Football

റയാന്‍ വില്യംസിന് ഇന്ത്യക്കായി കളിക്കാം; ഫിഫയുടെ അനുമതി ലഭിച്ചു

റയാന്‍ വില്യംസിന് ഇന്ത്യക്കായി കളിക്കാം; ഫിഫയുടെ അനുമതി ലഭിച്ചു
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് റയാന്‍ വില്യംസിന് ഫിഫയുടെ പ്ലെയേഴ്സ് സ്റ്റാറ്റസ് ചേംബര്‍ ഔദ്യോഗികമായി അനുമതി നല്‍കി. 2025 നവംബര്‍ 19ന് എടുത്ത ഈ തീരുമാനത്തോടെ എല്ലാ അന്താരാഷ്ട്ര മല്‍സരങ്ങളിലും ഇന്ത്യക്കായി കളിക്കാന്‍ വില്യംസിന് സാധിക്കും. ഫുട്‌ബോള്‍ ഓസ്ട്രേലിയയില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍ഒസി) ലഭിക്കുകയും ഫിഫക്ക് നല്‍കേണ്ട അസോസിയേഷന്‍ മാറ്റത്തിനായുള്ള അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതോടെ വില്യംസ് യോഗ്യതാ മാനദണ്ഡങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. ഇതോടെ ഔദ്യോഗികമായി ഇന്ത്യന്‍ ദേശിയ ടീമിന്റെ ജേഴ്‌സിയണിയാന്‍ വില്യംസിനാകും.

കഴിഞ്ഞ മാസമാണ് ആസ്‌ട്രേലിയന്‍ പൗരത്വം വെടിഞ്ഞ് റയാന്‍ വില്യംസ് ഇന്ത്യന്‍ പൗരത്വം എടുത്തത്. തുടര്‍ന്ന് ബംഗ്ലാദേശുമായുള്ള അവസാന ഏഷ്യന്‍ കപ്പ് യോഗ്യത മല്‍സരത്തിനായുള്ള ഖാലിദ് ജമീലിന്റെ ഇന്ത്യന്‍ സംഘത്തില്‍ ഇടം പിടിച്ചിരുന്നെങ്കിലും ഫിഫയുടെ സമ്മതം ലഭിക്കാത്തതിനാല്‍ അരങ്ങേറാന്‍ സാധിച്ചില്ല. താരത്തിന് എന്‍ഓസി നേരത്തെ ലഭിച്ചിരുന്നെങ്കിലും ആസ്‌ട്രേലിയന്‍ അസോസിയേഷനില്‍ നിന്ന് മാറി ഇന്ത്യയിലേക്ക് ചേരാനുള്ള അവസാന അപേക്ഷ ഫിഫ ഇന്നാണ് അംഗീകരിച്ചത്. മാര്‍ച്ചില്‍ വരാനിരിക്കുന്ന അടുത്ത ഇന്റര്‍നാഷണല്‍ വിന്‍ഡോയിലാകും റയാന്‍ വില്യംസ് ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കുക. ഭൂട്ടാന്‍ ദേശീയ ടീമുമായി അനൗദ്യോഗികമായി നടത്തിയ സൗഹൃദ മല്‍സരത്തില്‍ റയാന്‍ വില്യംസ് തന്റെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ഇന്ത്യ ജയിച്ച മല്‍സരത്തില്‍ ഒരു ഗോളും താരം നേടിയിരുന്നു.

ഇന്ത്യന്‍ വംശജനായ ഓസ്ട്രേലിയന്‍ പ്ലെയറായ വില്യംസ് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ യോഗ്യനാകുന്നതിനായി തന്റെ ഓസ്ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ചിരുന്നു. ഈ അംഗീകാരം ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു പ്രധാന നാഴികക്കല്ലാണ്. ഔദ്യോഗികമായി ക്ലിയറന്‍സ് ലഭിച്ചതോടെ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ വില്യംസിന് ഇന്ത്യന്‍ ജഴ്‌സിയണിയാം.

Next Story

RELATED STORIES

Share it