Sub Lead

ലഖിംപൂര്‍ഖേരി കര്‍ഷക കൂട്ടക്കൊല: ആശിഷ് മിശ്ര ഉള്‍പ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ലഖിംപൂര്‍ഖേരി കര്‍ഷക കൂട്ടക്കൊല: ആശിഷ് മിശ്ര ഉള്‍പ്പെടെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
X

ലഖ്‌നോ: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ജാമ്യഹരജി പരിഗണിക്കവെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കര്‍ഷകര്‍ക്കെതിരേ അജയ് മിശ്ര നടത്തിയ ഭീഷണിയാണ് ദൗര്‍ഭാഗ്യകരമായ സംഭവത്തിലേക്ക് നയിച്ചതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. കേന്ദ്രമന്ത്രി അജയ് മിശ്ര കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നു.

പ്രസംഗം ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങളുണ്ടാവില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിലെ ആഭ്യന്തര സഹമന്ത്രിയായിരുന്ന അജയ് മിശ്ര ഭീഷണിപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ കൊലപാതകം നടക്കില്ലായിരുന്നുവെന്ന ഉത്തര്‍പ്രദേശ് പോലിസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രവും അലഹബാദ് ഹൈക്കോടതി പരാമര്‍ശിച്ചു. ജാമ്യഹരജിയില്‍ മെയ് 25നകം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം സമര്‍പ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയിലെ ലഖ്‌നോ ബെഞ്ചിലെ ജസ്റ്റിസ് കൃഷ്ണ പഹല്‍ ഉത്തരവിട്ടിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയ്ക്ക് അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഫെബ്രുവരിയില്‍ അനുവദിച്ച ജാമ്യമാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.

ഇരകളെ കേള്‍ക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് വിലയിരുത്തിയായിരുന്നു നടപടി. കേസില്‍ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയില്‍ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനായ ആശിഷ് മിശ്ര കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്.

ഒക്ടോബര്‍ 9 നാണ് കേസില്‍ ആശിഷ് മിശ്ര അറസ്റ്റിലായത്. കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ആശിഷ് മിശ്രയ്‌ക്കെതിരേ സുപ്രിംകോടതി മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘം കുറ്റപത്രം നല്‍കിയിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചവരുടെ ഇടയിലേക്ക് ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റിയത്. സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ലഖിംപൂര്‍ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അജയ് മിശ്ര, കര്‍ഷകര്‍ തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കില്‍ രണ്ട് മിനിറ്റിനുള്ളില്‍ കര്‍ഷകരെ ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it