Football

'കലൂര്‍ സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റി സര്‍ട്ടിഫിക്കറ്റ് ഫിഫക്ക് നല്‍കാന്‍ വൈകിയത് തിരിച്ചടിയായി'- മന്ത്രി വി അബ്ദുറഹിമാന്‍

അര്‍ജന്റീന നവംബറില്‍ കേരളത്തിലേക്കില്ലെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതികരണവുമായി കായിക മന്ത്രി

കലൂര്‍ സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റി സര്‍ട്ടിഫിക്കറ്റ് ഫിഫക്ക് നല്‍കാന്‍ വൈകിയത് തിരിച്ചടിയായി-  മന്ത്രി വി അബ്ദുറഹിമാന്‍
X

കൊച്ചി: മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാന്‍ നല്ല രീതിയില്‍ ശ്രമിച്ചെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. നവംബറില്‍ ടീമിനെയെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്തു വില കൊടുത്തും മല്‍സരം ഈ നവംബറില്‍ തന്നെ, അല്ലെങ്കില്‍ അടുത്ത വിന്‍ഡോയില്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി. ചെറിയ കടമ്പയാണ് ഇപ്പോള്‍ മുന്നിലുള്ളത്, അത് കടന്നു മുന്നോട്ടു പോകും. മെസിയും സംഘവും കേരളത്തിലല്‍ വരുമെന്നാണ് പ്രതീക്ഷ -മന്ത്രി പറഞ്ഞു.

സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതാണ് അര്‍ജന്റീന ടീം വരുന്നതിന് തടസ്സമുണ്ടായത്. സ്റ്റേഡിയം നവീകരണം നടന്നുകൊണ്ടിരിക്കുകയാണ്. മെസിയെ മാത്രം കൊണ്ടുവന്ന് റോഡ് ഷോ നടത്താനല്ല പരിശ്രമിക്കുന്നത്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സ്‌പോണ്‍സര്‍ സ്റ്റേഡിയം നവീകരിക്കുന്നതെന്നും വി അബ്ദുറഹിമാന്‍ പറഞ്ഞു. വേദിയായ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിയിലെ സര്‍ട്ടിഫിക്കറ്റ് ഫിഫക്ക് നല്‍കേണ്ടിയിരുന്നു. എന്നാല്‍, അത് നല്‍കാന്‍ വൈകിയത് അംഗീകാരത്തിന് തിരിച്ചടിയായി. കഴിഞ്ഞ ദിവസം അത് നല്‍കിയെന്നും നവംബറില്‍ തന്നെ ടീമിനെ കേരളത്തിലെത്തിക്കാനാണ് ശ്രമമെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.

മല്‍സരം നടക്കുമെന്നുള്ളത് നമ്മള്‍ തീരുമാനിച്ച കാര്യമാണെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീന ടീം അധികൃതര്‍ കേരളത്തിലെത്തി സൗകര്യങ്ങള്‍ പരിശോധിച്ച് മടങ്ങിയതാണ്. എന്നാല്‍ ഇവിടെ നിന്ന് മല്‍സരത്തിനെതിരേ നിരവധി മെയിലുകള്‍ അങ്ങോട്ടയച്ചെന്നും വരവു മുടക്കാന്‍ ശ്രമിച്ചെന്നും മന്ത്രി ആരോപിച്ചു. കേരളത്തില്‍ ആഗ്രഹിച്ചതുപൊലെ മല്‍സരം നടക്കാനാണ് ശ്രമിക്കുന്നത്. രണ്ടു ദിവസം കൂടെ സമയം വേണമെന്ന് മന്ത്രി പറഞ്ഞു.

സാമൂഹിക മാധ്യമത്തില്‍ വെള്ളിയാഴ്ച രാത്രി പങ്കുവെച്ച അറിയിപ്പിലൂടെയാണ് അര്‍ജന്റീന നവംബറില്‍ കേരളത്തിലേക്കില്ലെന്ന് വ്യക്തമായത്. നവംബര്‍ 14ന് അംഗോളയില്‍ മാത്രമാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം മല്‍സരമുള്ളത്. അതിനു മുമ്പും ശേഷവുമായി സ്‌പെയിനില്‍ പരിശീലനം നടത്തും. അര്‍ജന്റീനയുടെ കേരളത്തിലേക്കുള്ള പര്യടനം നവംബറില്‍ നടക്കില്ലെന്ന് ഉറപ്പായതോടെ മല്‍സരം മാറ്റിവെച്ചതായി സ്‌പോണ്‍സര്‍മാരായ റിപോര്‍ട്ടര്‍ ടിവി ബ്രോഡ്കാസ്റ്റിങ് മേധാവി ആന്റോ അഗസ്റ്റിന്‍ സ്ഥിരീകരിച്ചു. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ എഎഫ്എയുമായുള്ള ചര്‍ച്ചയില്‍ ധാരണയായെന്നും, അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നുള്ള പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it