്ഞ് തെരുവില്‍ ചിതലരിച്ച് നില്‍ക്കുന്നതാണ് പലയിടത്തും കാണാനാവുന്നത്.

അറബ് വസന്തത്തിന് എന്താണ് സംഭവിച്ചത്?
X

ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടിയില്‍ ജനതയെ ഒന്നടങ്കം അടക്കി ഭരിച്ച സ്വോച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരേ അറബ് വസന്തം എന്ന ഓമനപ്പേരില്‍ 2011ല്‍ ഉത്തര ആഫ്രിക്കയിലും മധ്യേപൂര്‍വദേശത്തും കത്തിപ്പടര്‍ന്ന ജനകീയ മുന്നേറ്റം ഒരു പതിറ്റാണ്ടിനിപ്പുറം അത് മുന്നോട്ട് വച്ച ലക്ഷ്യങ്ങള്‍ ഒക്കെ കൈവിട്ട് തെരുവില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്.

തുണീസ്യയില്‍ നിന്നാരംഭിച്ച് ലിബിയ, ഈജിപ്ത്, യെമന്‍, സിറിയ, ബഹ്‌റെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്വോച്ഛാധിപത്യ ഭരണകൂടങ്ങളെ ഭയവിഹ്വലരാക്കി കടന്നുപോയ ജനകീയ വിമോചന വിപ്ലവം ഇന്ന് പലയിടത്തും ലക്ഷ്യങ്ങളില്‍നിന്ന് ഏറെ അകന്ന് ജനതയുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും തകര്‍ന്നടിഞ്ഞ് തെരുവില്‍ ചിതലരിച്ച് നില്‍ക്കുന്നതാണ് പലയിടത്തും കാണാനാവുന്നത്.

സര്‍വാധിപതികളായി പതിറ്റാണ്ടുകള്‍ ഭരണചക്രം തിരിച്ച് രാജ്യത്ത് കട്ടുമുടിച്ച നേതൃത്വങ്ങളെ, വിമോചനത്തിന്റെ കൊടുക്കൂറയ്ക്ക് കീഴില്‍ അണിനിരന്ന സാധാരണക്കാര്‍ തെരുവില്‍ വെല്ലുവിളിച്ചു. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന എളിയ ആവശ്യമായിരുന്നു അവര്‍ മുന്നോട്ട് വച്ചത്. എന്നാല്‍, അധികാരത്തിന്റെ സര്‍വ്വസുഖങ്ങളും ആസ്വദിച്ച് നിലകൊണ്ട ഈ രാജ്യങ്ങളിലെ ഏകാധിപതികള്‍ അതിനെ ചെവികൊണ്ടില്ലെന്നു മാത്രമല്ല പലരും ക്രൂരമായി ഈ ജനകീയ വിപ്ലവത്തെ നേരിടുകയും ചെയ്തു. ചില രാജ്യങ്ങളില്‍ പ്രക്ഷോഭം ഫലം കണ്ടപ്പോള്‍, സിറിയ പോലുള്ള മറ്റു ചില രാജ്യങ്ങളില്‍ സാമൂഹിക ജീവിതം കൂടുതല്‍ ഛിന്നഭിന്നമായി.

സ്വോച്ഛാധിപതികളുടെ തിട്ടൂരങ്ങള്‍ക്കു മുന്നില്‍ ഭയവിഹ്വലരായി നിന്ന ജനങ്ങള്‍ക്ക് ഒന്നടങ്കം പ്രതീക്ഷയേകുന്നതായിരുന്നു തുണീസ്യയിലെ സംഭവ വികാസങ്ങള്‍. എന്നാല്‍, എല്ലാ പ്രതീക്ഷകളേയും അട്ടിമറിച്ച് രാജ്യത്തെ വീണ്ടും ഏകാധിപത്യത്തിലേക്ക് തള്ളിവിടുകയാണ് തുണീസ്യയിലെ നിലവിലെ പ്രസിഡന്റ് ഖൈസ് സഈദ്. ജനഹിതപരിശോധനയില്‍ പാസാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പുതിയ ഭരണഘടനയ്ക്ക് കീഴില്‍ അധികാരം മുഴുവന്‍ തന്നിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് തുണീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്.

