Sub Lead

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 11 മുതല്‍

പാര്‍ലമെന്റിലെ 63ാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍. വൈകീട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോദി ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബാലറ്റു പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിച്ചു.

ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണല്‍ രാവിലെ 11 മുതല്‍
X

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ പതിനൊന്നിന് തുടങ്ങും. പാര്‍ലമെന്റിലെ 63ാം നമ്പര്‍ മുറിയിലാണ് വോട്ടെണ്ണല്‍. വൈകീട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോദി ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബാലറ്റു പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിച്ചു.

ആകെ 4025 എംഎല്‍എമാര്‍ക്കും 771 എം പിമാര്‍ക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന്റെ വിജയം ഉറപ്പാണ്. ചില സംസ്ഥാനങ്ങളില്‍ വോട്ടുചോര്‍ച്ച ഉണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ക്യാംപ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെയായിരുന്നു എന്‍ഡിഎ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തല്‍. ദ്രൗപദി മുര്‍മുവിന് നാല്‍പത്തിയൊന്ന് പാര്‍ട്ടികളുടെ പിന്തുണയുണ്ട്. മറുവശത്ത് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് ആം ആദ്മി പാര്‍ട്ടി പിന്തുണ അറിയിച്ചിരുന്നു.

അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള പോരാട്ടത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കറും പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഓഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണല്‍ നടക്കും. രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്‌സഭയിലെ 543 അംഗങ്ങളുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുക.

Next Story

RELATED STORIES

Share it