Football

യൂറോ; സെല്‍ഫ് ഗോളുകള്‍ തിരിച്ചടിയായി; പോര്‍ച്ചുഗലിനെ വീഴ്ത്തി ജര്‍മ്മനി

പോര്‍ച്ചുഗലാണ് മല്‍സരത്തില്‍ ലീഡെടുത്തത്. 15ാം മിനിറ്റില്‍ ഡീഗോ ജോട്ടയുടെ അസിസ്റ്റില്‍ നിന്ന് റൊണാള്‍ഡോയാണ് അവരുടെ ആദ്യ ഗോള്‍ നേടിയത്.

യൂറോ; സെല്‍ഫ് ഗോളുകള്‍ തിരിച്ചടിയായി; പോര്‍ച്ചുഗലിനെ വീഴ്ത്തി ജര്‍മ്മനി
X


മ്യൂണിക്ക്: മരണഗ്രൂപ്പില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ജര്‍മ്മന്‍ തിരിച്ചുവരവ്. ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ജര്‍മ്മനിയുടെ ജയം.രണ്ട് സെല്‍ഫ്‌ഗോളുകളാണ് പോര്‍ച്ചുഗലിന് തിരിച്ചടിയായത്. ഫ്രാന്‍സിനെതിരേ തോറ്റ ജര്‍മ്മന്‍ പട അല്ലായിരുന്നു ഇന്ന് മ്യുണിക്കില്‍ കളിച്ചത്. തകര്‍പ്പന്‍ ഫോമിലായിരുന്നു ജര്‍മ്മനി. പോര്‍ച്ചുഗലിനാവട്ടെ ഇന്ന് അവരുടെ തനത് പോരാട്ടം പുറത്തെടുക്കാനും കഴിഞ്ഞില്ല. സെല്‍ഫ് ഗോളുകള്‍ക്ക് പുറമെ ജര്‍മ്മനിയുടെ രണ്ട് ഗോളും പോര്‍ച്ചുഗല്‍ നിരയുടെ മോശം ഫോമില്‍ നിന്ന് പിറന്നവയായിരുന്നു.


പോര്‍ച്ചുഗലാണ് മല്‍സരത്തില്‍ ലീഡെടുത്തത്. 15ാം മിനിറ്റില്‍ ഡീഗോ ജോട്ടയുടെ അസിസ്റ്റില്‍ നിന്ന് റൊണാള്‍ഡോയാണ് അവരുടെ ആദ്യ ഗോള്‍ നേടിയത്. പോര്‍ച്ചുഗല്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ട ജര്‍മ്മനിക്ക് ആദ്യം തുണയായത് 35ാം മിനിറ്റിലാണ്. പോര്‍ച്ചുഗല്‍ താരം റൂബന്‍ ഡയസ്സിന്റെ സെല്‍ഫ് ഗോളാണ് ജര്‍മ്മനിക്ക് സമനില നല്‍കിയത്. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വീണ്ടും പോര്‍ച്ചുഗല്‍ അവരെ സഹായിച്ചു. ഗുരേരയുടെ സെല്‍ഫ് ഗോളാണ് ഇത്തവണ ജര്‍മ്മനിക്ക് ലീഡ് നല്‍കിയത്. ഇതോടെ പോര്‍ച്ചുഗലിന്റെ കൈയ്യില്‍ നിന്നു മല്‍സരം കൈവിട്ടിരുന്നു. കിട്ടിയ അവസരങ്ങള്‍ മുതലാക്കാനും പറങ്കിപ്പടയ്ക്ക് കഴിഞ്ഞില്ല.


രണ്ടാം പകുതിയില്‍ ചെല്‍സിയുടെ കായ് ഹാവര്‍ട്‌സിലൂടെ ജര്‍മ്മനി ടൂര്‍ണ്ണമെന്റിലെ അവരുടെ ആദ്യ ഗോള്‍ നേടി. ഗോസന്‍സിന്റെ പാസ്സില്‍ നിന്നായിരുന്നു ഈ ഗോള്‍. രണ്ട് ഗോളിന്റെ ലീഡുണ്ടായിട്ടും ജര്‍മ്മനി വീണ്ടു പോര്‍ച്ചുഗലിനെ നിരന്തരമായി സമ്മര്‍ദ്ധത്തിലാക്കി. 60ാം മിനിറ്റില്‍ കിമ്മിച്ചിന്റെ അസിസ്റ്റില്‍ മികച്ച ഹെഡറുമായി ഗോസന്‍സ് അവരുടെ ലീഡ് വര്‍ദ്ധിപ്പിച്ചു.


തുടര്‍ന്നാണ് പോര്‍ച്ചുഗല്‍ ടീം വീണ്ടും ഫോമിലുക്കയര്‍ന്നത്. റൊണാള്‍ഡോയുടെ അസിസ്റ്റില്‍ 67ാം മിനിറ്റില്‍ ഡിഗോ ജോട്ട അവരുടെ രണ്ടാം ഗോള്‍ നേടി. പിന്നീട് ചില അവസരങ്ങള്‍ പോര്‍ച്ചുഗല്‍ സൃഷ്ടിച്ചെങ്കിലും ജര്‍മ്മന്‍ നിര അത് സമ്മര്‍ഥമായി തടഞ്ഞു.


ഗ്രൂപ്പ് എഫില്‍ രണ്ടാം റൗണ്ട് മല്‍സരം പൂര്‍ത്തിയായിട്ടും ആരും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടില്ല. അവസാന റൗണ്ടില്‍ പോര്‍ച്ചുഗലിന്റെ എതിരാളി ഫ്രാന്‍സാണ്. ഒരു ജയവും ഒരു സമനിലയുമായി ഫ്രാന്‍സ് ഒന്നാം സ്ഥാനത്താണ്. ഒാരോ ജയം മാത്രമുള്ള ജര്‍മ്മനിയും പോര്‍ച്ചുഗലുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഒരു സമനില മാത്രമുള്ള ഹംഗറി നാലാം സ്ഥാനത്താണ്. ജര്‍മ്മനിയുടെ അവസാന മല്‍സരം ഹംഗറിക്കെതിരേയാണ്. പോര്‍ച്ചുഗലിന്റെ അവസാന മല്‍സരത്തിലെ എതിരാളി ഫ്രാന്‍സാണ്.




Next Story

RELATED STORIES

Share it