Sub Lead

വായ്പ നിഷേധിച്ച് ബാങ്ക്; ബിസിനസ് തുടങ്ങാന്‍ വൃക്ക വില്‍പ്പനയ്ക്ക് വച്ച് യുവകര്‍ഷകന്‍

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശിയായ 30കാരനായ രാംകുമാറാണ് ബാങ്കില്‍നിന്ന് വായ്പ നല്‍കാത്തതിനെത്തുടര്‍ന്ന് വൃക്ക ആവശ്യമുള്ള ഉപഭോക്താക്കളെ തേടി നഗരത്തിലെ ചുവരുകളിലും സാമൂഹികമാധ്യമങ്ങളിലും പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗോതമ്പ് കൃഷി ചെയ്താണ് രാംകുമാര്‍ ഉപജീവനം നടത്തിയിരുന്നത്. പ്രതിമാസം 3,000 രൂപ മാത്രമാണ് കൃഷി ചെയ്താല്‍ ലഭിക്കുക.

വായ്പ നിഷേധിച്ച് ബാങ്ക്; ബിസിനസ് തുടങ്ങാന്‍ വൃക്ക വില്‍പ്പനയ്ക്ക് വച്ച് യുവകര്‍ഷകന്‍
X

ലഖ്‌നോ: ബിസിനസ് തുടങ്ങുന്നതിനായി ദേശസാല്‍കൃത ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശുകാരനായ യുവകര്‍ഷകന്‍. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശിയായ 30കാരനായ രാംകുമാറാണ് ബാങ്കില്‍നിന്ന് വായ്പ നല്‍കാത്തതിനെത്തുടര്‍ന്ന് വൃക്ക ആവശ്യമുള്ള ഉപഭോക്താക്കളെ തേടി നഗരത്തിലെ ചുവരുകളിലും സാമൂഹികമാധ്യമങ്ങളിലും പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗോതമ്പ് കൃഷി ചെയ്താണ് രാംകുമാര്‍ ഉപജീവനം നടത്തിയിരുന്നത്. പ്രതിമാസം 3,000 രൂപ മാത്രമാണ് കൃഷി ചെയ്താല്‍ ലഭിക്കുക.

ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ഈ തുക അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് കുടുംബത്തെ പോറ്റുന്നതിന് മറ്റുവഴികള്‍ തേടാന്‍ രാംകുമാര്‍ തീരുമാനിച്ചത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത് ബിസിനസ് ചെയ്താല്‍ ജീവിതനിലവാരം മെച്ചപ്പെടുമെന്ന ചിന്ത അങ്ങനെയുണ്ടായതാണ്. 2007 ല്‍ ഹരിയാനയിലെ അംബാലയിലെ സര്‍ക്കാര്‍ പന്നിവളര്‍ത്തല്‍ ഫാമില്‍ ഒരുമാസത്തെ പരിശീലനകോഴ്‌സ്, 2016 ല്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ടിന് കീഴില്‍ പാല്‍ വളര്‍ത്തലില്‍ ഒരാഴ്ച നീണ്ടുനിന്ന പരിശീലനം എന്നിവ രാംകുമാര്‍ പൂര്‍ത്തിയാക്കിയിരുന്നു.

ബാങ്ക് വായ്പ ലഭിക്കുന്നതിന് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2018ല്‍ പ്രധാമന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) പദ്ധതിയുടെ ഭാഗമായുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് രാംകുമാര്‍ പൂര്‍ത്തിയാക്കുന്നത്. എന്നാല്‍, മൂന്ന് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ കൈവശമുണ്ടായിട്ടും ബാങ്ക് അധികൃതര്‍ രാംകുമാറിന് വായ്പ നിരസിക്കുകയായിരുന്നു. മറ്റൊരു വരുമാനമാര്‍ഗവുമില്ലാത്തതിനാലാണ് വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചതെന്നും അതിന് താന്‍ ബാധ്യസ്ഥനാണെന്നും രാംകുമാര്‍ പറയുന്നു. അതിനായി പൊതുനിരത്തുകളിലും സാമൂഹികമാധ്യമങ്ങളിലും പോസ്റ്ററുകള്‍ സഹിതം പരസ്യം നല്‍കിയിട്ടുണ്ട്.

എന്റെ വൃക്കയ്ക്ക് ദുബയില്‍നിന്നും സിംഗപ്പൂരില്‍നിന്നും ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും രാംകുമാര്‍ പറയുന്നു. രാംകുമാറിന് വായ്പ നിരസിച്ചകാര്യം സഹാറന്‍പൂര്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ രാജേഷ് ചൗധരി സ്ഥിരീകരിച്ചു. രാംകുമാര്‍ വായ്പയ്ക്കായി തന്നെ സമീപിച്ചിരുന്നതാണ്. എന്നാല്‍, ഈ ബ്രാഞ്ചിന് ഇപ്പോള്‍ 40 കോടി രൂപ കിട്ടാക്കടമാണ്. അതുകൊണ്ടാണ് വായ്പ നിഷേധിച്ചത്. എങ്കിലും അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ വായ്പ നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യം പരിശോധിച്ച് എന്തുചെയ്യാനാവുമോയെന്നകാര്യം പരിശോധിക്കുമെന്നും മാനേജര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it