Special

ഫലസ്തീൻ സോക്കറിനെ നിഗ്രഹിക്കുന്ന ഫിഫ

ഫലസ്തീൻ സോക്കറിനെ  നിഗ്രഹിക്കുന്ന ഫിഫ
X

ഗസ: സായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തിനെതിരേ എന്നും കായിക മേഖലയില്‍നിന്ന് എതിര്‍പ്പുകള്‍ ഉടലെടുത്തിരുന്നു. കായിക മേഖലയില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ആയിരകണക്കിന് മുഹൂര്‍ത്തങ്ങള്‍ക്കും ലോകം സാക്ഷിയായിട്ടുണ്ട്. ഒളിംപിക്സ്, ലോക ചാംപ്യന്‍ഷിപ്പുകള്‍, ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി, മറ്റ് ലീഗ് ചാംപ്യന്‍ഷിപ്പുകള്‍ എന്നിവിടങ്ങളില്‍ എല്ലാം ഇസ്രായേലിന്റെ കൂട്ടുകുരുതിക്കെതിരേ മുറവിളികള്‍ ഉയര്‍ന്നിരുന്നു. ഇസ്രായേലിന്റെ ഉറ്റമിത്രമായ അമേരിക്കയില്‍നിന്നുതന്നെ നിരവധി കായികതാരങ്ങള്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.


എന്നാല്‍ ലോക ഫുട്ബോള്‍ ബോഡിയായ ഫിഫയുടെ നിലപാടിനെ ലോകം എന്നും സംശയത്തോടെയാണ് കണ്ടത്. ഇസ്രായേലിനെതിരായ പ്രതിഷേധങ്ങള്‍ ഏറ്റവും കൂടുതല്‍ രൂപംകൊണ്ടതും ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍നിന്നാണ്. ആരാധകരുടെ ഭാഗത്തുനിന്നും ഫുട്ബോള്‍ താരങ്ങളില്‍നിന്നും ഈ ഐക്യദാര്‍ഢ്യം നാം പലപ്പോഴായി കണ്ടതാണ്. ഇസ്രായേലിന്റെ ക്രൂരനടപടിക്കെതിരേ ശബ്ദമുയര്‍ത്താത്ത ആഗോള ബോഡിയാണ് ഫിഫ.


ഇസ്രായേലിനെയും ഇസ്രായേല്‍ ഫുട്ബോള്‍ ക്ലബ്ബുകളെയും അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍നിന്ന് വിലക്കാന്‍ ഫിഫ നടപടിയെടുക്കണമെന്ന് ഇതിനോടകം നിരവധി വര്‍ഷങ്ങളായി അന്താരാഷ്ട്ര തലത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഫലസ്തീനും നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച് ഫിഫയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ ഭാഗത്തുനിന്ന് അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ ഫിഫ മൗനം ഭജിക്കുകയാണ്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് ഫിഫ യോഗങ്ങള്‍ ചേര്‍ന്നിരുന്നെങ്കിലും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യോഗം തീരുമാനമാവാതെ പിരിയുകയായിരുന്നു.


ഉക്രെയ്ന്‍-റഷ്യ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്ന് റഷ്യക്കെതിരേ ബഹിഷ്‌കരണവുമായി നിരവധി പേര്‍ രംഗത്തു വന്നിരുന്നു. അന്ന് ഫിഫയുടെ ഭാഗത്തുനിന്നും മറ്റ് അന്താരാഷ്ട്ര കായിക അസോസിയേഷനുകളില്‍നിന്നും റഷ്യക്കെതിരേ അതിവേഗം നടപടികള്‍ വന്നിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ കാര്യം വരുമ്പോള്‍ ഫിഫ അവിടെ ഇരട്ടത്താപ്പ് പ്രകടിപ്പിക്കുകയാണ്. നിരവധി തവണയാണ് ഇസ്രായേലിനെതിരേ നടപടിയെടുക്കാന്‍ ഫലസ്തീന്‍ ഫിഫയ്ക്ക് മുന്നിലെത്തിയത്. എന്നാല്‍ ഇന്നും ഫിഫ ഇസ്രായേലിനെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


ഇസ്രായേലിന്റെ അധിനിവേശത്തെ തുടര്‍ന്ന് ഫലസ്തീന്റെ കായിക മേഖല തന്നെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്. നിരവധി ഫുട്ബോള്‍ താരങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി ഫുട്ബോള്‍ ക്ലബ്ബുകളാണ് ഇല്ലാതായത്. ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ തകര്‍ന്നു. പരിശീലനത്തിനു പോലും സൗകര്യമില്ല. ഒരു രാജ്യത്തിന്റെ കായിക മേഖലതന്നെയാണ് ഇസ്രായേല്‍ ഇല്ലാതാക്കിയത്. എന്നിട്ടും ഇസ്രായേലിന്റെ കിരാത നടപടിക്കുമുന്നില്‍ ഫിഫ കണ്ണടയ്ക്കുകയാണ്.


സ്‌കോട്ടിഷ് ലീഗുകളിലാണ് നിരവധി തവണ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം നടന്നിട്ടുള്ളത്. ഇക്കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഫലസ്തീനുള്ള ഐക്യദാര്‍ഢ്യം ഉണ്ടായിരുന്നു. മ്യൂണിക്കിലായിരുന്നു പിഎസ്ജി-ഇന്റര്‍മിലാന്‍ ഫൈനല്‍ അരങ്ങേറിയത്. നമ്മളെല്ലാവരും ഗസയുടെ കുട്ടികളാണ് എന്ന് സ്റ്റേഡിയത്തിന്റെ പല ഭാഗത്ത് നിന്നായി മുറവിളി ഉയര്‍ന്നിരുന്നു. മൊറോക്കോ സൂപ്പര്‍ താരം അഷ്റഫ് ഹക്കീമി പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തപ്പോള്‍ സ്റ്റേഡിയത്തില്‍നിന്ന് ഗസയിലെ വംശഹത്യ നിര്‍ത്തുക എന്ന കൂറ്റന്‍ പതാക പല ഭാഗങ്ങളിലായി ഉയര്‍ന്നിരുന്നു.


കായിക മേഖലയും രാഷ്ട്രീയവും കൂടിക്കലരരുത് എന്ന പ്രസ്താവന മാത്രം ഇറക്കി ഇസ്രായേലിനെതിരേ ഒരു നടപടിയും സ്വീകരിക്കാതെ ഫിഫ നിരുപാധികം മുന്നോട്ട് പോവുന്നു. ഇവിടെ തകരുന്നതാവട്ടെ ഒരു രാജ്യത്തിന്റെ സോക്കര്‍ സ്വപ്നങ്ങളാണ്, പ്രതീക്ഷകളാണ്...





Next Story

RELATED STORIES

Share it