Sub Lead

ഡോക്ടര്‍ സമരം പടരുന്നു: ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് മമത

സമരത്തിനു പിന്നില്‍ ബിജെപിയും സിപിഎമ്മും ആണെന്നും ഇരു പാര്‍ട്ടികളും ഹിന്ദു-മുസ്‌ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു.

ഡോക്ടര്‍ സമരം പടരുന്നു: ബിജെപി-സിപിഎം ഗൂഢാലോചനയെന്ന് മമത
X

ന്യൂഡല്‍ഹി: ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ഇതര സംസ്ഥാനങ്ങളിലേക്കും പടരുന്നു. ബംഗാളിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ജയ്പൂര്‍, തിരുവനന്തപുരം, തുടങ്ങി രാജ്യത്തിന്റെ വിവിധയിടങ്ങളിലെ ഡോക്ടര്‍മാരാണ് ഒരു ദിവസം ജോലിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഹെല്‍മറ്റും ബാന്‍ഡേജും ധരിച്ചാണു രോഗികളെ പരിശോധിച്ചത്. ഒപി വിഭാഗത്തിലെ പ്രവര്‍ത്തനം മുടങ്ങി.

കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്നു ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദിച്ചതിനു പിന്നാലെയാണ് ചൊവ്വാഴ്ച മുതല്‍ ബംഗാളില്‍ ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ തീരുമാനിച്ചത്. സമരക്കാര്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു.

വേണ്ടത്ര സുരക്ഷ ഉറപ്പാക്കാതെ ജോലിക്കെത്തില്ലെന്നാണ് അന്ത്യശാസനം തള്ളി ഡോക്ടര്‍മാര്‍ അറിയിച്ചത്.

അതേസമയം, സമരത്തിനു പിന്നില്‍ ബിജെപിയും സിപിഎമ്മും ആണെന്നും ഇരു പാര്‍ട്ടികളും ഹിന്ദു-മുസ്‌ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു. ഡ്യൂട്ടിക്കിടയില്‍ പൊലീസുകാരന്‍ മരിച്ചാല്‍ പൊലീസുകാര്‍ ആകെ പണിമുടക്കുകയാണോ ചെയ്യുകയെന്നും മമത ചോദിച്ചിരുന്നു.

രാജ്യത്തെമ്പാടുമുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കാളികളാകണമെന്ന് എയിംസിലെ റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്താന്‍ ഐഎംഎ സംസ്ഥാന ഘടകങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ഡല്‍ഹി മെഡിക്കല്‍ അസോസിയേഷനും ഇന്ന് മെഡിക്കല്‍ ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it