Special

ഫുട്ബോള്‍ ഇതിഹാസം പെലെ വിട പറയുമ്പോള്‍

2000ല്‍ നൂറ്റാണ്ടിലെ താരമായി ഫിഫ പെലെയെ തിരഞ്ഞെടുത്തിരുന്നു.

ഫുട്ബോള്‍ ഇതിഹാസം പെലെ വിട പറയുമ്പോള്‍
X


ഫര്‍ഹാന ഫാത്തിമ


1363 മല്‍സരങ്ങള്‍. 1281 ഗോളുകള്‍. മൂന്ന് ലോകകപ്പ് നേടിയ ഒരേ ഒരു താരം. അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാച്ച റെക്കോഡുകളുമായാണ് കാല്‍പ്പന്ത് ലോകത്തെ ഇതിഹാസം പെലെ വിടവാങ്ങിയത്. അദ്ദേഹം നേടിയ പല റെക്കോഡുകളും ഇന്നും തിരുത്തപ്പെട്ടിട്ടില്ല. പലതും ഇനിയും തിരുത്തപ്പെടുമോയെന്നു പോലും സംശയമാണ്. 10ാം നമ്പര്‍ ജഴ്സിയെ തന്നെ അനശ്വരമാക്കിയ ആ കറുത്തമുത്ത് ലോകത്ത് ഫുട്ബോള്‍ ഉള്ളിടത്തോളം കാലം അത്യപൂര്‍വ താരമായിത്തന്നെ ഓര്‍മിക്കപ്പെടുമെന്നതില്‍ തര്‍ക്കമേതുമില്ല. 21 വര്‍ഷത്തെ ഫുട്ബോള്‍ കരിയറില്‍ നേട്ടങ്ങളുടെ കൊടുമുടി കയറിയാണ് പെലെ എന്ന ഇതിഹാസം ലോകത്തിന്റെ നാനാദിക്കുകളിലും ആരാധകരെ സൃഷ്ടിച്ചത്. ഒരിക്കല്‍ ഒരു ദ്വീപിലെ ജനതയോട് യേശുക്രിസ്തുവിനെ അറിയുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നല്‍കിയവര്‍, പക്ഷേ പെലെയെ കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങളുടെ ഹൃദയം കീഴടക്കിയ മാന്ത്രികനെ കുറിച്ച് വാചാലമായത്രേ. അത്രമേല്‍ വൈകാരികതയോടെയാണ് അയാള്‍ ഫുട്ബോളിനെ കണ്ടത്. ഫുട്ബോള്‍ അയാളെയും.


ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ പെലെയുടെ പേരിലാണ് ഇന്നും നിലനില്‍ക്കുന്നത്. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിനായി 659 ഗോളുകളാണ് പെലെ നേടിയത്. ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിച്ചെന്ന റെക്കോഡ് നീണ്ട 46 വര്‍ഷം പെലെയുടെ പേരിലായിരുന്നു. 643 ഗോളുകള്‍ എന്ന ഈ റെക്കോഡ് 2020ല്‍ തിരുത്തിയത് അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ്. ബാഴ്സയ്ക്കായി മെസ്സി 644 ഗോളുകള്‍ നേടിയപ്പോഴാണ് ഇത് മറികടന്നത്. 92 മല്‍സരങ്ങളില്‍ നിന്ന് ദേശീയ ടീമിനായി 77 ഗോള്‍ നേടി ബ്രസീലിന്റെ ഇതുവരെയുള്ള ടോപ് സ്‌കോറര്‍ എന്ന പട്ടവും പെലെയുടെ പേരിലാണ്. ലോകകപ്പില്‍ വലകുലുക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരവും പെലെ തന്നെ.


1958ല്‍ സ്വീഡനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ പെലെ സ്‌കോര്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 17 വയസ്സും 239 ദിവസവുമാണ്. അന്നത്തെ ലോകകപ്പില്‍ ബ്രസീല്‍ കിരീടം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ലോകകപ്പ് നേടിയ റെക്കോഡും പെലെ തന്റെ പേരില്‍ കുറിച്ചു. ലോകകപ്പില്‍ ഹാട്രിക്ക് നേടിയ പ്രായം കുറഞ്ഞ താരവും മറ്റാരുമല്ല. 1958 ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനെതിരെ ആയിരുന്നു പെലെയുടെ ഹാട്രിക്ക്. ഇതേ ലോകകപ്പ് ഫൈനലില്‍ സ്‌കോര്‍ ചെയ്തതോടെ കുറഞ്ഞ പ്രായത്തില്‍ ഫൈനലില്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡും തന്റെ പേരിലാക്കി. ഗിന്നസ് റെക്കോഡ് പ്രകാരം പെലെയുടെ ഗോളുകളുടെ എണ്ണം 1279 ആണ്. ഫിഫ സ്ഥിരീകരിച്ചത് 1281 ഗോളും. സൗഹൃദ മല്‍സരങ്ങള്‍, ക്ലബ്ബ് അമേച്വര്‍ മല്‍സരങ്ങള്‍, റിസേര്‍വ് ടീം മല്‍സരങ്ങള്‍, ജൂനിയര്‍ നാഷനല്‍ ടൂര്‍ണമെന്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഗിന്നസ് റെക്കോഡ്. പെലെയുടെ ഔദ്യോഗിക ഗോളുകളുടെ എണ്ണത്തില്‍ ഇപ്പോഴും വ്യത്യസ്ത അഭിപ്രായങ്ങളാണ്. 1283 ഗോളുകള്‍ തനിക്ക് സ്വന്തമാണെന്ന തരത്തില്‍ 2015ല്‍ പെലെ തന്നെ ഒരുട്വീറ്റ് ചെയ്തിരുന്നു.