ഈ മാറ്റങ്ങള്‍ തുണീസ്യയിലെ ജനാധിപത്യത്തിന് വലിയ പ്രഹരമേല്‍പ്പിക്കുമെന്നാണ് സഈദിന്റെ എതിരാളികള്‍ ഭയപ്പെടുന്നത്. പലയിടങ്ങളിലും അടിച്ചമര്‍ത്തലുകളിലും ആഭ്യന്തരയുദ്ധങ്ങളിലും അവസാനിച്ച സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരായ അറബ് വസന്ത പ്രക്ഷോഭങ്ങളുടെ ഏക വിജയഗാഥ തുണീസ്യയിലേത് മാത്രമായിരുന്നു. അതും കൈവിട്ടു പോവുന്നതാണ് ഇപ്പോള്‍ കാണുന്നത്.

തുണീസ്യ

തുണീസ്യന്‍ തലസ്ഥാനമായ തുനീസില്‍നിന്നു അകലെയുള്ള സിദി ബോസിദ് എന്ന ചെറുപട്ടണത്തില്‍ 2010 ഡിസംബര്‍ 17നു തൊഴില്‍രഹിതനായ മുഹമ്മദ് ബൊസിസി സ്വയം തീ കൊളുത്തിയതാണ് അറബ് വസന്തമെന്ന പേരില്‍ ആളിക്കത്തിയ ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കം. 2011 ജനുവരി 4ന് അയാള്‍ മരിച്ചു. ബിരുദം നേടിയിട്ടും ജോലി കിട്ടാതിരുന്ന യുവാവ് ഉന്തുവണ്ടിയില്‍ പച്ചക്കറി വിറ്റ് ഉപജീവനം കഴിക്കുകയായിരുന്നു. എന്നാല്‍ അനധികൃത വ്യാപാരം എന്ന പേരില്‍ പോലിസ് അയാളെ തടയുകയും സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.

അദ്ദേഹത്തിന്റെ പട്ടണമായ സിദി ബോസിദില്‍ ആരംഭിച്ച ചെറു പ്രക്ഷോഭം രാജ്യത്താകെ ആളിപ്പടരുന്നതാണ് പിന്നീട് കണ്ടത്. ഇത് ജനകീയ വികാരം ഭരണക്കൂടത്തിനെതിരെ ആളിപ്പടരാന്‍ കാരണമായി. 23 വര്‍ഷമായി തുണീസ്യ അടക്കിഭരിക്കുന്ന സൈനല്‍ ആബിദീന്‍ ബിന്‍ അലിക്കെതിരായ കലാപമായി ഇത് അതിവേഗം മാറി. അറബ് വസന്തത്തിന്റെ തുടക്കം ഇവിടെനിന്നായിരുന്നു. സമാനമായ ഏകാധിപത്യ ഭരണം നിലനിന്നിരുന്ന മേഖലയിലെ ഒട്ടേറെ രാജ്യങ്ങളിലും ഇതിന്റെ അനുരണനങ്ങള്‍ പെട്ടെന്നുണ്ടായി. എങ്കിലും ഈജിപ്ത്, ലിബിയ, സിറിയ, ട്യുണീസിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു പ്രക്ഷോഭം അതിന്റെ രൗദ്രഭാവം പൂണ്ടത്.

പ്രസിഡന്റ് സൈനുല്‍ ആബിദീന്‍ ബിന്‍ അലി 2011 ജനുവരി 14ന് രാജ്യംവിട്ടോടി. ഇത് മറ്റിടങ്ങളിലും ജനകീയ വിപ്ലവത്തിന് പ്രചോദനമായി മാറി.

