Sub Lead

റെയില്‍പ്പാളത്തില്‍ നിന്ന് ഇനി സെല്‍ഫിയെടുത്താല്‍ 2,000 രൂപ പിഴ

റെയില്‍പ്പാളത്തില്‍ നിന്ന് ഇനി സെല്‍ഫിയെടുത്താല്‍ 2,000 രൂപ പിഴ
X

ചെന്നൈ: റെയില്‍പ്പാളത്തിലോ തീവണ്ടി എന്‍ജിന് സമീപത്തുനിന്നോ ഇനി സെല്‍ഫിയെടുത്താല്‍ 2,000 രൂപ പിഴ ഈടാക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കഴിഞ്ഞയാഴ്ച ചെങ്കല്‍പ്പെട്ടിനു സമീപം പാളത്തില്‍ നിന്ന് സെല്‍ഫി വീഡിയോ എടുക്കാന്‍ ശ്രമിക്കവെ തീവണ്ടി തട്ടി മൂന്ന് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. സമാനമായ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വാതില്‍പ്പടിയില്‍ യാത്ര ചെയ്താല്‍ മൂന്ന് മാസം തടവോ 500 രൂപ പിഴയോ ഈടാക്കും. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വാതില്‍പ്പടിയില്‍ നിന്ന് യാത്രചെയ്ത 767 പേര്‍ക്കെതിരേ റെയില്‍വേ പോലിസ് കേസെടുത്തിരുന്നു.

പാളം മുറിച്ചുകടന്ന 1,411 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷനാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഒരുവര്‍ഷത്തിനിടെ സബര്‍ബന്‍ തീവണ്ടിയില്‍ നിന്ന് വീണ് 200 ലധികം പേര്‍ മരിക്കുകയോ ഗുരതരമായി പരിക്കേല്‍ക്കുകയോ ചെയ്തു. സബര്‍ബന്‍ സ്‌റ്റേഷന് സമീപം പാളം മുറിച്ചുകടക്കുന്നതിന് പ്രതിദിനം 510 പേരെ വരെ പിടികൂടി പിഴ ഈടാക്കുന്നുണ്ടെന്നും റെയില്‍വേ അറിയിച്ചു. ഫുട്‌ബോര്‍ഡില്‍ യാത്ര ചെയ്യരുതെന്ന് യാത്രക്കാരെ ബോധവത്കരിക്കുന്നതിനായി ട്രെയിനുകളിലും സ്‌റ്റേഷനുകളിലും പബ്ലിക് അഡ്രസ് സംവിധാനങ്ങള്‍ വഴി അടിക്കടി അറിയിപ്പുകള്‍ നല്‍കാന്‍ ചെന്നൈ ഡിവിഷന്‍ തീരുമാനിച്ചു.

പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും സ്‌റ്റേഷന്‍ പരിസരങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുകയും ചെയ്യും. തിരക്കേറിയ ലോക്കല്‍ ട്രെയിനുകളില്‍ വിന്യസിച്ചിരിക്കുന്ന റെയില്‍വേ പോലിസ് ഫോഴ്‌സ് (ആര്‍പിഎഫ്) വാതില്‍പ്പടി നിന്ന് യാത്ര ചെയ്യുക, ഓടുന്ന ട്രെയിനുകളില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുക, സെല്‍ഫികള്‍ എടുക്കുക, മറ്റ് യാത്രക്കാരുടെ പ്രവേശനം തടയുക എന്നിവയൊക്കെ നിരീക്ഷിക്കും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റെയില്‍വേ പറയുന്നു.

Next Story

RELATED STORIES

Share it