Others

നെയ്മറിന് പതിനായിരം കോടി രൂപയുടെ സ്വത്ത് എഴുതിവച്ച് ശതകോടീശ്വരന്‍

നെയ്മറിന് പതിനായിരം കോടി രൂപയുടെ സ്വത്ത് എഴുതിവച്ച് ശതകോടീശ്വരന്‍
X

സാന്റോസ്: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് വില്‍പത്രത്തില്‍ മുഴുവന്‍ സ്വത്തും എഴുതിവച്ച് ശതകോടീശ്വരന്‍. അടുത്തിടെ മരിച്ച ശതകോടീശ്വരന്‍ 846 മില്ല്യണ്‍ പൗണ്ടോളം വരുന്ന സ്വത്താണ് നെയ്മറിനായി എഴുതിവച്ചതെന്ന് വിദേശമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഏകദേശം പതിനായിരം കോടി ഇന്ത്യന്‍ രൂപയോളം വരുമിത്. ബ്രസീലുകാരനായ ശതകോടീശ്വരന് ഭാര്യയോ മക്കളോ ഇല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബ്രസീലിയന്‍ നഗരമായ പോര്‍ട്ടോ അലെഗ്രയില്‍ വച്ചാണ് വില്‍പത്രം ഔദ്യോഗികമായി തയ്യാറാക്കിയത്. രണ്ട് സാക്ഷികളുമുണ്ട്. നെയ്മറിന് സ്വന്തം പിതാവ് നെയ്മര്‍ സീനിയറുമായുണ്ടായിരുന്ന അടുത്ത ബന്ധം മരിച്ചുപോയ പിതാവിനെ ഓര്‍മിപ്പിക്കുന്നുവെന്ന് കുറിച്ചാണ് ഇയാള്‍ സ്വത്ത് മുഴുവനായി നെയ്മറിന് എഴുതിവെച്ചതെന്നാണ് വിവരം. ജൂണ്‍ 12 നാണ് വില്‍പത്രം തയ്യാറാക്കിയതെന്ന് റിപോര്‍ട്ടുകളില്‍ പറയുന്നു.

വിഷയത്തില്‍ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. അതേസമയം ഇത്രയും മൂല്യമുള്ള സ്വത്ത് കൈമാറ്റം ചെയ്യുന്നത് നിയമപ്രശ്നങ്ങള്‍ക്കും ഇടയാക്കിയേക്കാം. കോടതിയിലടക്കം ഇത് ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. കോടതിയില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ താരത്തിന് പണം ലഭിക്കുകയുള്ളൂവെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.

കബ്ബ് തലത്തില്‍ ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിനായാണ് നെയ്മര്‍ കളിക്കുന്നത്. യൂറോപ്പില്‍ ബാഴ്സലോണ, പിഎസ്ജി ടീമുകള്‍ക്കായി പന്തുതട്ടിയ താരം പിന്നാലെ സാന്റോസിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുക്കുകയായിരുന്നു. അതേസമയം ബ്രസീല്‍ 2026 ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു.






Next Story

RELATED STORIES

Share it