1956ല്‍ ഫ്രാന്‍സില്‍ നിന്ന് സ്വാതന്ത്ര്യം നേടിയെങ്കിലും ട്യുണീസ്യന്‍ ജനത ജനാധിപത്യത്തിന്റെ രുചി അറിഞ്ഞിരുന്നില്ല. ആദ്യ പ്രസിഡന്റ് ഹബീബ് ബുര്‍ഗ്വീബ 1978ല്‍ ആജീവനാന്ത പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ബിന്‍ അലി. 1987ല്‍ അദ്ദേഹത്തെ പുറത്താക്കി ബിന്‍ അലി അധികാരം പിടിച്ചെടുത്തു.

ഭരണത്തിനെതിരായ അതൃപ്തിയും തൊഴിലില്ലായ്മയും വിലക്കയറ്റവും ചേര്‍ന്ന് പുകഞ്ഞിരുന്ന ജനങ്ങള്‍ ഒടുവില്‍ പൊട്ടിത്തെറിച്ചു. മുഹമ്മദ് ബൊസിസിയുടെ ആത്മഹത്യ അതിനു നിമിത്തമായെന്നു മാത്രം. പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ബിന്‍ അലി ശ്രമിച്ചെങ്കിലും, കഴിഞ്ഞില്ല. സ്ഥാനമൊഴിയാമെന്നു പറഞ്ഞിട്ടും ജനങ്ങള്‍ വിട്ടുകൊടുത്തില്ല. തുടര്‍ന്ന് ബിന്‍ അലി നാട്ടുവിട്ടോടി.

അറബ് വസന്തത്തെതുടര്‍ന്ന് പല രാജ്യങ്ങളില്‍ പ്രക്ഷോഭം നടന്നെങ്കിലും ജനാധിപത്യരീതിയില്‍ ഒരു ഭരണമാറ്റം സംഭവിച്ചത് തുണീസിയയില്‍ മാത്രമാണ്.

ബെന്‍ അലിയുടെ കീഴില്‍ നിരോധിക്കപ്പെട്ട ഇസ്‌ലാമിക പാര്‍ട്ടിയായ അന്നഹ്ദ ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചു. തുണീസ്യ ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പിനാണ് അന്ന് സാക്ഷ്യംവഹിച്ചത്. പാര്‍ലമെന്ററി സംവിധാനം സ്ഥാപിക്കുന്ന ഒരു പുതിയ ഭരണഘടന 2014ല്‍ അംഗീകരിക്കപ്പെട്ടു. തണീസ്യക്കാര്‍ അവരുടെ നിയമനിര്‍മ്മാതാക്കളെയും പ്രസിഡന്റുമാരെയും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഈ പത്തു വര്‍ഷത്തിനിടെ സാമ്പത്തികമായി മുന്നേറാന്‍ തുണീസ്യക്ക് ആയില്ല. സാമ്പത്തിക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ജനങ്ങളില്‍ നിരാശയുണ്ടാക്കുന്നതായിരുന്നു. യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം വര്‍ദ്ധിച്ചു. വിനോദസഞ്ചാരത്തെ വളരെയധികം ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥ കൊവിഡ് പ്രതിസന്ധിയില്‍ താറുമാറായി.

തുണീസ്യയുടെ നിര്‍ദ്ദിഷ്ട ഭരണഘടനയില്‍ എന്താണ് ഉള്ളത്?

2021 ജൂലൈയില്‍, പ്രസിഡന്റ് ഖൈസ് സഈദ് പാര്‍ലമെന്റ് മരവിപ്പിക്കുകയും സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. എതിരാളികള്‍ അട്ടിമറിയെന്ന് ഇതിനെ വിശേഷിപ്പിച്ചെങ്കിലും രാഷ്ട്രീയ കലഹങ്ങളും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് മടുത്ത തുണീസ്യക്കാര്‍ ഇതിനെ സ്വാഗതം ചെയ്തു.

ഒരു വര്‍ഷത്തിനുശേഷം, സഈദ് ഒരു പുതിയ ഭരണഘടനയ്ക്ക് വേണ്ടി ജനഹിത പരിശോധന നടത്താനിരിക്കുകയാണ്. എന്നാല്‍, മുഴുവന്‍ അധികാരങ്ങളും പ്രസിഡന്റിലേക്ക് കേന്ദ്രീകരിക്കുന്നതും രാജ്യം വീണ്ടും ഏകാധിപത്യത്തിലേക്ക് എടുത്തെറിയപ്പെടുന്നതുമാണ് പുതിയ ഭരണഘടനയെന്നാണ് എതിരാളികള്‍ ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍, സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നാണ് സഈദിന്റെ അവകാശവാദം.

