Football

എംബാപ്പെയെ അല്‍ ഹിലാലിന് നല്‍കാന്‍ പിഎസ്ജിക്ക് സമ്മതം; താരവുമായി ചര്‍ച്ച നടത്താന്‍ തീരുമാനം

ഒരു സീസണിനു വേണ്ടിയാണെങ്കിലും എംബപെയുമായി കരാര്‍ ഒപ്പിടാം എന്നാണ് സൗദി ക്ലബ്ബിന്റെ നിലപാട്.

എംബാപ്പെയെ അല്‍ ഹിലാലിന് നല്‍കാന്‍ പിഎസ്ജിക്ക് സമ്മതം; താരവുമായി ചര്‍ച്ച നടത്താന്‍ തീരുമാനം
X

പാരിസ്: സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ സൗദി ക്ലബ്ബ് അല്‍ ഹിലാലിന് നല്‍കാന്‍ പിഎസ്ജിക്ക് സമ്മതം. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ഇടഞ്ഞു നില്‍ക്കുന്ന സ്‌ട്രൈക്കര്‍ കിലിയന്‍ എംബപെയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ പ്രൊ ലീഗ് ക്ലബ് അല്‍ ഹിലാല്‍ പ്രതിവര്‍ഷം 70 കോടി യൂറോ (ഏകദേശം 6346 കോടി രൂപ) വാര്‍ഷിക പ്രതിഫലം ഓഫര്‍ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ 30 കോടി യൂറോ (ഏകദേശം 2700 കോടി രൂപ) ട്രാന്‍സ്ഫര്‍ ഫീ പിഎസ്ജിക്കും നല്‍കും. ഹിലാലിന്റെ ഓഫര്‍ സ്വീകരിച്ച പിഎസ്ജി എംബപ്പെയോട് നേരിട്ടു ചര്‍ച്ച നടത്താന്‍ അവരോടു നിര്‍ദേശിച്ചു. ഒരു സീസണിനു വേണ്ടിയാണെങ്കിലും എംബപെയുമായി കരാര്‍ ഒപ്പിടാം എന്നാണ് സൗദി ക്ലബ്ബിന്റെ നിലപാട്.

അടുത്ത വര്‍ഷം കരാര്‍ കാലാവധി തീര്‍ന്നാലുടന്‍ താന്‍ ക്ലബ് വിടും എന്ന് എംബപെ പറഞ്ഞത് പിഎസ്ജിയെ ചൊടിപ്പിച്ച പശ്ചാത്തലത്തിലാണ് ഹിലാലിന്റെ വാഗ്ദാനം. പോവുകയാണെങ്കില്‍ ഈ സീസണില്‍ തന്നെ പോവുക അല്ലെങ്കില്‍ പുതിയ കരാര്‍ ഒപ്പു വയ്ക്കുക എന്നാണ് പിഎസ്ജി എംബപെയോടു പറഞ്ഞത്. കരാര്‍ കാലാവധി തീര്‍ന്നതിനു ശേഷം ഫ്രീ എജന്റായി പോവുകയാണെങ്കില്‍ വന്‍തുക ട്രാന്‍സ്ഫര്‍ ഫീ ക്ലബ്ബിനു കിട്ടില്ല എന്നതാണ് കാരണം. എംബപെ ഇല്ലാതെ പിഎസ്ജി ടീം പ്രീ സീസണ്‍ പര്യടനത്തിനു പോയതോടെ ഭിന്നിപ്പ് പരസ്യമായി.

അടുത്ത വര്‍ഷം കരാര്‍ കാലാവധി തീര്‍ന്നശേഷം താന്‍ വരാം എന്ന് എംബപെ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡുമായി ധാരണയിലെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിഎസ്ജി നയം വ്യക്തമാക്കിയതോടെ ഈ സീസണില്‍ തന്നെ എംബപെയെ സ്വന്തമാക്കുന്നതിനെക്കുറിച്ച് റയല്‍ നിലപാട് പറഞ്ഞിട്ടില്ല. ഇതോടെയാണ് മോഹിപ്പിക്കുന്ന വാഗ്ദാനവുമായി സൗദി ക്ലബ് ഹിലാല്‍ രംഗത്തെത്തിയത്.

ഹിലാലിന്റെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ എംബപെ ക്ലബ് ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ താരമാകും. 2017ല്‍ ബ്രസീലിയന്‍ താരം നെയ്മറെ സ്പാനിഷ് ക്ലബ് ബാര്‍സിലോണയില്‍ നിന്ന് പിഎസ്ജി 22.2 കോടി യൂറോയ്ക്ക് (അന്നത്തെ ഏകദേശം 1675.75 കോടി രൂപ) സ്വന്തമാക്കിയതാണ് നിലവിലെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ്. എംബപെ ഹിലാലില്‍ എത്തുകയാണങ്കില്‍ സൗദി പ്രൊ ലീഗില്‍ അല്‍ നസ്ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അല്‍ ഇത്തിഹാദ് താരം കരിം ബെന്‍സേമ തുടങ്ങിയവരുമായുള്ള ഗോളടിപ്പോരിനും കളമൊരുങ്ങും.


Next Story

RELATED STORIES

Share it