Football

ട്രാന്‍സ്ഫര്‍ വിപണി അവസാനിച്ചു; യൂറോപ്പില്‍ ഇവര്‍ ഇനി ഇവര്‍ക്കുവേണ്ടി കളിക്കും

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ഈ സീസണിലെ ട്രാന്‍സഫര്‍ വിപണിക്ക് പൂട്ട് വീണത്.

ട്രാന്‍സ്ഫര്‍ വിപണി അവസാനിച്ചു; യൂറോപ്പില്‍ ഇവര്‍ ഇനി ഇവര്‍ക്കുവേണ്ടി കളിക്കും
X


ലണ്ടന്‍: യൂറോപ്പ്യന്‍ ഫുട്‌ബോളിലെ താരങ്ങള്‍ക്ക് വേണ്ടിയുള്ള വടം വലി അവസാനിച്ചു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ഈ സീസണിലെ ട്രാന്‍സഫര്‍ വിപണിക്ക് പൂട്ട് വീണത്. പതിവിന് വിപരീതമായി ഇക്കുറി വന്‍താര കൈമാറ്റങ്ങള്‍ക്ക് യൂറോപ്പ് സാക്ഷ്യം വഹിച്ചിട്ടില്ല. ചില ക്ലബ്ബുകള്‍ നേട്ടം കൊയ്തപ്പോള്‍ മറ്റ് ചിലര്‍ക്ക് ഈ വിപണി നഷ്ടമായിരുന്നു. ലയണല്‍ മെസ്സി ക്ലബ്ബ് വിടുമെന്ന വാര്‍ത്തയോടെയാണ് യൂറോപ്പില്‍ ട്രാന്‍സ്ഫര്‍ വിപണിക്ക് തുടക്കമിട്ടത്. എന്നാല്‍ വിവാദങ്ങള്‍ക്കൊടുവില്‍ താരം ക്ലബ്ബില്‍ തുടരുകയായിരുന്നു. ഇക്കുറി നേട്ടമുണ്ടാക്കിയ ക്ലബ്ബുകള്‍ ചെല്‍സിയും എവര്‍ട്ടണും യുവന്റസുമാണ്. ബയേണ്‍ ലെവര്‍കൂസന്‍ താരം കായ് ഹെവര്‍ട്ടസണ്‍ ചെല്‍സിക്കായി എത്തിയതാണ് വിപണിയിലെ ആദ്യ സൈനിങ്. കൂടാതെ ടിമോ വെര്‍ണര്‍, ഹക്കിം സിയെച്ച് , തിയാഗോ സില്‍വ എന്നിവരെയും ചെല്‍സി സ്വന്തമാക്കി.


കൂടാതെ റയല്‍ മാഡ്രിഡ് താരം ജെയിംസ് റൊഡ്രിഗസ് എവര്‍ട്ടണിന് വേണ്ടിയും കരാര്‍ ഒപ്പുവെച്ചു. നഥാന്‍ അക്കെ , ഫെരാന്‍ ടോറസ് എന്നിവരെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ടീമിലെത്തിച്ചത്. സീസണില്‍ മോശം പ്രകടനം തുടരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിരവധി താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. പിഎസ്ജി താരം എഡിസണ്‍ കവാനിയെ യുനൈറ്റഡ് ടീമിലെത്തിച്ചത് അവസാന നിമിഷമാണ്. താരനിബിഡമായ പിഎസ്ജിയില്‍ അവസരം കുറഞ്ഞതോടെയാണ് താരം പിഎസ്ജി വിട്ടത്. ഡോണി വാന്‍ ഡെ ബീക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കും.



ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റയെ യുവന്റസില്‍ നിന്ന് ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കി. ഒരു വര്‍ഷത്തെ ലോണിലാണ് താരം ജര്‍മ്മനിയിലേക്ക് പറക്കുന്നത്. പ്രായമേറിയ പല താരങ്ങളെയും കൈമാറി യുവനിരയെയാണ് യുവന്റസ് ഇത്തവണ ഇറക്കുന്നത്. ബാഴ്‌സലോണയ്ക്കാണ് ഇത്തവണ വിപണി നഷ്ടമായത്. ലൂയിസ് സുവാരസ് ക്ലബ്ബ് വിട്ട് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയിരുന്നു. താരത്തിന് പകരം ഒരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാന്‍ ബാഴ്‌സയ്ക്കായിട്ടില്ല. ടീമിലെത്തിക്കാന്‍ തീരുമാനിച്ച താരങ്ങള്‍ക്ക് അവരുടെ ക്ലബ്ബ് ആവശ്യപ്പെട്ട തുക നല്‍കാന്‍ കഴിയാത്തതാണ് ബാഴ്‌സയുടെ പരാജയം. എറിക് ഗാര്‍സി, ഡിപായ് എന്നിവരെ ടീമിലെത്തിക്കാന്‍ ബാഴ്‌സ ശ്രമിച്ചിരുന്നു. ഡോര്‍ട്ടമുണ്ട് താരം സാഞ്ചോ യുനൈറ്റഡിലെത്തുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ താരത്തെ വില്‍ക്കുന്നില്ലെന്ന് ജര്‍മ്മന്‍ ക്ലബ്ബ് പിന്നീട് അറിയിക്കുകയായിരുന്നു. ബാഴ്‌സയുടെ ഡെംബലെയും യുനൈറ്റഡ് ലക്ഷ്യം വച്ചിരുന്നു. മറ്റൊരു താരമായ റഫീനയെ ബാഴ്‌സ പിഎസ്ജിക്ക് നല്‍കി. ഒരു താരത്തിനെയും വാങ്ങാത്ത ക്ലബ്ബ് റയല്‍ മാഡ്രിഡാണ്.






Next Story

RELATED STORIES

Share it