ഈജിപ്ത്

തുണീസ്യയിലെ പ്രക്ഷോഭ വിജയത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് 2011 ജനുവരി 25ന് ഈജിപ്തിലെ കയ്‌റോ, അലക്‌സാന്‍ഡ്രിയ തുടങ്ങിയ നഗരങ്ങളില്‍ ആയിരങ്ങള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങി.

2011 ജനുവരി 25ന് പ്രവര്‍ത്തകര്‍ ടുണീഷ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'രോഷത്തിന്റെ ദിനം' ആചരിക്കാന്‍ ആഹ്വാനം ചെയ്തതോടെ വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. 30 വര്‍ഷമായി രാജ്യം ഭരിക്കുന്ന ഹൊസ്‌നി മുബാറക്ക് അധികാരമൊഴിയണമെന്നതായിരുന്നു ആവശ്യം.മുഹമ്മദ് മുര്‍സി

മുഹമ്മദ് മുര്‍സി

മുഹമ്മദ് മുര്‍സി

മൂന്ന് ദിവസത്തിന് ശേഷം വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ലക്ഷക്കണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയപ്പോള്‍, മുബാറക് സൈന്യത്തെ വിന്യസിച്ചു. തെരുവില്‍ അടുപ്പു കൂട്ടിയും മറ്റും അവര്‍ വിട്ടുവീഴ്ചയില്ലാതെ കത്തിനിന്നു. പ്രക്ഷോഭം ശക്തമായതോടെ ഫെബ്രുവരി 11ന് മുബാറക്ക് സ്ഥാനമൊഴിഞ്ഞു. നിയന്ത്രണം പട്ടാളത്തിന്റെ കയ്യിലെത്തി. തുടര്‍ന്ന് 2012ല്‍ നടന്ന തിരഞ്ഞെടുപ്പില്‍

ഒരിക്കല്‍ നിരോധിക്കപ്പെട്ട മുസ്‌ലിം വിജയിച്ചു. മുസ്ലിം ബ്രദര്‍ ഹുഡുമായി ബന്ധപ്പെട്ട മുഹമ്മദ് മുര്‍സിയുടെ സര്‍ക്കാര്‍ അധികാരത്തിലേറി. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം, സൈനിക നേതൃത്വം വഹിച്ചിരുന്ന അബ്ദുല്‍ ഫത്താഹ് എല്‍സിസി സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തു.


തുടര്‍ന്ന് മുര്‍സിയെ ജയിലില്‍ അടയ്ക്കുകയും 2019 അദ്ദേഹം കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഈജിപ്തിനെയും ഞെരുക്കുകയാണ്. 1970ല്‍ ദക്ഷിണ കൊറിയയും ഈജിപ്തും ഒരേ സാമ്പത്തിക വലുപ്പമുള്ള രാജ്യമായിരുന്നു. ഇന്ന് ഈജിപ്തിനേക്കാള്‍ ദക്ഷിണ കൊറിയ നാലു മടങ്ങ് വളര്‍ച്ച നേടി. ജനസംഖ്യയാകട്ടേ, ഈജിപ്തിന്റെ പകുതിയും.

ഹുസ്‌നി മുബാറക്കിന്റെ ഭരണകാലത്തേക്കാള്‍ അടിച്ചമര്‍ത്തല്‍ അല്‍സീസിയുടെ കാലത്ത് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ പേരില്‍ 60,000 പേര്‍ ഇന്ന് ഈജിപ്തിലെ ജയിലുകളില്‍ ഉണ്ട്. മുബാറക്കിന്റെ ഭരണത്തിന്റെ അവസാന കാലത്ത് ഇത് 5000-10000 മാത്രമായിരുന്നു.

