Others

ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം പ്രണോയിക്ക്

ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം പ്രണോയിക്ക്
X

തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 34ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡിന് അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ് അര്‍ഹനായി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐപിഎസ് ചെയര്‍മാനും, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ടി ദേവപ്രസാദ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989ലാണ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2022 ല്‍ ഇന്ത്യയെ ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രണോയ്, ലോക ടൂര്‍സ് ഫൈനല്‍ റാങ്കിങ്ങില്‍ ഈ വര്‍ഷം ഒന്നാം സ്ഥാനത്തെത്തുകയുണ്ടായി. 2016 ല്‍ സ്വിസ് ഓപണും 2017 ല്‍ യുഎസ് ഓപണും കരസ്ഥമാക്കിയ പ്രണോയ്, 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം ഇനത്തില്‍ സ്വര്‍ണ മെഡലും, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സിംഗിള്‍സില്‍ വെങ്കല മെഡലും കരസ്ഥമാക്കി.

2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിമ്‌സില്‍ പങ്കെടുത്ത് ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ ആദ്യത്തെ പത്തില്‍ സ്ഥാനം നേടിയത് പ്രണോയിയുടെ ശ്രദ്ധേയമായ നേട്ടമായിരുന്നു. ഈ വര്‍ഷം അര്‍ജുന അവാര്‍ഡ് നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. പി സുനില്‍കുമാറിന്റെയും ഹസീനയുടെയും മകനായ പ്രണോയ്, തിരുവനന്തപുരം സ്വദേശിയാണ്. ഒഎന്‍ജിസിയില്‍ ഉദ്യോഗസ്ഥനാണ്. ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ തന്റെ പങ്കാളിയായിരുന്ന ശ്വേതയാണ് ഭാര്യ. നവംബര്‍ 30നാണ് ജിമ്മി ജോര്‍ജ് വിടവാങ്ങിയിട്ട് 35 വര്‍ഷം തികഞ്ഞത്. ഡിസംബര്‍ 24 നു പേരാവൂര്‍ മാരത്തോണിന്റെ ഭാഗമായി ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Next Story

RELATED STORIES

Share it