Football

യുവേഫ ചാംപ്യന്‍സ് ലീഗ്: കണക്കു തീര്‍ത്ത് യുനൈറ്റഡ്; റയലിനും സിറ്റിക്കും കൂറ്റന്‍ ജയം

യുവേഫ ചാംപ്യന്‍സ് ലീഗ്: കണക്കു തീര്‍ത്ത് യുനൈറ്റഡ്; റയലിനും സിറ്റിക്കും കൂറ്റന്‍ ജയം
X

ട്യൂറിന്‍/ ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസിനെതിരേ ഇംഗ്ലീഷ് പവര്‍ഹൗസായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ആവേശകരയമായ ഗ്രൂപ്പ് എച്ച് മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് യുനൈറ്റഡ് യുവന്റസിനെ തറപറ്റിച്ചത്.

ഇതോടെ നേരത്തേ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ യുവന്റസിനോടേറ്റ 0-1ന്റെ തോല്‍വിക്കു അവരുടെ കാണികള്‍ക്കു മുന്നിലിട്ട് കണക്കുതീര്‍ക്കാനും യുനൈറ്റഡിനു സാധിച്ചു. യുവന്റസിന് സീസണിലെ ആദ്യ പരാജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമ്മാനിച്ചത്. ഇതോടെ അവസാന പതിനാറിലേക്കുള്ള പ്രതീക്ഷകള്‍ യുണൈറ്റഡ് നിലനിര്‍ത്തി.

ഇറ്റലിയില്‍ നടന്ന യുനൈറ്റഡ്-യുവന്റസ് ക്ലാസിക്കില്‍ രണ്ടാംപകുതിയിലാണ് മൂന്നുഗോളുകളും പിറന്നത്. 65ാം മിനിറ്റില്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ യുവന്റസാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ യുനൈറ്റഡ് വിട്ടുകൊടുത്തില്ല. 86ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യുവാന്‍ മാറ്റയിലൂടെ യുനൈറ്റഡ് ഒപ്പമെത്തി. എണ്‍പത്തിയൊമ്പതാം മിനുട്ടില്‍ യങ്ങിന്റെ ഫ്രീ കിക്ക് യുവന്റസിന്റെ താരം അലക്‌സ് സാന്‍ഡ്രോയുടെ ദേഹത്തു തട്ടി ഗോളായതോടെയാണ് സീസണിലെ ആദ്യ പരാജയം യുവന്റസ് വഴങ്ങിയത്. മല്‍സരത്തില്‍ വിജയം നേടിയതോടെ നോക്കൗട്ട് സാധ്യതകള്‍ കൂടുതല്‍ സജീവമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായിട്ടുണ്ട്.

ലീഗിലെ മറ്റൊരു മല്‍സരത്തില്‍ പ്ലാസനെതിരേ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. പുതിയ പരിശീലകന്‍ സൊളാരിയുടെ കീഴില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ പ്രകടമാക്കുന്ന റയല്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് വിക്ടോറിയ പ്ലസനെ കീഴടക്കിയത്. മല്‍സരത്തില്‍ കരിം ബെന്‍സിമ രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോള്‍ രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയ ടോണി ക്രൂസും തിളങ്ങി. ബെയ്ല്‍, കസമീറോ എന്നിവര്‍ ഒരോ ഗോളുകള്‍ നേടിയപ്പോള്‍ പകരക്കാരനായിറങ്ങി ഒരു ഗോളിനു വഴിയൊരുക്കി ബ്രസീലിയന്‍ കൗമാരതാരം വിനീഷ്യസ് തന്റെ മികവ് മല്‍സരത്തില്‍ പ്രകടിപ്പിച്ചു. ലൊപടെയിക്കു കീഴില്‍ തകര്‍ന്നടിഞ്ഞിരുന്ന റയല്‍ സൊളാരി സ്ഥാനമേറ്റെടുത്തതിനു ശേഷം മൂന്നു മല്‍സരങ്ങളും വിജയിച്ചിരുന്നു.

പ്രീമിയര്‍ ലീഗിലെ ഫോം ചാംപ്യന്‍സ് ലീഗിലും തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത ആറു ഗോളിന് ഷക്തര്‍ ഡോണട്ട്‌സ്‌കിനെ തകര്‍ത്തു. 13ാം മിനിറ്റില്‍ ആരംഭിച്ച ഗോള്‍വേട്ട 92ാം മിനിറ്റിലും ആവര്‍ത്തിച്ചു. ഇതിനിടെ അടിച്ചുകൂട്ടിയത് ആറുഗോളുകള്‍(24,49,,72,84) രണ്ടു പെനാല്‍ട്ടി ഗോളുള്‍പ്പെടെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ ബ്രസീലിയന്‍ താരം ജീസസ് തിളങ്ങിയപ്പോള്‍ ഡേവിഡ് സില്‍വ, സ്‌റ്റെര്‍ലിങ്ങ്, മഹ്‌റസ് എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്. മല്‍സരത്തില്‍ മഹ്‌റസ് രണ്ട് അസിസ്റ്റുകളും സ്വന്തമാക്കി. വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനത്തു തുടര്‍ന്നു.


ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ വലന്‍സിയ 3-1ന് യങ് ബോയ്‌സിനെ തകര്‍ത്തുവിട്ടു. മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ഇയില്‍ ബയേണ്‍ മ്യൂണിക്ക് 2-0ന് എഇകെ ഏതന്‍സിനെയും ഗ്രൂപ്പ് ജിയില്‍ എഎസ് റോമ 2-1ന് സിഎസ്‌കെഎ മോസ്‌കോയെയും തോല്‍പ്പിച്ചു. ബെന്‍ഫിക്ക അയാക്‌സ് (1-1), ലിയോണ്‍ ഹോഫെന്‍ഹെയിം (2-2) മല്‍സരങ്ങള്‍ സമനിലയിലും കലാശിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it