ലിബിയ

തുണീസ്യയില്‍ പ്രക്ഷോഭം തുടങ്ങിയതിനു തൊട്ടുപിന്നാലെ 2011 ജനുവരി 14ന് ലിബിയയിലെ ബെന്‍ഗാസിയിലും പിന്നീട് മിസ്രതയിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.40 വര്‍ഷമായി ഭരണം നടത്തുന്ന രാജ്യത്തെ പരമോന്നത നേതാവ് കേണല്‍ മുഅമ്മര്‍ ഗദ്ദാഫി സ്ഥാനമൊഴിയണമെന്നതായിരുന്നു ആവശ്യം. ഗദ്ദാഫിയുടെ സൈന്യം പ്രക്ഷോഭത്തെ അതിക്രൂരമായി നേരിട്ടു. ഇതോടെ, ജനകീയ പ്രക്ഷോഭം സായുധ കലാപത്തിലേക്ക് വഴിമാറി. മാര്‍ച്ചില്‍, യുഎന്‍ രക്ഷാ സമിതി ഗദ്ദാഫിയുടെ സേനയില്‍ നിന്ന് സിവിലിയന്മാരെ സംരക്ഷിക്കാന്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിക്കുകയും ബെന്‍ഗാസിയിലെ അവരുടെ മുന്നേറ്റം തടയാന്‍ നാറ്റോ വ്യോമാക്രമണം ആരംഭിക്കുകയും ചെയ്തു.


ആഗസ്തില്‍, വിമതര്‍ ട്രിപ്പോളി പിടിച്ചെടുത്തു, ഒക്ടോബറില്‍ ഗദ്ദാഫിയെഅദ്ദേഹത്തിന്റെ ജന്മനാടായ സിര്‍ത്തിന് പുറത്ത് ഒരു ഡ്രെയിന്‍ പൈപ്പില്‍നിന്ന് പിടികൂടി വധിച്ചു. ഇതിനിടെ സെപ്റ്റംബറില്‍ തന്നെ യുഎന്‍ അംഗീകൃത സര്‍ക്കാര്‍ ലിബിയയില്‍ അധികാരമേറ്റിരുന്നു. എന്നാല്‍ ഗദ്ദാഫിക്കെതിരെ ഒന്നിച്ചുനിന്നവര്‍ക്കിടയില്‍തന്നെ തുടര്‍നാളുകളില്‍ വിള്ളല്‍ വീണു. പല ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം പോരാടാന്‍ തുടങ്ങി. 2012 ല്‍ ജനറല്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ കൂട്ടുകക്ഷി മന്ത്രിസഭ രാജ്യത്ത് അധികാരത്തില്‍ വന്നു. ഭരണഘടനയുണ്ടാക്കുകയായിരുന്നു പ്രധാനലക്ഷ്യം. എന്നാല്‍ പാര്‍ട്ടികള്‍ക്കിടയിലെ പോര് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. 2014ല്‍ നടന്ന തിരഞ്ഞെടുപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് രാജ്യം കിഴക്കും പടിഞ്ഞാറുമായി വിഭജിക്കപ്പെട്ടു. രണ്ടു ഭാഗത്തും രണ്ടു വിഭാഗക്കാരാണ് ഭരണം നടത്തുന്നത്.

പടിഞ്ഞാറ് ഭരിക്കുന്ന ഗവണ്‍മെന്റ് ഓഫ് നാഷനല്‍ അക്കോഡിനാണ്(ജിഎന്‍എ) യുഎന്നിന്റെ അംഗീകാരമുള്ളത്. സൈനിക പിന്തുണയോടെയാണ് കിഴക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം. രാജ്യചരിത്രത്തില്‍ ഇതുവരെയില്ലാത്ത ദുരിതങ്ങളിലൂടെയാണ് ലിബിയന്‍ ജനത ഇന്നു കടന്നുപോകുന്നത്. അക്രമവും കൊലയു സര്‍വസാധാരണം. ദിവസങ്ങളോളം വൈദ്യുതിയില്ല. കുടിവെള്ളം കിട്ടാക്കനി. രണ്ടു സര്‍ക്കാരുകള്‍ക്കുമെതിരെ സാധാരണക്കാര്‍ തെരുവിലിറങ്ങുകയാണ് കുറച്ചു നാളുകളായി.


