Special

ആഫ്‌ക്കോണിന് ഇന്ന് തുടക്കം; കപ്പ് ഫേവററ്റുകള്‍ അള്‍ജീരിയ; ക്ലബ്ബ് ഫുട്‌ബോളിലെ ഭീമന്‍മാരും ഇറങ്ങും

യൂറോപ്പ്യന്‍ ഫുട്‌ബോളിലെ വമ്പന്‍ താരങ്ങള്‍ ദേശീയ ടീമിനായി ഇറങ്ങും

ആഫ്‌ക്കോണിന് ഇന്ന് തുടക്കം; കപ്പ് ഫേവററ്റുകള്‍ അള്‍ജീരിയ; ക്ലബ്ബ് ഫുട്‌ബോളിലെ ഭീമന്‍മാരും ഇറങ്ങും
X
.


ആഫ്രിക്കന്‍ ഭുഖണ്ഡത്തിലെ ഫുട്‌ബോള്‍ രാജക്കാന്‍മാര്‍ക്കായുള്ള പോരാട്ടത്തിന് ഇന്ന് മുതല്‍ തുടക്കമാവും. 33ാമത് ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സ് (ആഫ്‌ക്കോണ്‍) കാമറൂണിലെ അഞ്ച് വേദികളിലായാണ് അരങ്ങേറുക.ആകെ 52 മല്‍സരങ്ങളാണുള്ളത്. ഓരോ ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് പുറമെ നാല് മികച്ച മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കും. നിലവിലെ ചാംപ്യന്‍മാരും ഫിഫാ അറബ് കപ്പ് ജേതാക്കളുമായ അള്‍ജീരിയയാണ് ഫേവററ്റുകള്‍. ആറ് ഗ്രൂപ്പുകളിലായി 24 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ കാമറൂണ്‍ ബുര്‍കിനാ ഫാസോയെ നേരിടും. രാത്രി 9.30നാണ് മല്‍സരം. രാത്രി 12.30ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ എത്യോപിയ കപെ വെര്‍ദെയുമായി ഏറ്റുമുട്ടും. മല്‍സരങ്ങള്‍ സോണി നെറ്റ് വര്‍ക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.




യൂറോപ്പ്യന്‍ ഫുട്‌ബോളിലെ വമ്പന്‍ താരങ്ങള്‍ ദേശീയ ടീമിനായി ഇറങ്ങും. ലിവര്‍പൂള്‍ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലാഹ്, സാദിയോ മാനെ, മാഞ്ചസ്റ്റര്‍ സിറ്റി താരം റിയാദ് മെഹറസ്, പിഎസ്ജി താരം അഷ്‌റഫ് ഹക്കീമി, ആഴ്‌സണലിന്റെ ഒബമായങ് എന്നിവരാണ് മല്‍സരത്തിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന 16 ക്ലബ്ബുകളിലെ 34 താരങ്ങള്‍ അവരവരുടെ രാജ്യത്തിനായി കളിക്കും. ഫെബ്രുവരി ആറിനാണ് ഫൈനല്‍. താരങ്ങള്‍ ഒരു മാസത്തെ അവധിയെടുത്താണ് ആഫ്‌ക്കോണിന് എത്തുന്നത്. യൂറോപ്പിലെ വിവിധ ലീഗുകളില്‍ കിരീട പോരാട്ടം ശക്തമായിരിക്കെയാണ് താരങ്ങളുടെ അവധിയെടുക്കല്‍. കൊവിഡിനെ തുടര്‍ന്ന് താരങ്ങള്‍ ഇല്ലാത്ത ക്ലബ്ബുകള്‍ക്ക് ആഫ്‌ക്കോണിന് പോയ താരങ്ങളുടെ കുറവും വന്‍ തിരിച്ചടി ആയിരിക്കുകയാണ്.



അതിനിടെ ആഫ്‌ക്കോണിനും കൊവിഡ് ഭീഷണ നിലനില്‍ക്കുന്നുണ്ട്. ഇതിനോടകം ചില താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ 11 താരങ്ങളും ഗോള്‍കീപ്പറും ഉണ്ടെങ്കില്‍ ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോവാമെന്നാണ് ആഫ്‌ക്കോണ്‍ അധികൃതരുടെ ഭാഷ്യം. കഴിഞ്ഞ തവണ നടക്കേണ്ട ടൂര്‍ണ്ണമെന്റാണ് ഇത്തവണ നടക്കുന്നത്. അവസാനത്തെ ആറ് ചാംപ്യന്‍ഷിപ്പുകളിലും ആറ് വ്യത്യസ്ത ചാംപ്യന്‍മാരായിരുന്നു.




ഈജിപ്ത് ഏഴ് തവണയും കാമറൂണ്‍ അഞ്ച് തവണയും ഘാന നാല് തവണയും നൈജീരിയ മൂന്ന് തവണയും കിരീടം നേടിയിട്ടുണ്ട്. ടുണീഷ്യ, ഐവറികോസ്റ്റ്, സുഡാന്‍, സിംബാബ്‌വെ, എതോപ്പ്യ, സെനഗല്‍ എന്നിവര്‍ ടൂര്‍ണ്ണമെന്റിലെ പ്രധാനപ്പെട്ട ടീമുകളാണ്. രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ച ടീമാണ് സെനഗല്‍. ഫെബ്രുവരി ആറിനാണ് ഫൈനല്‍. ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ കരുത്തും വേഗതയും കാണാവുന്ന മല്‍സരങ്ങള്‍ക്കാണ് കാമറൂണ്‍ ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുക




Next Story

RELATED STORIES

Share it