Special

ജര്‍മ്മന്‍ മെസ്സി, അസിസ്റ്റുകളുടെ കിങ്; ഓസില്‍ ഫുട്‌ബോളിനോട് വിടവാങ്ങുമ്പോള്‍

അക്കാലത്ത് ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായിരുന്നു ഓസില്‍.

ജര്‍മ്മന്‍ മെസ്സി, അസിസ്റ്റുകളുടെ കിങ്; ഓസില്‍ ഫുട്‌ബോളിനോട് വിടവാങ്ങുമ്പോള്‍
X


ജയിക്കുമ്പോള്‍ ഞാന്‍ ജര്‍മ്മനും തോല്‍ക്കുമ്പോള്‍ തുര്‍ക്കി കുടിയേറ്റക്കാരനുമാവുന്നു. ഇത് മൊസ്യൂദ് ഓസില്‍ എന്ന മുന്‍ ജര്‍മ്മന്‍ താരത്തിന്റെ വാക്കുകളാണ്. ജര്‍മ്മനിക്ക് 2014ല്‍ ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ഓസില്‍ 2018ലാണ് ദേശീയ ടീമില്‍ നിന്നു രാജിവയ്ക്കുന്നത്. ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് രാജിവച്ചത് കഴിഞ്ഞ ദിവസം. ഓസിലിന്റെ നിലപാടുകളെയാണ് അദ്ദേഹത്തിന്റെ കളികളേക്കാള്‍ ആരാധകര്‍ ഇഷ്ടപ്പെട്ടിരുന്നത്. ആ നിലപാടുകള്‍ തന്നെയാണ് താരത്തിന് എന്നും കരിയറില്‍ വില്ലനായതും. മിന്നും ഫോമിലുള്ളപ്പോഴാണ് 31ാം വയസ്സില്‍ അന്താരാഷ്ട്ര കരിയറിന് താരം വിരാമമിട്ടത്.

2018 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ ജര്‍മ്മനി ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഓസിലിന്റെ തലയിലാണ് ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വച്ചുകെട്ടിയത്. തുര്‍ക്കി വംശജനായ ഓസില്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ജര്‍മ്മന്‍ ആരാധകരെ ചൊടിപ്പിച്ചു. പിന്നീട് ഓസിലിനെതേരേ ആയിരുന്നു ജര്‍മ്മനി തിരിഞ്ഞത്. വംശീയാധിക്ഷേപം കൊണ്ട് താരത്തെ ജര്‍മ്മനി വരിഞ്ഞ് മുറുക്കുകയായിരുന്നു. ഒടുവില്‍ 31ാം വയസ്സില്‍ ദേശീയ ടീമില്‍ നിന്നു വിടവാങ്ങി. വംശീയാധിക്ഷേപത്തില്‍ മനംനൊന്താണ് താന്‍ രാജിവയ്ക്കുന്നതെന്ന് ഓസില്‍ വ്യക്തമാക്കിയിരുന്നു. ഓസിലിന്റെ രാജിക്കെതിരേ അന്ന് ജര്‍മ്മനിയില്‍ യാതൊരു പ്രതിഷേധവും അലയടിച്ചില്ല. സഹതാരങ്ങള്‍ പോലും ഓസിലിനൊപ്പം നിന്നില്ല.


ദേശീയ ടീമില്‍ നിന്നുണ്ടായ വിവേചനം ഓസിലിന് തന്റെ പ്രിയപ്പെട്ട ക്ലബ്ബ് ആഴ്സണലില്‍ നിന്നും ലഭിച്ചിരുന്നു. എട്ട് വര്‍ഷം ഗണ്ണേഴ്സിനായി കളിച്ച താരം ഒരു സുപ്രഭാതത്തില്‍ ടീമിന് വേണ്ടാത്തവനായി. അസിസ്റ്റുകളുടെ കിങായ ഓസിലിന് അന്നും വിനയായത് തന്റെ നിലപാടായിരുന്നു. സിന്‍ജിയാങ് പ്രവിശ്യയിലെ മുസ് ലിം ന്യൂനപക്ഷമായ വൈഗുറുകളോടുള്ള ചൈനയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റവും അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തെയും ഓസില്‍ പരസ്യമായി അപലപിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു താരത്തിന്റെ ആഴ്സണല്‍ ടീമില്‍ നിന്നുള്ള പുറത്താവല്‍. അക്കാലത്ത് ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായിരുന്നു ഓസില്‍.


എന്നാല്‍ പ്രീമിയര്‍ ലീഗിനും ആഴ്സണലിനും ഏറ്റവും കൂടുതല്‍ വിപണിയുള്ള ചൈനയ്ക്കെതിരേയുള്ള ഓസിലിന്റെ നിലപാട് താരത്തിന്റെ കരിയറിലെ പ്രധാന വിള്ളലാവുകയായിരുന്നു. വിരമിക്കലിന് ശേഷമാണ് താരം തുര്‍ക്കിയിലെ ഇസ്താംബൂള്‍ ബഷക്ഷേറുമായി കരാറിലെത്തിയത്. അവസാനമായി കളിച്ചത് തുര്‍ക്കിയിലെ ഫെനെര്‍ബാഷെ ക്ലബ്ബിനൊപ്പമാണ്. ഈ സീസണില്‍ പരിക്ക് വില്ലനായതിനെ തുടര്‍ന്ന് എട്ട് മല്‍സരങ്ങള്‍ മാത്രമാണ് ഓസിലിന് കളിക്കാനായത്.


തുടര്‍ച്ചയായ പരിക്കുകളാണ് വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്ന് താരം പറഞ്ഞു. തന്റെ സുവര്‍ണ്ണ കാലഘട്ടം ആഴ്സണലിനും റയലിനും ഒപ്പമായിരുന്നു. 17 വര്‍ഷത്തെ കരിയറിനാണ് താരം കഴിഞ്ഞ ദിവസം വിരാമമിട്ടത്. ജര്‍മ്മനിയിലെ ഷാല്‍ക്കെയില്‍ നിന്നായിരുന്നു കരിയറിന്റെ തുടക്കം. പിന്നീട് വെര്‍ഡെര്‍ ബ്രെമന് വേണ്ടിയും ജര്‍മ്മനിയില്‍ കളിച്ചു. കരിയറില്‍ റയലിനൊപ്പം ലാ ലിഗാ കോപ്പാ ഡെല്‍ റേ എന്നിവയും ആഴ്സണലിനൊപ്പം നാല് എഫ് എ കപ്പും ഓസില്‍ സ്വന്തമാക്കിയിട്ടുണ്ട്. ജര്‍മ്മന്‍ മെസ്സിയെന്നറിയപ്പെടുന്ന ഓസിലിന്റെ രാഷ്ട്രീയ നിലപാടുകളാണ് ആ താരത്തിന് ഇത്രയേറെ ആരാധകര്‍ ഉണ്ടാക്കിയത്. 34ാം വയസ്സില്‍ പരിക്ക് വിടാതെ പിന്തുടര്‍ന്നതോടെ കളിക്കളത്തിലെ മനുഷ്യന്‍ ലോക ഫുട്ബോളിനോട് പൂര്‍ണ്മായും വിടവാങ്ങിയിരിക്കുകയാണ്.






Next Story

RELATED STORIES

Share it