Sub Lead

സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ് യൂനിഫോം: ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം- ഇര്‍ഷാന ടീച്ചര്‍

മതപരിവേഷങ്ങള്‍ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന കണ്ടെത്തല്‍ വിചിത്രമാണ്.

സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ് യൂനിഫോം: ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം- ഇര്‍ഷാന ടീച്ചര്‍
X

തിരുവനന്തപുരം: സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുകളുടെ യൂനിഫോമില്‍ ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലീകാവകാശങ്ങളുടെ ലംഘനമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന ടീച്ചര്‍. മതപരിവേഷങ്ങള്‍ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന കണ്ടെത്തല്‍ വിചിത്രമാണ്. മതചിഹ്നങ്ങള്‍ മതേതര വിരുദ്ധമാണെന്ന വാദം ഭരണഘടനാ വിരുദ്ധമാണ്. പോലിസില്‍ മതപരമായ യാതൊരു വിധ അടയാളങ്ങളോ വസ്ത്രധാരണമോ പാടില്ലെന്നും പോലിസിന് സമാനമായ രീതിയിലാണ് സ്റ്റുഡന്റ്‌സ് പോലിസിലും പരിശീലനങ്ങള്‍ നല്‍കുന്നതെന്നുമാണ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറിയുടെ ഉത്തരവ്.

ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ആയുധപൂജ ഉള്‍പ്പെടെ കേരളത്തിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ നടക്കുന്ന വിവരം ബോധപൂര്‍വം മറച്ചുവച്ചാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഭൂമി പൂജയും നാളികേരം ഉടയ്ക്കലും നിലവിളക്ക് കത്തിക്കലുമെല്ലാം വിവിധ മതവിഭാഗങ്ങളുടെ ആരാധനയുടെ ഭാഗം തന്നെയാണ്. റോഡും പാലവും ഉദ്ഘാടനം ചെയ്യുന്നതും പുതിയ മിസൈല്‍ പരീക്ഷണം വരെ നടക്കുന്നത് ഇത്തരം പൂജകള്‍ക്കുശേഷമാണ്. പോലിസ് സ്‌റ്റേഷനുകളിലും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളിലും ചില മതവിഭാഗങ്ങളുടെ ചിഹ്നങ്ങളുപയോഗിക്കുന്നതും പൂജകള്‍ നടക്കുന്നതും പതിവാണ്.

ഇത് മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ വിലയിരുത്തിയതായി അറിയില്ല. രാജ്യത്ത് സിഖ് മതവിശ്വാസമനുസരിച്ചുള്ള തലപ്പാവ് സേനയില്‍ നാളിതുവരെ നിരോധിക്കപ്പെട്ടിട്ടില്ല. മതകേന്ദ്രീകൃതമായ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ഇടതുസര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. വഖഫ് വിഷയം സിപിഎം പ്രതീക്ഷിച്ച ധ്രുവീകരണം സൃഷ്ടിക്കാത്തതിനാലാണ് പുതിയ വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നത്. യൂണിഫോം സംബന്ധിച്ച പുതിയ ഉത്തരവ് ഒരു വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പ്രതിലോമകരമായി ബാധിക്കുമെന്നതിനാല്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും ഇര്‍ഷാന ടീച്ചര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it