News

റയലിന് വേണ്ടെങ്കില്‍ ക്ലബ്ബ് വിടും: മാര്‍സെലോ

ഫോം കണ്ടെത്താത്തതിനെ തുടര്‍ന്ന് മിക്കപ്പോഴും ടീമില്‍ നിന്ന് അവസരം ലഭിക്കുന്നില്ലെന്നും ബ്രിസീലിയന്‍ താരം പറഞ്ഞു.

റയലിന് വേണ്ടെങ്കില്‍ ക്ലബ്ബ് വിടും: മാര്‍സെലോ
X

മാഡ്രിഡ്: ക്ലബ്ബിന് വേണ്ടെങ്കില്‍ താന്‍ ഉടന്‍ റയല്‍ മാഡ്രിഡില്‍ നിന്ന് മറ്റൊരു ക്ലബ്ബിലേക്ക് മാറുമെന്ന് ലെഫറ്റ് ബാക്ക് മാര്‍സെലോ. ഫോം കണ്ടെത്താത്തതിനെ തുടര്‍ന്ന് മിക്കപ്പോഴും ടീമില്‍ നിന്ന് അവസരം ലഭിക്കുന്നില്ലെന്നും ബ്രിസീലിയന്‍ താരം പറഞ്ഞു.

ടീമില്‍ നിന്നു വില്‍ക്കാനുള്ളവരുടെ ലിസ്റ്റിലാണ് തന്റെ സ്ഥാനം. ക്ലബ്ബിന് വേണ്ടാതാവുമ്പോള്‍ അവര്‍ പറയും. അപ്പോള്‍ ക്ലബ്ബ് വിടും. ക്ലബ്ബില്‍ നിന്ന് പോവുന്നതില്‍ ദുഖമുണ്ട്. പക്ഷേ ഇവിടം വിടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. എന്നാല്‍, കരിയര്‍ അവസാനിപ്പിക്കില്ല. മറ്റെവിടെയെങ്കിലും തുടരും. തന്റെ കരിയറിലെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. കരിയറില്‍ ഉയര്‍ച്ചയും താഴ്ചയും സമ്മിശ്രമായി വരുന്നു. രണ്ടു മാസത്തോളം പരിക്കിന്റെ പിടിയിലായിരുന്നുവെന്നും ഇത് കരിയറിന് ബാധിച്ചെന്നും മാര്‍സെലോ വ്യക്തമാക്കി.

പ്രിയ സുഹൃത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയത് താരത്തിന് വലിയ ആഘാതമായിരുന്നു. ഇരുവരും ലോകഫുട്‌ബോളിലെ തന്നെ ആത്മമിത്രങ്ങളാണ്. കഴിഞ്ഞ യുവേഫാ ചാംപ്യന്‍സ് ലീഗിന്റെ സമയത്ത് ക്രിസ്റ്റി തന്നോട് ക്ലബ്ബ് വിടുന്ന കാര്യം പറഞ്ഞിരുന്നുവെന്നും മാര്‍സലോ പറഞ്ഞു.

ഇപ്പോള്‍ ശാരീരികമായി താന്‍ ഫിറ്റാണ്. കഠിന പരിശീലനം നടത്തുന്നു. പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നും 31 കാരനായ താരം പറഞ്ഞു. 2007ലാണ് മാര്‍സെലോ റയല്‍ മാഡ്രിഡില്‍ എത്തുന്നത്. 12വര്‍ഷത്തോളമായി മാര്‍സലോ ക്ലബ്ബില്‍ തുടരുന്നു. മുന്‍ കോച്ച് ഫ്രാന്‍സിന്റെ സിദാന്റെ കീഴില്‍ മാര്‍സെലോ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

തന്റെ കഴിവ് മുഴുവന്‍ പുറത്തെടുപ്പിച്ചത് സിദാനായിരുന്നുവെന്ന് മാര്‍സെലോ മുമ്പ് പറഞ്ഞിരുന്നു. മാര്‍സലോ യുവന്റസിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ക്രിസ്റ്റിയുടെ പിന്തുണയാണ് ഇതിന് പിന്നിലെന്നും മാര്‍സലോ ഇതില്‍ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാഡ്രിഡിന്റെ യൂത്ത് ക്ലബ്ബിലൂടെയാണ് മാര്‍സെലോ സീനിയര്‍ ടീമിലെത്തുന്നത്.

Next Story

RELATED STORIES

Share it