സിറിയ

2011 മാര്‍ച്ചില്‍ ആദ്യത്തെ പ്രതിഷേധം സിറിയയില്‍ വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍, പ്രസിഡന്റ് ബഷാറുല്‍ അസദ് സൈന്യത്തെ വിന്യസിച്ചു. പിന്നാലെ അറസ്റ്റുകളുടെയും വെടിവയ്പ്പുകളുടെയും ഒരു തരംഗത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. 18 വര്‍ഷമായി സിറിയ ഭരിക്കുന്ന ബഷാറിനെതിരേ ജനവികാരം ശക്തമായിരുന്നു. അതിനു മുന്‍പ് അദ്ദേഹത്തിന്റെ പിതാവ് ഹാഫിസ് അല്‍ അസദ് 30 വര്‍ഷം സിറിയ ഭരിച്ചിരുന്നു. പ്രസിഡന്റിനും അദ്ദേഹത്തിന്റെ ബാത്ത് പാര്‍ട്ടിക്കും എതിരേ ജനവികാരം ശക്തമായിരുന്നെങ്കിലും സൈന്യത്തിന്റെ ഉരുക്കുമുഷ്ടിയിലായിരുന്നു ഭരണം.


എന്നാല്‍, തുണീസ്യയില്‍ വിപ്ലവം വിജയിച്ചത് സിറിയന്‍ പ്രക്ഷോഭകര്‍ക്കും പ്രചോദനമായി. ഭരണമാറ്റവും നീതിയുക്തമായ തിരഞ്ഞെടുപ്പുമെന്ന നിലപാടില്‍ പ്രക്ഷോഭകരും, വിട്ടുകൊടുക്കാതെ പ്രസിഡന്റും നിലകൊണ്ടു. രാഷ്ട്രീയ തടവുകാരെ ജയിലില്‍നിന്നു വിട്ടയയ്ക്കണമെന്നതായിരുന്നു മറ്റൊരു ആവശ്യം. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര കലാപത്തിന് സിറിയയില്‍ അരങ്ങൊരുങ്ങുകയായിരുന്നു. ഇറാനും റഷ്യയും അസദിന് പിന്തുണയുമായി എത്തി. പ്രക്ഷോഭകര്‍ക്ക് ഒപ്പം അമേരിക്കയും ചില അറബ് രാഷ്ട്രങ്ങളും ചേര്‍ന്നു. ഇതോടെ സിറിയ ആഭ്യന്തര യുദ്ധത്തിന്റെ മറ്റൊരു തലത്തിലേക്കു കടന്നു. ശക്തമായ ആഭ്യന്തര യുദ്ധത്തിനാണ് ഇതോടെ രാജ്യം സാക്ഷ്യം വഹിച്ചത്. ലക്ഷങ്ങള്‍ കൊല്ലപ്പെടുകയും അതിലുമേറെ പേര്‍ രാജ്യംവിട്ട് ഓടിരക്ഷപ്പെടുകയും ചെയ്തു.

സ്വന്തം ജനതയ്ക്കു മേല്‍ അസദ് രാസായുധം പ്രയോഗിച്ചുവെന്ന ഗുരുതര ആരോപണം വരെ ഉയര്‍ന്നു. ഇതിനിടെ, ഇറാഖില്‍ ഒതുങ്ങി നിന്നിരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന സായുധ സംഘടന സാഹചര്യം മുതലെടുത്ത് സിറിയയില്‍ കടന്നുകയറി രാജ്യത്തെ പല്‍മിറയും റാഖയും അടക്കമുള്ള പ്രധാന നഗരങ്ങള്‍ കയ്യടക്കി. നാട്ടുകാരെയടക്കം ക്രൂരമായി കൊന്നൊടുക്കി, സ്വന്തം ഭരണം സ്ഥാപിച്ചു.

