Sub Lead

ആന്‍മരിയയുടെ നില ഗുരുതരമായി തുടരുന്നു

ഇതിനുശേഷം മാത്രമേ ശസ്ത്രക്രിയ അടക്കമുള്ളവയിലേക്ക് കടക്കൂ.

ആന്‍മരിയയുടെ നില ഗുരുതരമായി തുടരുന്നു
X

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് കട്ടപ്പന സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍നിന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലെത്തിച്ച 17 വയസ്സുകാരിയായ ആന്‍ മരിയയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍. അമൃത ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ചികിത്സിക്കുന്നത്. നിലവില്‍ 72 മണിക്കൂര്‍ നിരീക്ഷണത്തിനായി ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ് (സി.സി.യു.) ആന്‍ മരിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആന്‍ മരിയയെ കട്ടപ്പനയില്‍നിന്ന് എത്തിക്കുന്ന വിവരം മുന്‍കൂട്ടി അറിയിച്ചതിനാല്‍ അമൃത ആശുപത്രിയില്‍ ചികിത്സയ്ക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഹൃദയസംബന്ധമായ മറ്റു പ്രശ്‌നങ്ങളൊന്നും ഇതുവരെ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായിട്ടില്ല. എന്നാല്‍ ന്യൂറോ സംബന്ധമായ ചില പ്രശ്‌നങ്ങളുണ്ട്. ഈ കാര്യങ്ങളാണ് പരിശോധിച്ചു കൊണ്ടിരിക്കുന്നത്. ഇതിനുശേഷം മാത്രമേ ശസ്ത്രക്രിയ അടക്കമുള്ളവയിലേക്ക് കടക്കൂ.

11.40ന് കട്ടപ്പന സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ് 2.12ന് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിയിരുന്നു. വെറും രണ്ട് മണിക്കൂര്‍ 32 മിനിറ്റുകൊണ്ടാണ് ഇത്രയും ദൂരം താണ്ടിയത്. പിന്നിട്ടതിലേറെ മലമ്പാതയായ 132 കിലോമീറ്റര്‍. വെല്ലുവിളികളുടെ ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയാണ് കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ ആംബുലന്‍സ് അമൃത ആശുപത്രിയില്‍ കുതിച്ചെത്തിയത്. കുത്തനെയുള്ള ഇറക്കങ്ങളും കയറ്റങ്ങളും കൊടും വളവുകളും നിറഞ്ഞ പാതയിലൂടെ ജീവന്‍രക്ഷാ ദൗത്യം വിജയത്തിലെത്തിക്കുകയായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ സുബ്രഹ്‌മണ്യന്‍ എന്ന മണിക്കുട്ടനും സംഘവും.










Next Story

RELATED STORIES

Share it