Special

ലോകകപ്പ്; മരണഗ്രൂപ്പ് ഇന്നിറങ്ങും; ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യയും ബെല്‍ജിയവും ആദ്യ പോരിന്

ഗ്രൂപ്പ് എഫില്‍ ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന മല്‍സരത്തില്‍ മൊറോക്കോ ക്രൊയേഷ്യയെ നേരിടും.

ലോകകപ്പ്; മരണഗ്രൂപ്പ് ഇന്നിറങ്ങും; ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യയും ബെല്‍ജിയവും ആദ്യ പോരിന്
X



ഖത്തര്‍ ലോകകപ്പിലെ മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രൂപ്പ് ഇയില്‍ ഇന്ന് കളിതുടങ്ങുന്നു. മുന്‍ ചാംപ്യന്‍മാരായ ജര്‍മനിയും സ്പെയിനുമാണ് ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6.30ന് നടക്കുന്ന മല്‍സരത്തില്‍ ജര്‍മ്മന്‍ പട ഏഷ്യന്‍ പ്രമുഖരായ ജപ്പാനുമായി കൊമ്പുകോര്‍ക്കും. കളിച്ച 19 ലോകകപ്പിലെ 13ലും സെമി കളിച്ച ജര്‍മ്മനി ജപ്പാനെ അനായാസം മറികടക്കുമെന്നാണ് നിഗമനം.

ക്യാപ്റ്റന്‍ മുള്ളര്‍, സെര്‍ജി നാബ്രി, ജോഷ്വാ കിമ്മിച്ച്, കായ് ഹാവര്ട്സ്, ഗുണ്‍ഡോങ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. വിദേശ ലീഗുകളില്‍ കളിക്കുന്ന താരങ്ങളാല്‍ സമ്പന്നമാണ് ജപ്പാന്‍ പട. ഏതൊരു ടീമിനെയും കൂളായി നേരിടുന്ന ജപ്പാന് ആരെയും അട്ടിമറിക്കാനുള്ള കരുത്തുണ്ട്.

ഇതേ ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ രാത്രി 9.30ന് സ്പെയിന്‍ കോസ്റ്റാറിക്കയുമായി ഏറ്റുമുട്ടും. കരുത്തുറ്റ യുവനിരയുമായാണ് സ്പെയിന്‍ ലോകകപ്പിനെത്തുന്നത്. ബാഴ്സയിലും റയലിലും കളിക്കുന്ന പ്രമുഖ താരങ്ങള്‍ തന്നെയാണ് എന്ററിക്വയുടെ പ്രതീക്ഷ. ഫെറാന്‍ ടോറസ്, സെര്‍ജിയോ ബുസ്‌കറ്റസ്, ഗവി, പെഡ്രി, അന്‍സു ഫാത്തി, ജോര്‍ഡി ആല്‍ബ എന്നിവര്‍ നിയന്ത്രണം ഏറ്റെടുത്താല്‍ അനായാസം സ്പെയിന്‍ ജയിച്ചുകയറും. സീനിയറായ നിരവധി താരങ്ങളാണ് കോസ്റ്റാറിക്കയുടെ പ്രതീക്ഷ. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത കോസ്റ്ററിക്ക സ്പാനിഷ് പടയ്ക്കെതിരേ പ്രതിരോധം സൃഷ്ടിക്കുമോ എന്ന് കണ്ടറിയാം.


ഗ്രൂപ്പ് എഫില്‍ ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന മല്‍സരത്തില്‍ മൊറോക്കോ ക്രൊയേഷ്യയെ നേരിടും. ലോക റാങ്കിങില്‍ 12ാം സ്ഥാനത്തുള്ള ക്രൊയേഷ്യ നിലവിലെ റണ്ണേഴ്സ് അപ്പാണ്. മല്‍സരത്തിന്റെ ഗതി ഏത് നിമിഷവും മാറ്റാനുള്ള നിരവധി താരങ്ങള്‍ ടീമിലുണ്ട്. ലൂക്കാ മൊഡ്രിച്ച്, മാര്‍സലോ ബ്രോസോവിക്ക്, ഇവാന്‍ പെരിസിക്ക്, മരിയോ പസാലിക്ക് എന്നിവരാണ് പ്രമുഖ താരങ്ങള്‍. ആഫ്രിക്കന്‍ ഫുട്ബോളിലെ കരുത്തന്‍മാരായ മൊറോക്കയുടെ പ്രമുഖ താരങ്ങള്‍ അയൂബ് അല്‍ കാബിയും അശ്റഫ് ഹക്കീമിയും ആണ്.

അര്‍ദ്ധരാത്രി 12.30ന് ഗ്രൂപ്പ് എഫില്‍ നടക്കുന്ന പോരാട്ടത്തില്‍ ബെല്‍ജിയം കാനഡയെ നേരിടും. ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയം സ്‌ക്വാഡില്‍ ലോകത്തെ പ്രമുഖ താരങ്ങളാല്‍ സമ്പന്നമാണ്. റൊമേലു ലൂക്കാക്കു, കെവിന്‍ ഡി ബ്രൂണി, ഹസാര്‍ഡ് സഹോദരന്‍മാര്‍, ഒറിഗി എന്നിവര്‍ തിളങ്ങിയാല്‍ ടീം അനായാസം കനേഡിയന്‍ വെല്ലുവിളി അതിജീവിക്കും. ലോക റാങ്കിങില്‍ 41ാം സ്ഥാനത്തുള്ള കാനഡ 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പിനെത്തുന്നത്. സൈലി ലാറിന്‍, ജൊനാഥന്‍ ഡേവിഡ്, ലൂക്കാസ് കാവല്ലിനി, അല്‍ഫോണ്‍സ് ഡേവിഡ് എന്നിവരാണ് പ്രമുഖ താരങ്ങള്‍.





Next Story

RELATED STORIES

Share it