തകര്‍ന്നു തരിപ്പണമായ ഒരു രാജ്യമാണ് ഇന്നു സിറിയ. നഗരങ്ങളെല്ലാം ഛിന്നഭിന്നമായി. ഒരു രാജ്യം എന്ന നിലയില്‍ ഇനി തിരിച്ചുവരുമോ എന്നു തന്നെ സംശയം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഒട്ടേറെ രാജ്യാന്തര ഇടപെടലുണ്ടായെങ്കിലും സിറിയയില്‍ ഫലം കണ്ടിട്ടില്ല. ലക്ഷോപലക്ഷങ്ങള്‍ തുര്‍ക്കിയിലേക്കും മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്കും പലായനം ചെയ്തു.

അഭയാര്‍ഥി ക്യാംപുകളില്‍ നരകിക്കുന്ന കുട്ടികള്‍ക്കു കയ്യും കണക്കുമില്ല. യുഎന്‍ കണക്കനുസരിച്ച് അഭയാര്‍ഥികള്‍ 6.5 കോടിയാണ്. ഒട്ടേറെ രാജ്യാന്തര ഇടപെടലുകളും പ്രതിരോധനങ്ങളുമൊക്കെ ഉണ്ടായെങ്കിലും അതിലൊന്നും വഴങ്ങാതെ അസദ് ഇന്നും അധികാരത്തില്‍ കടുച്ചുതൂങ്ങിക്കിടക്കുന്നു. പ്രസിഡന്റിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന വിമതരുടെ ഫ്രീ സിറിയന്‍ ആര്‍മിയാണ് മുഖ്യ എതിരാളി. ഇവര്‍ക്കു സഹായവുമായി തുര്‍ക്കിയുമുണ്ട്.

റഷ്യ, ഇറാന്‍, ലെബനനിലെ ഹിസ്ബുല്ല എന്നിവരുടെ പിന്തുണയോടെയാണ് ഹലബ്, കിഴക്കന്‍ ഗൗട്ട എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വിമതരെ പരാജയപ്പെടുത്തി രാജ്യത്തിന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കാന്‍ ബഷാറിന് കഴിഞ്ഞത്.

യെമന്‍

33 വര്‍ഷം ഭരണം നടത്തിയ അലി അബ്ദുല്ല സാലിഹിന് എതിരെയായിരുന്നു യെമനില്‍ പ്രക്ഷോഭം ആരംഭിച്ചത്. 2011 ജൂണില്‍ ഒരു വധശ്രമത്തില്‍ പരിക്കേറ്റ സാലിഹ് സൗദി അറേബ്യയില്‍ ചികിത്സ തേടാന്‍ നിര്‍ബന്ധിതനായി. ഇതിനിടെ സാലിഹ് അധികാരം അബ്ദറാബു മന്‍സൂര്‍ ഹാദിക്ക് കൈമാറി.

എന്നാല്‍ ഹാദിയുടെ കയ്യില്‍ കാര്യങ്ങള്‍ നിന്നില്ല. രാജ്യത്തെ രൂക്ഷമായ സായുധ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം എന്നിവ സ്ഥിതി വഷളാക്കി. ഇതിനിടെ പഴയ പ്രസിഡന്റിനോട് ആഭിമുഖ്യമുണ്ടായിരുന്ന ഹൂതി വിമതര്‍ രാജ്യത്ത് ശക്തി പ്രാപിച്ചു.

സര്‍ക്കാരിന്റെ നടപടികളില്‍ അതൃപ്തരായ ജനങ്ങളില്‍ വലിയൊരളവ് ഹൂതികള്‍ക്ക് പിന്തുണ നല്‍കി. രാജ്യത്തിന്റെ വടക്കേ ഭാഗം അങ്ങനെ അവരുടെ കയ്യിലായി. 2014 അവസാനമായപ്പോഴേയ്ക്കും രാജ്യ തലസ്ഥാനമായ സന്‍ആയും അവര്‍ പിടിച്ചെടുത്തു. പ്രസിഡന്റ് ഹാദി 2015 മാര്‍ച്ചില്‍ നാടുവിട്ട് സൗദി അറേബ്യയില്‍ അഭയം പ്രാപിച്ചു. രാജ്യാന്തര അംഗീകാരം ഹാദിയുടെ സര്‍ക്കാരിനായിരുന്നു. അങ്ങനെ ഹാദിക്കു വേണ്ടി സൗദി അറേബ്യയും അമേരിക്കയും ഫ്രാന്‍സും യുകെയും ഹൂഥികള്‍ക്കെതിരേ ന്‍ ആക്രമണം തുടങ്ങി.