ലോകകപ്പില്‍ പെലെയുടെ പേരില്‍ 10 അസിസ്റ്റുകളുണ്ട്. അസിസ്റ്റുകളുടെ എണ്ണത്തിലും പെലെയെ മറികടക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒരു ലോകകപ്പ് മല്‍സരത്തില്‍ ആറ് അസിസ്റ്റ് നേടിയും പെലെ റെക്കോഡ് കുറിച്ചിരുന്നു.1961ല്‍ 110 ഗോളുകളും 1959ല്‍ 127 ഗോളുകളും സ്‌കോര്‍ ചെയ്ത പെലെയുടെ പേരിലാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത റെക്കോഡ്.


2000ല്‍ നൂറ്റാണ്ടിലെ താരമായി ഫിഫ പെലെയെ തിരഞ്ഞെടുത്തിരുന്നു. കൗമാരം വിടുംമുമ്പ് തന്റെ 16ാം വയസ്സിലാണ് പെലെ ബ്രസീലിനു വേണ്ടി ആദ്യമായി ബൂട്ടണിഞ്ഞത്. ചിരവൈരികളായ അര്‍ജന്റീനയ്ക്കെതിരേ അന്ന് തോറ്റെങ്കിലും ഒരു ഗോള്‍ സ്‌കോര്‍ ചെയ്ത പെലെ തന്റെ വരവറിയിച്ചു. ലോകഫുട്ബോള്‍ ആരാധകരുടെ താളമായി മാറിയ ബ്രസീലിന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്തതും പെലെയാണ്. മഞ്ഞപ്പടയ്ക്ക് മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഒരേയൊരു ഫുട്ബോള്‍ താരവും പെലെയാണ്.1940 ഒക്ടോബര്‍ 23ന് 'മൂന്ന് ഹൃദയം' എന്നര്‍ഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് എഡ്സണ്‍ അരാന്റെസ് ദൊ നാസിമെന്റോ എന്ന പെലെയുടെ ജനനം. പിതാവ് ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ. മാതാവ് സെലെസ്റ്റേ അരാന്റസ്. പിതാവും ഫുട്ബോള്‍ താരമായിരുന്നു. ഏഴ് വയസ്സ് മുതല്‍ തന്നെ പെലെ കാല്‍പ്പന്തിനെ പ്രണയിച്ചുതുടങ്ങിയിരുന്നു. തുന്നിക്കൂട്ടിയ തുണികൊണ്ട് ഫുട്ബോള്‍ തട്ടിയാണ് കളിപഠിച്ചത്. ഡിക്കോ എന്നായിരുന്നു ആദ്യത്തെ പേര്. പരിക്കിനെ തുടര്‍ന്ന് പിതാവ് ഫുട്ബോള്‍ ഉപേക്ഷിച്ചു. എന്നാല്‍ പെലെ മുന്നോട്ട് പോയി. അതിനൊപ്പം ഷൂ പോളിഷ് ചെയ്ത് വരുമാനവും കണ്ടെത്തി. സുഹൃത്തുക്കളാണ് ഡിക്കോയ്ക്ക് പെലെ എന്ന പേര് നല്‍കിയത്. 15ാം വയസ്സിലാണ് സാന്റോസിലെത്തിയത്. തുടര്‍ന്നങ്ങോട്ട് പെലെയുടെ ദിനങ്ങളായിരുന്നു. ലോക ഫുട്ബോളിന്റെ ഗോപുരത്തില്‍ ഇതിഹാസം തീര്‍ത്ത ഗോളടി യന്ത്രമായി വിരാചിച്ചു. ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളിനെ ലോകത്തിന്റെ താളമാക്കി മാറ്റിയ, ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിലെ 10ാം നമ്പറിനെ അനശ്വരമാക്കിയ പെലെ എന്ന മനുഷ്യന്‍ പുല്‍മൈതാനിയുള്ളിടത്തോളം കാലം ഓര്‍മിക്കപ്പെടുമെന്നതില്‍ ഒരാള്‍ക്കുംതന്നെ സംശയമുണ്ടാവില്ല.


Next Story

RELATED STORIES

Share it