Football

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാംപില്‍ നിന്ന് മലയാളി താരങ്ങളായ എം എസ് ജിതിനും വിബിന്‍ മോഹനും പുറത്ത്, ഛേത്രിയടക്കം മൂന്നുപേര്‍ ക്യാംപില്‍ തിരിച്ചെത്തി

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാംപില്‍ നിന്ന് മലയാളി താരങ്ങളായ എം എസ് ജിതിനും വിബിന്‍ മോഹനും പുറത്ത്, ഛേത്രിയടക്കം മൂന്നുപേര്‍ ക്യാംപില്‍ തിരിച്ചെത്തി
X

ന്യൂഡല്‍ഹി: എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായി ഒരുങ്ങുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലന ക്യാംപില്‍ നിന്ന് അഞ്ച് കളിക്കാരെ മുഖ്യ പരിശീലകന്‍ ഖാലിദ് ജമീല്‍ ഒഴിവാക്കി. ഇതില്‍ എം എസ് ജിതിന്‍, വിബിന്‍ മോഹന്‍ എന്നീ മലയാളി താരങ്ങളും ഉള്‍പ്പെടുന്നു. ജിതിന്‍ ഫോര്‍വേഡും വിബിന്‍ മോഹന്‍ മിഡ്ഫീല്‍ഡറുമാണ്. ഡിഫന്‍ഡര്‍ അഷീര്‍ അക്തര്‍, ഫോര്‍വേഡ് മന്‍വീര്‍ സിങ് (ജൂനിയര്‍), വിങ്ങര്‍ മുഹമ്മദ് ഐമന്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റു മൂന്നു പേര്‍.

ഇതിഹാസ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയും അദ്ദേഹത്തിന്റെ ബെംഗളൂരു എഫ്സിയിലെ സഹതാരങ്ങളായ രാഹുല്‍ ഭേക്കെ, റോഷന്‍ സിങ് നവോറം എന്നിവരും ബെംഗളൂരുവില്‍ നടക്കുന്ന പരിശീലന ക്യാംപില്‍ ചേര്‍ന്നതിനു തൊട്ടടുത്ത ദിവസമാണ് ഈ പുറത്താക്കല്‍. വിരമിക്കല്‍ പിന്‍വലിച്ചെത്തിയ ഛേത്രി അടക്കം പുതിയ മൂന്നു പേര്‍ കൂടിയാകുമ്പോള്‍ 28 പേരാണ് ക്യാംപിലുള്ളത്.

30 പേരെയാണ് ക്യാംപിലേക്ക് ജമീല്‍ ആദ്യം തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍, ഛേത്രി ഉള്‍പ്പെടെ 14 കളിക്കാരെ വിട്ടുനല്‍കാന്‍ മൂന്ന് ക്ലബ്ബുകള്‍ വിസമ്മതിച്ചിരുന്നു. ബെംഗളൂരു എഫ്സിയില്‍ നിന്ന് ഏഴ് കളിക്കാരെയും ഈസ്റ്റ് ബംഗാളില്‍ നിന്ന് മൂന്ന് പേരെയും പഞ്ചാബ് എഫ്.സി.യില്‍ നിന്ന് നാല് പേരെയും ആദ്യം വിട്ടുനല്‍കിയിരുന്നില്ല. ഈ മാസം അവസാനത്തോടെ കളിക്കാരെ വിട്ടയക്കുമെന്ന് ക്ലബ്ബുകള്‍ അറിയിച്ചിരുന്നു.




Next Story

RELATED STORIES

Share it