Sub Lead

ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു

സാമ്പത്തികപ്രശ്‌നം കാരണം തകര്‍ന്ന വിജയ സര്‍ക്കസ് ശങ്കരനും കൂട്ടുകാരനും ചേര്‍ന്ന് ഏറ്റെടുത്തു.

ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു
X


കണ്ണൂര്‍: ഇന്ത്യന്‍ സര്‍ക്കസ് രംഗത്തെ പ്രമുഖനും ആദ്യകാല കലാകാരനും ജെമിനി, ജംബോ സര്‍ക്കസ് കമ്പനികളുടെ സ്ഥാപകനുമായ എം.വി. ശങ്കരന്‍ എന്ന ജെമിനി ശങ്കരന്‍ (99) അന്തരിച്ചു.ഇന്ത്യയില്‍തന്നെ ഏറ്റവും പ്രായംകൂടിയ സര്‍ക്കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരന്‍. കണ്ണൂര്‍ വാരത്ത് ശങ്കര്‍ ഭവനിലായിരുന്നു താമസം.1924 ജൂണ്‍ 13-ന് തലശ്ശേരി കൊളശ്ശേരിയിലെ രാമന്‍ മാഷിന്റെയും കല്യാണിയുടെയും ഏഴുമക്കളില്‍ അഞ്ചാമത്തെ മകനായി ജനനം. സര്‍ക്കസ് കലയോടുള്ള അഭിനിവേശംമൂലം 1938-ല്‍ തലശ്ശേരി ചിറക്കരയില്‍, പില്‍ക്കാലത്ത് സര്‍ക്കസ് കുലപതിയായ കീലേരി കുഞ്ഞിക്കണ്ണന്‍ ഗുരുക്കളുടെ കളരിയില്‍ ചേര്‍ന്നു. അതിനിടെ ജ്യേഷ്ഠന് പിന്നാലെ അദ്ദേഹം പട്ടാളത്തില്‍ ചേര്‍ന്നു. നാലരവര്‍ഷത്തോളം പട്ടാളത്തില്‍ തുടര്‍ന്ന അദ്ദേഹം സ്വയം വിരമിച്ചു. 1946-ല്‍ കൊല്‍ക്കത്തയിലെ പ്രശസ്തമായ ബോസ്ലിയന്‍ സര്‍ക്കസില്‍ ചേര്‍ന്നു. ഹൊറിസോണ്ടല്‍ ബാറില്‍ കലാകാരനായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ അക്കാലത്തെ ശ്രദ്ധേയമായ നാഷണല്‍ സര്‍ക്കസിലും ഗ്രേറ്റ് ബോംബെ സര്‍ക്കസിലും ചേര്‍ന്നു.

സാമ്പത്തികപ്രശ്‌നം കാരണം തകര്‍ന്ന വിജയ സര്‍ക്കസ് ശങ്കരനും കൂട്ടുകാരനും ചേര്‍ന്ന് ഏറ്റെടുത്തു. പിന്നീടാണ് ജെമിനി സര്‍ക്കസ് എന്ന പേരില്‍ തുടങ്ങുന്നത്. വിദേശരാജ്യങ്ങളിലെ കലാകാരന്‍മാരെയും വന്യമൃഗങ്ങളെയും സര്‍ക്കസില്‍ അണിനിരത്തി ജെമിനിയെ ശ്രദ്ധേയമാക്കി. 1977-ല്‍ ജംബോ സര്‍ക്കസ് കൂടി ശങ്കരന്‍ ഏറ്റെടുത്തു.

ചൈനയില്‍ നടന്ന ഇന്റര്‍നാഷണല്‍ സര്‍ക്കസ് ഫെസ്റ്റിവലില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. കുവൈത്ത് ഗോള്‍ഡന്‍ ഫോക് പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സര്‍ക്കസിലെ സേവനം മാനിച്ച് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചു. അവസാനകാലത്ത് ടി.കെ.എം. ട്രസ്റ്റിന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചു.


സര്‍ക്കസ് കലാകാരനായി ജീവിതം തുടങ്ങിയ അദ്ദേഹം സര്‍ക്കസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏറെ സഞ്ചരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവാഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി എന്നിവര്‍ക്ക് പുറമേ ലോകനേതാക്കളായ മാര്‍ട്ടിന്‍ ലൂതര്‍കിങ്, മൗണ്ട്ബാറ്റണ്‍, കെന്നത്ത് കൗണ്ട, ബഹിരാകാശയാത്രികയായ വാലന്റീന തെരഷ്‌കോവ തുടങ്ങിയ പ്രമുഖരുമായി സൗഹൃദമുണ്ടായിരുന്നു. ഇന്ത്യന്‍ സര്‍ക്കസ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു.



ഭാര്യ: ശോഭന. മക്കള്‍: അജയ് ശങ്കര്‍, അശോക് ശങ്കര്‍, ഡോ. രേണുശങ്കര്‍ (പ്രൊഫ., മെല്‍ബണ്‍ ഓസ്‌ട്രേലിയ). മരുമക്കള്‍: പൂര്‍ണിമ അജയ് ശങ്കര്‍, സുനിതാ അശോക് ശങ്കര്‍, പ്രദീപ് നായര്‍ (കംപ്യൂട്ടര്‍ എന്‍ജിനിയര്‍ മെല്‍ബണ്‍, ഓസ്‌ട്രേലിയ). സഹോദരങ്ങള്‍: എം. ബാലന്‍ (മുംബൈ), പരേതരായ എം. കൃഷ്ണന്‍ നായര്‍, എം. കണ്ണന്‍ നായര്‍, മൂര്‍ക്കോത്ത് കുഞ്ഞിരാമന്‍, എം. നാരായണന്‍, എം. ലക്ഷ്മി. സംസ്‌കാരം ചൊവ്വാഴ്ച പയ്യാമ്പലത്ത്.





Next Story

RELATED STORIES

Share it