ഇതിനിടെ 2017 നവംബറില്‍ പഴയ പ്രസിഡന്റ് സാലിഹും ഹൂതി വിമതരുമായി തെറ്റുകയും സാലിഹ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2018 ജൂണില്‍ യെമനിലെ സുപ്രധാന തുറമുഖനഗരമായ ഹുദൈദ പിടിച്ചെടുക്കാന്‍ സൗദിയുടെ നേതൃത്വത്തിലുള്ള സേന ആക്രമണം നടത്തി. ഇറാന്റെ പിന്തുണയോടെ ഹൂതികളും തിരിച്ചടിച്ചു.

യെമനില്‍ അറബ് വസന്തം തൊടുത്തുവിട്ട ആഭ്യന്തര യുദ്ധത്തില്‍ യുഎന്‍ കണക്കനുസരിച്ച് 2020 മാര്‍ച്ച് വരെ 7700 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ലക്ഷം പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. യെമനിലെ മനുഷ്യജീവിതം ലോകത്തെ മറ്റെവിടത്തേക്കാളും വന്‍ദുരന്തമായി മാറിക്കഴിഞ്ഞെന്ന് യുഎന്‍ 2017ല്‍ പ്രഖ്യാപിച്ചു.

യുഎന്‍ പിന്തുണയുള്ള വെടിനിര്‍ത്തല്‍ 2022 ഏപ്രിലില്‍ പ്രാബല്യത്തില്‍ വന്നു. സൗദി അറേബ്യയില്‍ വര്‍ഷങ്ങളോളം പ്രവാസത്തില്‍ കഴിഞ്ഞിരുന്ന ഹാദിക്ക് പകരം ഒരു പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ നിലവില്‍ വന്നു.

ബഹ്‌റെയ്ന്‍

രാജവാഴ്ച ജനാധിപത്യത്തിന് വഴിമാറണമെന്നാവശ്യപ്പെട്ട് 2011 ഫെബ്രുവരി 14നാണ് ബഹ്‌റെയ്‌നില്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ആഴ്ചകളില്‍ പ്രതിഷേധക്കാരും പോലിസും പലയിടങ്ങളിലും ഏറ്റുമുട്ടലുണ്ടായി. ഭൂരിപക്ഷം വരുന്ന ഷിയ മുസ്‌ലിംകള്‍ അധികാരത്തില്‍ തങ്ങള്‍ക്കും ഇടം വേണമെന്നാവശ്യപ്പെട്ടായിരുന്നു സുന്നി ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങിയത്. ഇത് രാജ്യത്ത് വിഭാഗീയ സംഘര്‍ഷങ്ങള്‍ ഉയരാനും കാരണമായി.

മാര്‍ച്ച് 14 ന് അയല്‍രാജ്യമായ സൗദി അറേബ്യ, പ്രധാന കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിനായി ബഹ്‌റെയ്‌നിലേക്ക് ടാങ്കുകള്‍ അയച്ചു. അധികാരികള്‍ പട്ടാള നിയമം പ്രഖ്യാപിക്കുകയും അവരുടെ പ്രതീകമായി മാറിയ സമര കേന്ദ്രങ്ങളില്‍നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യുകയും ചെയ്തു. മാസങ്ങളോളം പ്രതിഷേധങ്ങള്‍ തുടര്‍ന്നു. കുറഞ്ഞത് 35 മരണങ്ങള്‍ ഉണ്ടായെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ രാജവാഴ്ച പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുകയും നിയന്ത്രണം പുനഃസ്ഥാപിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it