Special

ചുവപ്പ് ചെകുത്താന്‍മാരുടെ ഹീറോ ഓള്‍ഡ് ട്രാഫോഡിലേക്ക് മടങ്ങിവരുന്നു

മൂന്ന് ലീഗ് കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയാണ് താരം മാഡ്രിഡിലേക്ക് റെക്കോഡ് തുകയ്ക്ക് ചേക്കേറിയത്.

ചുവപ്പ് ചെകുത്താന്‍മാരുടെ ഹീറോ ഓള്‍ഡ് ട്രാഫോഡിലേക്ക് മടങ്ങിവരുന്നു
X


മാഞ്ചസ്റ്റര്‍: ഓള്‍ഡ് ലേഡിയില്‍ നിന്നും റെഡ് ഡെവില്‍സിലേക്കുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മടങ്ങിവരവിന്റെ ഞെട്ടലില്‍ ആണ് ആരാധകര്‍. 12 വര്‍ഷത്തിന് ശേഷമാണ് യുവന്റസ് എൈക്കണ്‍ മാഞ്ചസ്റ്ററിലേക്ക് തിരിച്ചുവരുന്നത്. ലോകം അറിയുന്ന താരമാക്കി തന്നെ മാറ്റിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആണെന്ന് റോണോ പലകുറി പറഞ്ഞിരിക്കുന്നു.യുനൈറ്റഡിനോട് താന്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കല്‍ താന്‍ യുനൈറ്റഡിലേക്ക് മടങ്ങിവരുമെന്ന് ക്ലബ്ബ് വിടുന്ന സമയത്ത് താരം അറിയിച്ചിരുന്നു. തന്റെ വാക്ക് റോണോ പാലിച്ചു.

പിതൃ തുല്യനായ തന്നെ ലോക ഫുട്‌ബോളര്‍ ആക്കിയ അലക്‌സ് ഫെര്‍ഗൂസന്റെ ഇടപെടല്‍ തന്നെയാണ് റൊണാള്‍ഡോയെ ചുവപ്പ് കോട്ടയിലേക്കെത്തിച്ചത്. ഫെര്‍ഗൂസന്റെ അഭിപ്രായം മാനിച്ചാണ് യുനൈറ്റഡ് ഇന്ന് പുതിയ ഓഫര്‍ മുന്നോട്ട് വച്ചതും. കൂടാതെ ഫെര്‍ഗി റോണോയുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഫെര്‍ഗിയുടെ അഭിപ്രായത്തെ റോണോ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.


2003 ലാണ് സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ നിന്നും റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തുന്നത്.യുനൈറ്റഡില്‍ ഏകദേശം ആറ് വര്‍ഷക്കാലം പന്തുതട്ടി. കരിയറിലെ വമ്പന്‍ ബ്രേക്കും ഇവിടെ നിന്ന്. 292 മല്‍സരങ്ങളില്‍ നിന്നും 118 ഗോളുകളാണ് മാഞ്ചസ്റ്ററില്‍ താരം നേടിയത്. മൂന്ന് ലീഗ് കിരീടങ്ങളും ഒരു ചാംപ്യന്‍സ് ലീഗ് കിരീടവും സ്വന്തമാക്കിയാണ് താരം റയല്‍ മാഡ്രിഡിലേക്ക് ലോക റെക്കോഡ് തുകയ്ക്ക് ചേക്കേറിയത്. തുടര്‍ന്ന് ഒമ്പത് വര്‍ഷങ്ങള്‍ക്ക് യുവന്റസിലേക്കും.


യുനൈറ്റഡ് ഇതിഹാസങ്ങളിലാണ് റോണോയുടെ സ്ഥാനം. ആ സ്ഥാനം കാത്തു സൂക്ഷിക്കാന്‍ തന്നെയാണ് താരത്തിന്റെ വരവ്.കരിയറിന്റെ അവസാനം യുനൈറ്റഡില്‍ തീര്‍ക്കാമെന്നാണ് പോര്‍ച്ചുഗല്‍ താരത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ് യുനൈറ്റഡ് ഫിനിഷ് ചെയ്തത്. സോള്‍ഷ്യര്‍ക്ക് കീഴില്‍ ടീം മികച്ച ഫോമിലുമാണ്. ഇക്കുറി കാര്യമായ സൈനിങുകള്‍ യുനൈറ്റഡ് നടത്തിയിരുന്നുമില്ല.സാഞ്ചോ, വരാനെ എന്നിവരെയാണ് യുനൈറ്റഡ് ഇക്കുറി ടീമിലെത്തിച്ചത്.പുതിയ താരങ്ങള്‍ വരാനുണ്ടെന്ന് കഴിഞ്ഞ ദിവസം കോച്ച് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ തങ്ങളുടെ പള്‍സായ റൊണോള്‍ഡോയാണ് ടീമിലേക്ക് വരുന്നതെന്ന് ആരാധകര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. റൊണാള്‍ഡോയ്ക്ക് സിറ്റിക്കൊപ്പം കളിക്കാന്‍ കഴിയില്ലെന്ന് റോണോയുടെ സഹതാരമായിരുന്ന വെയ്ന്‍ റൂണി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതെ ചിരവൈരികളായ സിറ്റിയ്ക്കായി കളിക്കാന്‍ റോണോയുടെ മനസ്സും അനുവദിച്ചില്ല. ഒടുവില്‍ തന്നെ താരമാക്കിയ ഫെര്‍ഗിയുടെ സ്വന്തം റെഡ് ഡെവിള്‍സിന്റെ കൂടെ റോണോയും വരുന്നു.




Next Story

RELATED STORIES

Share it